ഹൃദയം എന്ന ചിത്രം പ്രണവ് മോഹന്‍ലാലിന്റെ സോളോ ഹിറ്റാണെന്ന് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം. ഹൃദയത്തില്‍ പ്രണവ് എന്ന നടനെ പൂര്‍ണ്ണമായും ഉപയോഗിച്ചിട്ടുണ്ട്. ഇത് പ്രണവ് വളരെ എളുപ്പത്തില്‍ ചെയ്ത ഒരു സിനിമയല്ല. ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് വ്യത്യാസവും പ്രണവില്‍ വന്നിട്ടുണ്ട്. അതുകൊണ്ട് ഈ വിജയം പ്രണവിന് അവകാശപ്പെട്ടതാണെന്നാണ് വിശാഖ് ദ ക്യുവിനോട് പറഞ്ഞത്.
വിശാഖിന്റെ വാക്കുകള്‍:
ഹൃദയം പ്രണവിന്റെ സോളോ ഹിറ്റായി കണക്കാക്കാവുന്ന സിനിമ തന്നെയാണ്. കാരണം പ്രണവ് എന്ന നടനെ ഈ സിനിമയില്‍ മുഴുവനായും ഉപയോഗിച്ചിട്ടുണ്ട്. പ്രണവ് അല്ലാതെ എനിക്കും വിനീതിനും ഈ സിനിമയില്‍ ഇപ്പോള്‍ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. കാരണം പ്രണവ് അവന്റെ നൂറ് ശതമാനം ഹൃദയത്തിനായി കൊടുത്തിട്ടുണ്ട്. സിനിമയില്‍ സണ്‍റൈസ് ഷോട്ടുകളും പുലര്‍ച്ചെയുള്ള ഷോട്ടുകളെല്ലാം ഉണ്ട്. അപ്പോള്‍ 6.30 ലൊക്കേഷനില്‍ വരാന്‍ പറഞ്ഞാല്‍ പ്രണവ് 6 മണിക്ക് എത്തും. അതുകൊണ്ട് തന്നെ ഈ വിജയം പ്രണവിന് അവകാശപ്പെട്ടത് തന്നെയാണ്. കാരണം അത്ര എളുപ്പത്തില്‍ പ്രണവ് ചെയ്തൊരു സിനിമയല്ല ഹൃദയം. ഒരു നടന്‍ എന്ന നിലയില്‍ വലിയൊരു വ്യത്യാസമാണ് പ്രണവില്‍ വന്നിട്ടുള്ളത്. ഒരുപാട് പേര്‍ പ്രണവിന്റെ ഡയലോഗ് ഡെലിവറിയെ കുറിച്ചും സംസാരിക്കുന്നുണ്ട്. പ്രണവ് അത്രയും ഈ സിനിമയ്ക്ക് വേണ്ടി പ്രയത്നിച്ചത് കൊണ്ട് തന്നെയാണ് സ്‌ക്രീനില്‍ ഈ റിസള്‍ട്ട് കാണുന്നത്.
നല്ല സ്‌കൃപ്പ്റ്റും നല്ല ഡയറക്ടറുമാണെങ്കില്‍ പ്രണവ് ഇനിയും ഉയരങ്ങിലെത്തുമെന്നത് എനിക്കും വിനീതിനും ഉറപ്പുള്ള കാര്യമാണ്. ഞാന്‍ സിനിമയുടെ ചിത്രീകരണത്തില്‍ ഒപ്പം തന്നെ ഉണ്ടായിരുന്നു. വിനീത് ഒരിക്കല്‍ പോലും എന്താണ് വേണ്ടതെന്ന് പ്രണവിനോട് അഭിനയിച്ച് കാണിച്ചിട്ടൊന്നുമില്ല. വളരെ ചുരുക്കം ചില സീനുകള്‍ മാത്രമാണ് വിനീത് ഇങ്ങനെ അഭിനയിക്കണം എന്ന് പറഞ്ഞത്. ബാക്കിയെല്ലാം പ്രണവ് തന്നെ സീന്‍ മനസിലാക്കി അഭിനയിച്ചതാണ്. വിനീത് എന്താണോ മനസില്‍ ആഗ്രഹിച്ചത് അത് പ്രണവ് കൊടുക്കുകയായിരുന്നു. ഓരോ സീനിലും വിനീതിന് എന്താണോ വേണ്ടത് അതിന്റെ മുകളില്‍ കൊടുക്കാന്‍ പ്രണവിന് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ അവര്‍ തമ്മില്‍ നല്ലൊരു കെമിസ്്ട്രി ഉണ്ടായിരുന്നു. അത് സിനിമയിലും കാണാന്‍ സാധിക്കുന്നുണ്ട്.