ലിജിന്‍ ജോസിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെ നടന്‍ കുഞ്ചാക്കോ ബോബനെതിരെ വിദ്വേഷ പ്രചരണം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്.
ഫേസ്ബുക്കില്‍ 'ചേര' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം നിറഞ്ഞ രീതിയിലുള്ള പ്രതികരണങ്ങളുമായി ആളുകള്‍ രംഗത്തെത്തിയത്.
കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി പോസ്റ്ററിന് സാമ്യമുണ്ടന്നാണ് വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ വാദം. ഈ പോസ്റ്റര്‍ ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ വിശ്വാസങ്ങളെ ഹനിക്കുന്നതാണ് എന്നാരോപിച്ചാണ് കുഞ്ചാക്കോ ബോബനെതിരായ പ്രചരണം നടക്കുന്നത്.
ചിത്രത്തിന് കുഞ്ചാക്കോ ബോബന്റെ പിന്തുണ നിരാശപ്പെടുത്തുന്നു, മതമേതായാലും വിശ്വാസികളെ ചൊറിഞ്ഞു പബ്ലിസിറ്റി ഉണ്ടാക്കുന്നത് എന്തിനാണ് തുടങ്ങിയ കമന്റുകളാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് താഴെ കമന്റുകളായി വരുന്നത്.
ലോക പ്രശസ്ത ചിത്രകാരനും ശില്‍പിയുമായി മൈക്കലാഞ്ചലോയുടെ വിഖ്യാതമായ ചിത്രം പിയത്തയെ അനുകല്‍പനം ചെയ്താണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. എന്നാല്‍ 'കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ഒരു സാമ്യവുമില്ലെന്നും പറഞ്ഞ് നില്‍ക്കാന്‍ ആകുമോ?' എന്നാണ് ഒരാളുടെ കമന്റ്.
'നമ്മള്‍ ക്രിസ്ത്യാനികള്‍ ഇനി ഒറ്റകെട്ടായി നില്‍ക്കണം... സിനിമയില്‍ ആകെ ക്രിസ്ത്യാനികള്‍ നിങ്ങള്‍ കുറച്ചു പേരെ ഒള്ളു... നിങ്ങള്‍ കൂടി ഇങ്ങനെ തുടങ്ങിയാല്‍ എന്താവും നമ്മുടെ അവസ്ഥ ?നിങ്ങള്‍ ഇതില്‍ നിന്നും പിന്മാറണം... ടോവിനോയെയും നവിന്‍ പൊളിയെയും മാതൃകയാക്കു,' എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
'സിനിമക്കാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇപ്പോള്‍ റീച്ച് കിട്ടാന്‍ മതവികാരം വൃണപ്പെടുത്തുക എന്ന മൂന്നാംകിട പരിപാടിയായി മാറുന്നു...എന്തിനാണ് മതമേതായാലും വിശ്വാസികളെ ചൊറിഞ്ഞു പബ്ലിസിറ്റി ഉണ്ടാക്കുന്നത്?', 'ഇത് തോന്നിവാസം ആണ്, കുറെ കഞ്ചാവടി ഡയറക്ടഴ്‌സ് കയറി മലയാള സിനിമ നശിപ്പിച്ചു, ചാക്കോ നിന്നെ ദൈവം ഉയര്‍ത്തിയത് നീ മറക്കണ്ട',
'കഷ്ടം. ദൈവം തന്ന നന്മകള്‍ക്ക് ഇങ്ങനെ തന്നെ നന്ദി പറയണം സഹോദരാ...പണത്തിനും പ്രശസ്ഥിക്കും വേണ്ടി ദൈവനാമം ദുഷിക്കരുതേ.അതിന് കൂട്ട് നില്‍ക്കരുത്... ഇതെല്ലാം നഷ്ടം ആകുന്ന ആ ദിവസം കണക്കു കൊടുക്കേണ്ടി വരും', 'ആരൊക്കെ പരിഹസിച്ചാലും ശരി ഇതിനെ എനിക്ക് അനുകൂലിക്കാന്‍ സാധിക്കില്ല. ശക്തമായി പ്രതിഷേധിക്കുന്നു. പോസ്റ്റര്‍ പിന്‍വലിക്കണം', ഈ പറയുന്ന ആവിഷ്‌കാര സ്വാതന്ത്ര്യക്കാര്‍'. തുടങ്ങിയ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ നജീം കോയയുടെ പേര് പ്രത്യേകം എടുത്തു പറഞ്ഞും മോശം പ്രതികരണങ്ങള്‍ വരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ചേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. അപ്പോഴും വിദ്വേഷ പ്രചരണങ്ങളുണ്ടായിരുന്നു. സിനിമയ്ക്ക് പിന്തുണയുമായും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം ഈശോയ്‌ക്കെതിരെയും വിദ്വേഷ പ്രചരണങ്ങള്‍ നടന്നിരുന്നു. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് ചിത്രത്തിന്റെ പേരിനെതിരെ ക്രിസ്ത്യന്‍ സഭകടക്കം രംഗത്തെത്തിയത്.