ലോകമെമ്പാടുമുള്ള കോമിക് ബുക്ക് ആരാധകരുടെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോകളിലൊരാളാണ് സൂപ്പര്‍മാന്‍. സൂപ്പര്‍ഹീറോകളുടെ പേരുകള്‍ എണ്ണിത്തുടങ്ങിയാല്‍ തന്നെ അതില്‍ ആദ്യത്തെ പേര് സൂപ്പര്‍മാന്‍ എന്നായിരിക്കും. അത്രത്തോളമുണ്ട് ഈ ഡിസി സൂപ്പര്‍ ഹീറോയുടെ പിന്തുണ. സൂപ്പര്‍മാന്‍ സ്‌ക്രീനിലെത്തിയപ്പോള്‍ ക്രിസ്റ്റഫര്‍ റീവും ബ്രാന്‍ഡണ്‍ റൗത്തുമെല്ലാം സൂപ്പര്‍ഹീറോ കേപ്പ് അണിഞ്ഞെങ്കിലും ഏറ്റവും ഒടുവിലെത്തിയ ഹെൻറി കാവിലായിരിക്കും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സൂപ്പര്‍മാന്‍. സാക്ക് സ്‌നൈഡറുടെ മാന്‍ ഓഫ് സ്റ്റീല്‍ അത്രമേലൊരു പെര്‍ഫക്ട് സൂപ്പര്‍മാനായി ഹെൻറിയെ അവതരിപ്പിച്ചിരുന്നു.
പിന്നീട് വന്ന ബാറ്റ്മാന്‍ വേര്‍സസ് സൂപ്പര്‍മാനും ജസ്റ്റിസ് ലീഗുമെല്ലാം പ്രേക്ഷകരില്‍ സൂപ്പര്‍മാന്‍ ഇമേജ് ഹെൻറി കാവിലിന് നല്‍കി. എന്നാല്‍ സൂപ്പര്‍മാനായി ഇനി ഹെൻറി ഉണ്ടാവില്ലെന്ന് താരം തന്നെ ഔദ്യോഗികമായി അറിയിച്ചു.
ഡിസി സ്റ്റുഡിയോസ് മേധാവികളായ പീറ്റര്‍ സഫ്രാനും ജെയിംസ് ഗണ്ണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയിലൂടെ താരം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഒക്ടോബറില്‍ 24ന് താരം ഫ്രാഞ്ചൈസിയിലേക്ക് സൂപ്പര്‍ഹീറോയായി മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡിസിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബ്ലാക്ക് ആദം എന്ന ചിത്രത്തില്‍ പോസ്റ്റ് ക്രെഡിറ്റ് സീനില്‍ താരം എത്തുകയുണ്ടായി. സൂപ്പര്‍മാന്റെ ചെറുപ്പകാലത്തെ കഥയാണ് ഡി.സി അടുത്തതായി സിനിമയാക്കാന്‍ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൂപ്പര്‍മാന്‍ വേഷത്തില്‍ ഇനിയെത്താന്‍ കഴിയാത്തതിന്റെ വിഷമം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സൂപ്പര്‍മാന്‍ ആവാന്‍ ഇനി തനിക്കു സാധിക്കുകയില്ല, ദുഖകരമായ വാര്‍ത്തയാണിത്. പ്രത്യേകിച്ച് ഒക്ടോബറില്‍ താന്‍ ഈ വേഷത്തിനായി മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം. ഈ വാര്‍ത്ത സുഖകരമായ കാര്യമല്ല, പക്ഷേ അതാണ് ജീവിതം. രക്ഷാകര്‍താക്കള്‍ മാറുന്നത് സ്വാഭാവികമാണ് അതിനെ താന്‍ ബഹുമാനിക്കുന്നു. ജെയിംസിനും പീറ്ററിനും പണിതുയര്‍ത്താന്‍ ഒരു പ്രപഞ്ചം തന്നെ മുന്നിലുണ്ട്. അവര്‍ക്കും പുതിയ പ്രപഞ്ചവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വിജയാശംസകള്‍ നേരുന്നു.
വര്‍ഷങ്ങളായി തന്നോടപ്പം നിന്ന ആരാധകരെ സമാശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല. നിങ്ങള്‍ കുറച്ചു നേരം വിലപിച്ചോളൂ, പക്ഷെ താന്‍ അവതരിപ്പിച്ച സൂപ്പര്‍മാനും അവന്റെ മാതൃകകളും നിങ്ങളുടെ ചുറ്റും ഇപ്പോഴുമുണ്ടെന്നു ഓര്‍ക്കണം. സൂപ്പര്‍മാനിന്റെ മകുടം ചൂടാനുള്ള തന്റെ ഊഴം കഴിഞ്ഞിരിക്കുന്നു, എന്നാല്‍ താന്‍ അനശ്വരമാക്കിയ സൂപ്പര്‍മാന്‍ എന്നതിന് മറ്റൊരു അര്‍ഥം ഇനി ഒരിക്കലുമുണ്ടാവുകയില്ല. വിജയപരാജയങ്ങളില്‍ നിങ്ങളോടൊപ്പമുള്ള യാത്ര രസകരമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു