കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാല മലയാള സിനിമയിലെ യുവ നടന്‍മാരോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി. അതിജീവിതയ്‌ക്കൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെക്കാനാണ് ഹരീഷ് പേരാടി പൃഥ്വിരാജ്, ടൊവിനോ, ദുല്‍ഖര്‍, ആസിഫ് അലി തുടങ്ങിയ താരങ്ങളോട് ആവശ്യപ്പെട്ടത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാരുന്നു ഹരീഷിന്റെ പ്രതികരണം.
ഹരീഷ് പേരടി പറഞ്ഞത്:
പൃഥിരാജിനോടും ടൊവിനോതോമസ്സിനോടും ദുല്‍ഖര്‍ സല്‍മാനോടും നിവിന്‍പോളിയോടും ആസിഫ് അലിയോടും അങ്ങിനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയര്‍ ചെയ്യാന്‍ ആവിശ്യപ്പെടുന്നു...ഇരയോടൊപ്പം നിന്നവരാണ് ഇവര്‍ ...പാവങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നില്‍ക്കുകയാണ്...ക്രൂശിക്കപ്പെട്ട യേശു നിങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രം...അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കില്‍ മാത്രം...നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയിലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം...അവര്‍ കാത്തിരിക്കുകയാണ്...നിങ്ങളുടെ എല്ലാവരുടെയും സിനിമകള്‍ വലിയ വിജയമാവട്ടെ...ആശംസകള്‍..
അതിജീവിതയ്ക്ക് നീതി നഷ്ടപ്പെട്ടുകൊണ്ടുള്ള വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ തുടങ്ങി നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. 'അവള്‍ക്കൊപ്പം എന്നും' എന്ന കുറിപ്പോടെയായിരുന്നു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവര്‍ രംഗത്തെത്തിയത്.
ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്.