ഭയപ്പെടുത്തിയും ചിരിപ്പിച്ചും ഫാന്റസി ചിത്രം ഹലോ മമ്മി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായി ഐശ്വര്യ ലക്ഷ്മിയും എത്തിയ ചിത്രം നവാഗതനായ വൈശാഖ് എലൻസാണ് സംവിധാനം ചെയ്തത്. ബോണിയെ പിന്തുടരുന്ന ആത്മാവിനെയും ആ ആത്മാവിനാൽ ബോണി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.
സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഡ്രീം ബിഗ് പിക്ച്ചേഴ്സാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ജേക്സ് ബിജോയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 'വരത്തൻ'ന് ശേഷം ഷറഫുദ്ദീനും ഐശ്വര്യയും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് 'ഹലോ മമ്മി'. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ തക്കവണ്ണം കംബ്ലീറ്റ് എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അതേ സമയം ഹലോ മമ്മി എന്ന സിനിമ തനിക്ക് നൽകിയത് ആത്മവിശ്വാസമായിരുന്നു എന്ന് നടി ഐശ്വര്യ ലക്ഷ്മി ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ഇനിയൊരു സിനിമയുണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് മണി രത്‌നത്തിന്റെ 'തഗ് ലൈഫി'ലേക്കും ഹലോ മമ്മിയിലേക്കും തന്നെ വിളിച്ചത്. എല്ലാം നഷ്ടപ്പെട്ടിട്ടില്ല എന്ന ആത്മവിശ്വാസമാണ് ഹലോ മമ്മിയിൽ നിന്ന് തനിക്ക് കിട്ടിയത്. സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഏറെ സന്തോഷത്തോടെയാണ് ഉറങ്ങാൻ പോയിരുന്നതെന്നും ഒരു നല്ല കണ്ടന്റിൽ വർക്ക് ചെയ്യുന്നു എന്ന സന്തോഷം ഹലോ മമ്മി നൽകിയെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ട്രിക്കിയായ ഒരു സിനിമയാണ് ഹലോ മമ്മി എന്നും വർഷങ്ങളായി കോമഡി നന്നായി കൈകാര്യം ചെയ്യുന്നവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.