ദീപികയ്ക്ക് വന്‍ നഷ്ടം, ഹൃത്വിക് ലാഭത്തില്‍; താരങ്ങള്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഹിറ്റ് ആയോ?

ദീപികയ്ക്ക് വന്‍ നഷ്ടം, ഹൃത്വിക് ലാഭത്തില്‍; താരങ്ങള്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഹിറ്റ് ആയോ?
Published on

താരമൂല്യം പ്രയോജനപ്പെടുത്തി സെലിബ്രിറ്റികള്‍ കമ്പനികള്‍ തുടങ്ങുന്നതും അത് വിജയമാകുന്നതും വര്‍ഷങ്ങളായി ബോളിവുഡില്‍ സംഭവിക്കുന്നതാണ്. ഫാഷന്‍, സൗന്ദര്യം, ഫിറ്റ്‌നസ്, ജീവിതശൈലി തുടങ്ങിയവയില്‍ ഒട്ടേറെ സെലിബ്രിറ്റി ബ്രാന്‍ഡുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ചിലത് വിജയമായപ്പോള്‍, മറ്റു ബ്രാന്‍ഡുകള്‍ ലാഭം നേടാന്‍ പാടുപെടുന്ന സ്ഥിതിയാണ് ഉണ്ടായത്. താരങ്ങള്‍ ഉടമസ്ഥരായ കമ്പനികളുടെ ലാഭനഷ്ട വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സ്റ്റോറി ബോര്‍ഡ് 18. ഹൃത്വിക് റോഷന്റെ നേതൃത്വത്തിലുള്ള HRX എന്ന കമ്പനിയാണ് ഈ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും ലാഭകരമായി മുന്നോട്ടു പോകുന്ന ഫിറ്റ്‌നസ് ബ്രാന്‍ഡ്. 1000 കോടി രൂപയുടെ വരുമാനം എന്ന നാഴികകല്ലാണ് കമ്പനി ഈ വര്‍ഷം മറികടന്നത്.

ഫിറ്റ്‌നസ്, ലൈഫ് സ്‌റ്റൈല്‍ എന്നിവയെ മുന്‍നിര്‍ത്തി 2013ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബ്രാന്‍ഡിന് വലിയ വളര്‍ച്ചയാണ് പിന്നീടുണ്ടായത്. ഫിറ്റ്‌നസ് ഐക്കണായ ഹൃത്വിക് റോഷന്റെ മുഖവും കമ്പനിയ്ക്ക് വലിയ ഗുണം ചെയ്തിട്ടുണ്ട്. ഫിറ്റ്‌നസ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ കൂടാതെ ഷൂ, സണ്‍ ഗ്ലാസ് പോലെയുള്ള ഉല്പന്നങ്ങളുമാണ് ബ്രാന്‍ഡ് പുറത്തിറക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് ബ്രാന്‍ഡായ മിന്ത്രയോടൊപ്പമുള്ള പങ്കാളിത്വവും കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചു. കത്രീന കെയ്ഫിന്റെ ഫാഷന്‍ ബ്രാന്‍ഡായ 'കെയ് ബ്യൂട്ടിയും' സമാനമായ രീതിയില്‍ മികച്ച ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നൈക്കിയുമായി സഹകരിച്ച് ആരംഭിച്ച ബ്രാന്‍ഡിന് നിലവില്‍ 15 ലക്ഷത്തോളം ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.

വിപണിയില്‍ 62 ശതമാനത്തോളം വളര്‍ച്ചയാണ് ബ്രാന്‍ഡിനുണ്ടായത്. ഫാഷന്‍ മേഖലയില്‍ കത്രീന കെയ്ഫിനുള്ള സ്വാധീനവും കമ്പനിയെ വലിയ തോതില്‍ സ്വീകാര്യമാക്കി. എന്നാല്‍ ദീപിക പദുക്കോണിന്റെ ബ്രാന്‍ഡായ 82°E സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ EBITDA തലത്തില്‍ 25.1 കോടി രൂപയുടെ ഗണ്യമായ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് സെലിബ്രിറ്റികളുടെ നേതൃത്വത്തിലുള്ള ബ്രാന്‍ഡുകള്‍ നേരിടുന്ന വെല്ലുവിളികളും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നുണ്ട്. വിരാട് കോഹ്ലിയുടെ WROGN എന്ന ബ്രാന്‍ഡ് വരുമാനത്തില്‍ 29% ഇടിവാണ് രേഖപ്പെടുത്തിയത്. ഷാഹിദ് കപൂറിന്റെ 'സ്‌കള്‍ട്ടും' അനുഷ്‌ക ശര്‍മ്മയുടെ 'നുഷും' കുറഞ്ഞ വരുമാനത്തിലാണുള്ളത്. സോനം കപൂറിന്റെ 'Rheson' എന്ന ബ്രാന്‍ഡ് പോലും വലിയ പ്രതിസന്ധിയാണ് വിപണിയില്‍ നേരിടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in