'സിനിമയിലേക്ക് തിരിച്ച് വന്നാല്‍ അത് മാരി സെല്‍വരാജ് ചിത്രത്തിലൂടെ' ; മൂന്ന് വര്‍ഷത്തേക്ക് സിനിമ ചെയ്യില്ലെന്ന് ഉദയനിധി സ്റ്റാലിന്‍

'സിനിമയിലേക്ക് തിരിച്ച് വന്നാല്‍ അത് മാരി സെല്‍വരാജ് ചിത്രത്തിലൂടെ' ; മൂന്ന് വര്‍ഷത്തേക്ക് സിനിമ ചെയ്യില്ലെന്ന് ഉദയനിധി സ്റ്റാലിന്‍
Published on

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്‍' തന്റെ അവസാന ചിത്രമായിരിക്കുമെന്ന് ഉദയനിധി സ്റ്റാലിന്‍ നേരത്തെ അറിയിച്ചിരുന്നു. വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ സിനിമയിലേക്ക് തിരിച്ചുവരും എന്ന സൂചന നല്‍കുകയാണ് താരം.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് തനിക്ക് സിനിമ ചെയ്യാന്‍ പ്ലാന്‍ ഇല്ലെന്നും ഒരുപക്ഷെ സിനിമയിലേക്ക് തിരിച്ചു വന്നാലും അതൊരു മാരി സെല്‍വരാജ് ചിത്രത്തിലൂടെ ആയിരിക്കുമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. മാമന്നനാണ് തന്റെ അവസാന ചിത്രമെന്ന് താന്‍ എല്ലാവരെയും അറിയിച്ചിരുന്നു അങ്ങനെയാണ് എല്ലാ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഡേറ്റ് കിട്ടിയതെന്നും ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ഉദയനിധി പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് പൂര്‍ണ്ണമായി ഇറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് അഭിനയം നിര്‍ത്തുന്നതായി നേരത്തെ ഉദയനിധി സ്റ്റാലിന്‍ അറിയിച്ചിരുന്നത്. കമല്‍ ഹാസന്‍ സാറിന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് വേണ്ടി ഒരു സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ ഇരുന്നതാണ് എന്നാല്‍ മന്ത്രി പദവി ലഭിച്ചതിനു ശേഷവും ഞാന്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്നാല്‍ ശരിയാവില്ലെന്നും ഉദയനിധി പറഞ്ഞു. നിറയെ ജോലികളുണ്ട്, നിറയെ ഉത്തരവാദിത്തങ്ങളുണ്ട് അതിന്റെ ഇടയില്‍ കഷ്ട്ടപെട്ടാണ് മാമന്നന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയതും ഈ ഓഡിയോ ലോഞ്ചില്‍ വന്നതും. അതുകൊണ്ട് തന്നെ ഇത് എന്റെ അവസാന ചിത്രമാകുമെന്നും ഉദയനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

വടിവേലു സാറിന് ഈ സിനിമ ചെയ്യാന്‍ സമ്മതമല്ലെങ്കില്‍ മറ്റൊരു ചിത്രം ചെയ്യാമെന്നായിരുന്നു മാരി സെല്‍വരാജും താനും തീരുമാനിച്ചിരുന്നത്. ചിത്രത്തില്‍ വടിവേലു അണ്ണന്റെ ഒരു 10 മിനിറ്റ് സീക്വന്‍സ് കണ്ടു സ്തംഭിച്ചുപോയി. ഉടന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചെന്നും ഉദയനിധി പറഞ്ഞു. ഒരു മാരി സെല്‍വരാജ് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാം ഈ ചിത്രത്തില്‍ ഉണ്ടാകുമെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.

'വിക്രം' എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഫഹദ് വില്ലനായാണ് എത്തുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ മുന്‍പുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എ.ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്. മാരി സെല്‍വരാജിന്റെ 'പരിയേറും പെരുമാളും', 'കര്‍ണ്ണനും' എഡിറ്റ് ചെയ്തിട്ടുള്ള സെല്‍വയാണ് 'മാമന്നന്റെ'യും എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. കലാസംവിധാനം ദിലീപ് സുബ്ബരയ്യയും കൈകാര്യം ചെയ്യുന്നു. ഉദയനിധി സ്റ്റാലിന്റെ കീഴിലുള്ള റെഡ് ജയന്റ് മൂവി ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം ജൂണ്‍ 29ന് തിയറ്ററിലെത്തും

Related Stories

No stories found.
logo
The Cue
www.thecue.in