ഇന്ത്യൻ 2വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത് മുതൽ ഉയർന്നു കേൾക്കുന്ന ചോദ്യമാണ് 100 വയസ്സിനുമേൽ പ്രായമുള്ള സേനാപതി എങ്ങനെയാണ് ഇത്ര അനായാസമായി ആക്ഷൻ, സാഹസിക രംഗങ്ങൾ ചെയ്യുന്നതെന്ന്. ആ ചോദ്യത്തിനുള്ള ഉത്തരം സംവിധായകൻ ഷങ്കർ തന്നെ നൽകിയിരിക്കുകയാണ്. ‘ചൈനയിലെ ഒരു മാർഷ്യൽ ആർട്സ് മാസ്റ്റർ ആയ ലൂസി ജിയോണിനെ ഉദാഹരിച്ചാണ് ഷങ്കർ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകിയത്.
ഷങ്കറിന്റെ വാക്കുകൾ :
ചൈനയിൽ ഒരു മാർഷ്യൽ ആർട്സ് മാസ്റ്റർ ഉണ്ട്. അദ്ദേഹത്തിന്റെ പേര് ലൂസി ജിയോൺ എന്നാണ്. 120-ാം വയസ്സിലും അദ്ദേഹം മാർഷ്യൽ ആർട്സ് പെർഫോം ചെയ്യും. പറന്നും കറങ്ങിയും എല്ലാത്തരത്തിലുമുള്ള പ്രകടനങ്ങൾ ഇപ്പോഴും ചെയ്യുന്നുണ്ട്. സേനാപതിയും അങ്ങനെയൊരു മാസ്റ്റർ ആണ്. മർമം ആണ് അദ്ദേഹത്തിന്റെ ഏരിയ. യോഗയും മറ്റു പരിശീലനങ്ങളെല്ലാം ചെയ്യുന്ന സേനാപതിയുടെ ഭക്ഷണ ശൈലി പോലും വ്യത്യസ്തമാണ്. ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം. നിങ്ങൾ ഒരു മാസ്റ്റർ ആണെങ്കിൽ, അച്ചടക്കം പുലർത്തുന്ന സ്വഭാവക്കാരനാണെങ്കിൽ വയസ്സ് ഒരു പ്രശ്നമല്ല. ഏത് സ്റ്റണ്ടും ചെയ്യാൻ അദ്ദേഹത്തിന് കഴിയും.
1996 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്നത്. സമൂഹത്തിൽ പെരുകി വരുന്ന അഴിമതി തടയാനായി വീണ്ടും സേനാപതി തിരിച്ചെത്തുന്നതാണ് ഇന്ത്യൻ 2 വിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലറിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കർ, വിവേക്, നെടുമുടി വേണു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നവർ. ചിത്രം ജൂലൈ 12ന് തിയറ്ററുകളിലെത്തും.