'മാണിക്യമാകാൻ വേണ്ടി കളരി അഭ്യസിച്ചു'; ഒരു നടിയെന്ന നിലയിൽ തന്നെ രൂപപ്പെടുത്തിയതിൽ തിയറ്ററിന് ഒരുപാട് പങ്കുണ്ടെന്ന് സുരഭി ലക്ഷ്മി

'മാണിക്യമാകാൻ വേണ്ടി കളരി അഭ്യസിച്ചു'; ഒരു നടിയെന്ന നിലയിൽ തന്നെ രൂപപ്പെടുത്തിയതിൽ തിയറ്ററിന് ഒരുപാട് പങ്കുണ്ടെന്ന് സുരഭി ലക്ഷ്മി
Published on

ARM ലെ മാണിക്യം എന്ന കഥാപാത്രമാകാൻ വേണ്ടി കളരളി അഭ്യസിച്ചിരുന്നു എന്ന് നടി സുരഭി ലക്ഷ്മി. മാണിക്യത്തിനെ അവതരിപ്പിക്കാൻ തിയറ്റർ ഒരുപാട് സഹായിച്ചിരുന്നു എന്നും ടൊവിനോയിൽ നിന്ന് വലിയ തരത്തിലുള്ള പിന്തുണ തനിക്ക് ലഭിച്ചിരുന്നു എന്നും സുരഭി പറയുന്നു. ജിതിൻ ലാൽ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമായിരുന്നു അജയന്റെ രണ്ടാം മോഷണം. ചിത്രത്തിൽ കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിച്ചത്. അതിൽ മണിയന്റെ ഭാര്യ മാണിക്യം എന്ന കഥാപാത്രമായാണ് സുരഭി ലക്ഷ്മി എത്തിയത്. ഏറെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നു മാണിക്യം. കളരി മുറകളൊന്നും സിനിമയിൽ ചെയ്യുന്നില്ലെങ്കിലും നോട്ടത്തിലുള്ള തീക്ഷ്ണതയും മറ്റും കൃത്യമായി ചെയ്യാൻ കളരിയുടെ തയ്യാറെടുപ്പുകൾ സഹായിച്ചിരുന്നു എന്നും മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ സുരഭി ലക്ഷ്മി പറഞ്ഞു

സുരഭി ലക്ഷ്മി പറഞ്ഞത്:

ഈ ജോഡിയേക്കുറിച്ചുള്ള കൃത്യമായ ധാരണ ജിതിനും സുജിത്തേട്ടനും ഉണ്ടായിരുന്നു. സുരഭി എന്ന നടിയിൽ അവർക്ക് നല്ല ധൈര്യമുണ്ടായിരുന്നു. അത് കാത്തുസൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. മാണിക്യം എന്ന കഥാപാത്രം എനിക്ക് കിട്ടിയതിൽ ടൊവിനോ തോമസ് എന്ന നടനോടും വലിയ നന്ദിയുണ്ട്. വലിയ പിന്തുണയാണ് അദ്ദേഹത്തിൽനിന്ന് ലഭിച്ചത്. മാണിക്യമാവാൻ എനിക്ക് പറ്റും എന്ന് ടൊവിനോയ്ക്കും ആത്മവിശ്വാസമുണ്ടായിരുന്നു. പേരിൽത്തന്നെ മാണിക്യമുള്ള കഥാപാത്രമാണിത്. മാണിക്യത്തെ പഠിക്കുന്നതിനു മുൻപ് ആദ്യം മണിയനെ പഠിക്കണം. മണിയൻ അത്ര ചില്ലറക്കാരനല്ല. മാണിക്യത്തിന് എന്തെങ്കിലും സംഭവിക്കുന്നത് മണിയൻ സഹിക്കില്ല. ഇവർ നിസാരക്കാരിയല്ല. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ കളരി പഠിച്ചു. ഒരു നടി എന്ന നിലയിൽ എന്നെ രൂപപ്പെടുത്തുന്നതിൽ തിയറ്ററിന് ഒരുപാട് പങ്കുണ്ട്. മാണിക്യം എന്ന കഥാപാത്രം വന്നപ്പോൾ തിയറ്റർ എന്നെ ഒരുപാട് സഹായിച്ചു. ഒരു കഥാപാത്രത്തെ എങ്ങനെ സമീപിക്കണം, അവരുടെ മാനസികതലത്തിലൂടെ എങ്ങനെ സഞ്ചരിക്കണം എന്നീ കാര്യങ്ങളിലെല്ലാം എപ്പോഴും സഹായിക്കുന്നത് തിയേറ്റർ തന്നെയാണ്. കളരി മുറകളൊന്നും സിനിമയിൽ ചെയ്യുന്നില്ലെങ്കിലും നോട്ടത്തിലുള്ള തീക്ഷ്ണതയും മറ്റും കൃത്യമായി ചെയ്യാൻ ഈ തയ്യാറെടുപ്പുകൾ സഹായിച്ചു. ടൊവിനോയും ഒരു പരീശീലകന്റെ കീഴിൽ അഭ്യസിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in