'ആദിപുരുഷ്' എന്ന സിനിമ രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നതാണെന്ന് ആരോപിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് ഹിന്ദുസേന. രാമായണം, ശ്രീരാമൻ, ഇന്ത്യയുടെ സംസ്കാരം എന്നിവ സിനിമയിൽ മോശമായിയാണ് കാണിച്ചിരിക്കുന്നതെന്ന് ആരോപിച്ച് ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് ഹർജി നൽകിയത്. ചിത്രത്തിൽ ശ്രീരാമനെ കോപാകുലനായ ഒരു കൊലയാളിയായാണ് കാണിക്കുന്നതെന്നും ഹനുമാനും രാമനും തുകൽ വസ്ത്രങ്ങൾ ധരിക്കുന്നതും ചിത്രത്തിലുണ്ടെന്നും ഹർജിയിൽ പറയുന്നു. വെള്ളിയാഴ്ച റിലീസ് ചെയ്ത ആദിപുരുഷിന് മോശം പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ഹിന്ദു ദൈവങ്ങളായ രാമൻ, സീത, ഹനുമാൻ എന്നിവരുമായി ബന്ധപ്പെട്ട ആക്ഷേപകരമായ രംഗങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വാൽമീകിയുടെ രാമായണത്തിലും വിശുദ്ധ തുളസീദാസ് രചിച്ച രാമചരിതമാനസിലും വിവരിച്ചിരിക്കുന്നതുപോലെയല്ല ചിത്രത്തിലെ കഥാപാത്രങ്ങൾ എന്നും ഹർജിയിൽ പറയുന്നു. എന്നാൽ ആദിപുരുഷിന്റെ നിർമ്മാതാക്കൾ ഈ ഹർജിയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഓം റൗത്ത് സംവിധാനം ചെയ്ത ചിത്രം രാമായണത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ടീസർ റിലീസ് ചെയ്തപ്പോൾ വിഎഫ്എക്സിന്റെ കുറഞ്ഞ നിലവാരത്തിന്റെ പേരിൽ സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കനത്ത ട്രോളുകൾ ലഭിച്ചിരുന്നു. ചിത്രത്തെക്കുറിച്ചു മോശം അഭിപ്രായം പറഞ്ഞ പ്രേക്ഷകനെ ഇന്നലെ പ്രഭാസ് ആരാധകർ മർദിച്ചിരുന്നു. ചിത്രത്തിൽ പ്രഭാസ് രാമനായിട്ട് ചേരുന്നില്ലെന്നും ചിത്രത്തിന്റെ വിഎഫ്‍എക്സ് നിലവാരം പുലര്‍ത്തിയില്ലെന്നും ബാക്ക്ഗ്രൗണ്ട് സ്കോറും ഹനുമാൻ കഥാപാത്രവുമൊഴികെ മറ്റൊന്നും നന്നായില്ല എന്ന് പറഞ്ഞ പ്രേക്ഷനാണ് മര്‍ദ്ദനമേറ്റത്.
സൈഫ് അലി ഖാൻ, കൃതി സാനോൺ, സണ്ണി സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളില്‍ ഒരുങ്ങിയ ചിത്രം ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിർമിച്ചിരിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ഛായാഗ്രഹണം -ഭുവന്‍ ഗൗഡ, എഡിറ്റിങ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം. ഹത്രെ. സംഗീതം -അജയ്-അതുല്‍, രവി ബസ്റൂര്‍ പശ്ചാത്തല സംഗീതം -സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.