പ്രഭാകരാ വിളി തെറ്റിദ്ധരിച്ചു, ദുല്‍ഖറിനെതിരെ ഹേറ്റ് കാമ്പയിനും ആക്രമണവും, അച്ഛനെ
വലിച്ചിഴയ്ക്കരുതെന്ന് അഭ്യര്‍ത്ഥന

പ്രഭാകരാ വിളി തെറ്റിദ്ധരിച്ചു, ദുല്‍ഖറിനെതിരെ ഹേറ്റ് കാമ്പയിനും ആക്രമണവും, അച്ഛനെ വലിച്ചിഴയ്ക്കരുതെന്ന് അഭ്യര്‍ത്ഥന

Published on

അനൂപ് സത്യന്റെ സംവിധാനത്തില്‍ താന്‍ കേന്ദ്രകഥാപാത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഒരു രംഗം എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്ന വിദ്വേഷ പ്രചരണത്തില്‍ മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍. പ്രഭാകരാ വിളി പട്ടണപ്രവേശം എന്ന സിനിമയിലെ തമാശരംഗത്തില്‍ നിന്ന് കടമെടുത്തതാണെന്ന് ദുല്‍ഖര്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചു. ബോധപൂര്‍വം ആരെയെങ്കിലും അധിക്ഷേപിക്കാനായി ഉപയോഗിച്ചതല്ല. പ്രഭാകരന്‍ എന്നത് കേരളത്തില്‍ പൊതുവായ പേരാണെന്നും വിദ്വേഷപ്രചരണം തന്നിലും അനൂപിലും നില്‍ക്കട്ടെയെന്നും ദുല്‍ഖര്‍ പറഞ്ഞു. ഞങ്ങളുടെ അച്ഛന്‍മാരെയും മുതിര്‍ന്ന അഭിനേതാക്കളെയും വിദ്വേഷത്തിലേക്ക് വലിച്ചിഴയ്ക്കരുത്. ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ ഖേദിക്കുന്നുവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. പട്ടണപ്രവേശത്തില്‍ കരമന ജനാര്‍ദ്ദനന്റെ കഥാപാത്രം തിലകന്റെ കഥാപാത്രത്തെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം പോസ്റ്റ് ചെയ്താണ് മറുപടി. സുരേഷ് ഗോപി തന്റെ വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം. ദുല്‍ഖര്‍ സല്‍മാനും അനൂപ് സത്യനുമെതിരെ രൂക്ഷമായ ആക്രമണമാണ് തമിഴ്‌നാട്ടുകാരായ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നുണ്ടാകുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളെയും മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി പോസ്റ്റുകളാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് ദുല്‍ഖറിന്റെ മറുപടി.

ദുല്‍ഖറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രഭാകരന്‍ തമാശ തമിഴ്‌നാട്ടുകാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ അത് ബോധപൂര്‍വമല്ല. പട്ടണപ്രവേശം എന്ന പഴയ സിനിമയില്‍ നിന്നുള്ള രംഗത്തിന്റെ റഫറന്‍സ് ആണത്. പ്രഭാകരന്‍ എന്നത് കേരളത്തില്‍ പൊതുവായുള്ള പേരാണ്. തുടക്കത്തില്‍ വ്യക്തമാക്കിയതുപോലെ ജീവിച്ചിരിക്കുന്നതോ മരണപ്പെട്ടതോ ആയ ആരെയെങ്കിലും കുറിച്ച് എടുത്തിട്ടുള്ളതല്ല ചിത്രം. സിനിമ കാണാതെയാണ് കൂടുതലാളുകളും പ്രതികരിക്കുന്നതും വിദ്വേഷം പരത്തുന്നതും. എനിക്കും സംവിധായകന്‍ അനൂപ് സത്യനുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് മനസ്സിലാക്കുന്നു. എന്നാല്‍ ദയവായി അത് ഞങ്ങളില്‍ തന്നെ നില്‍ക്കട്ട. ഞങ്ങളുടെ അച്ഛന്‍മാരെയും സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയും അതിലേക്ക് വലിച്ചിഴയ്ക്കരുത്. ഇതില്‍ വ്രണപ്പെട്ട,നല്ലവരും ദയാലുക്കളുമായ തമിഴ് ജനതയോട് ഖേദം പ്രകടിപ്പിക്കുന്നു. എന്റെ ചിത്രങ്ങളിലൂടെയോ എന്റെ വാക്കുകളിലൂടെയോ ആരെയെങ്കിലും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. അത് തീര്‍ച്ചയായും തെറ്റിദ്ധാരണ മാത്രമാണ്. ഞങ്ങളോടൊപ്പം കുടുംബാംഗങ്ങളെയും ബോധപൂര്‍വം വേദനിപ്പിക്കുന്ന തരത്തില്‍ അധിക്ഷേപാര്‍ഹവും ഭീഷണിയുള്ളവയുമാണ് പരാമര്‍ശങ്ങള്‍. അത് അങ്ങനെയാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

പ്രഭാകരാ വിളി വന്ന വഴി

സത്യന്‍ അന്തിക്കാട് സംവിധാനം നാടോടിക്കാറ്റ് എന്ന സിനിമയുടെ രണ്ടാം ഭാഗമായ പട്ടണ പ്രവേശത്തിലെ പ്രശസ്തമായ ഡയലോഗ് ആണ് പ്രഭാകരാ എന്ന വിളി. തിലകന്‍ അവതരിപ്പിക്കുന്ന അനന്തന്‍ നമ്പ്യാര്‍ എന്ന അധോലോക നായകന്‍ പൊലീസിനെയും സിഐഡികളെയും ഭയന്ന് കൂട്ടുകാരന്‍ പ്രഭാകരന്‍ തമ്പിയുടെ വീട്ടില്‍ അഭയാര്‍ത്ഥിയായി ഒളിവു ജീവിതത്തിലാണ്. സിഐഡികള്‍ തന്നെയും കുടുക്കുമെന്ന് മനസിലാക്കിയ പ്രഭാകരന്‍ തമ്പി ഉറ്റമിത്രം അനന്തന്‍ നമ്പ്യാരോട് ഇവിടെ നിന്ന് പോകണം എന്ന് പറയുന്നു. തിലകന്‍ അവതരിപ്പിക്കുന്ന അനന്തന്‍ നമ്പ്യാര്‍ കരമന ജനാര്‍ദനന്‍ അവതരിപ്പിച്ച പ്രഭാകരന്‍ തമ്പിയെ ആന്തലോടെ പ്രഭാകരാ എന്ന് വിളിക്കുന്നതാണ് രംഗം. ട്രോളുകളും മീമുകളും സജീവമായതോടെ പ്രഭാകരാ വിളി ട്രെന്‍ഡ് ആയി. മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വന്‍ എന്ന സിനിമയില്‍ പ്രഭാകരാ വിളിയിലെ ട്രോള്‍ തമാശയായിട്ടുണ്ട്. ഈ രംഗത്തിലെ തമാശയാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ ഹാസ്യമായി പുനരവതരിപ്പിച്ചത്. മേജര്‍ ഉണ്ണിക്കൃഷ്ണന്‍ എന്ന സുരേഷ് ഗോപി കഥാപാത്രത്തോട് വളര്‍ത്തുനായയെ സ്നേഹത്തോടെ എന്ത് പേര് വിളിച്ചാലും കൂടെ വരുമെന്ന് സര്‍വജിത്ത് സന്തോഷ് ശിവന്‍ അവതരിപ്പിക്കുന്ന കാര്‍ത്തിക് പറയുന്നു. അപ്പോഴാണ് പ്രഭാകരാ എന്ന് വിളിക്കുന്നത്. വേലുപ്പിള്ള പ്രഭാകരനുമായി ഈ രംഗത്തിന് യാതൊരു ബന്ധവുമില്ല.

logo
The Cue
www.thecue.in