'എന്റെ നാടക സൃഹൃത്തുക്കള്‍ വഴിയില്‍ ക്ഷീണിതരായി ഇരിക്കുന്നുണ്ട്, ഞങ്ങളും കലാകാരന്മാരാണ്'; ഹരീഷ് പേരടി

'എന്റെ നാടക സൃഹൃത്തുക്കള്‍ വഴിയില്‍ ക്ഷീണിതരായി ഇരിക്കുന്നുണ്ട്, ഞങ്ങളും കലാകാരന്മാരാണ്'; ഹരീഷ് പേരടി
Published on

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ തലത്തില്‍ നാടക ശാലകള്‍ വേണമെന്ന് നടന്‍ ഹരീഷ് പേരടി. ടിക്കറ്റെടുത്ത് ആളുകള്‍ നാടകം കാണുന്ന ഒരു കാലം എല്ലാ നാടകക്കാരും സ്വപ്‌നം കാണുന്നുണ്ട്. ഒരുപാട് വികസിത രാജ്യങ്ങളില്‍ ഇപ്പോഴും നാടകത്തിനുള്ള ടിക്കറ്റുകള്‍ മാസങ്ങള്‍ക്കുമുമ്പേ വിറ്റു പോവുന്നുണ്ട്. ഇതൊക്കെ ഇവിടെയും നടക്കുന്ന കാര്യങ്ങളാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് പേരടി പറയുന്നു.

സിനിമാ മേഖലയ്ക്ക് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു, ദുരിതമനുഭവിക്കുന്ന നാടക കലാകാരന്മാരെ ഓര്‍മ്മിപ്പിച്ച് കൊണ്ടുള്ള ഹരീഷ് പേരടിയുടെ പോസ്റ്റ്. 'നാടകക്കാരനായതു കൊണ്ട് മാത്രമാണ് ഞാന്‍ സിനിമയില്‍ സജീവമായത്. വന്ന വഴി മറക്കാന്‍ പറ്റില്ല. ആ വഴിയില്‍ പ്രതീക്ഷയോടെ എന്റെ നാടക സുഹൃത്തുക്കള്‍ ക്ഷീണിതരായി ഇരിക്കുന്നുണ്ട്', അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം;

'നാടകക്കാരനായതു കൊണ്ട് മാത്രമാണ് ഞാന്‍ സിനിമയില്‍ സജീവമായത്...വന്ന വഴി മറക്കാന്‍ പറ്റില്ല...ആ വഴിയില്‍ പ്രതീക്ഷയോടെ എന്റെ നാടക സുഹൃത്തുക്കള്‍ ക്ഷീണിതരായി ഇരിക്കുന്നുണ്ട്...ടിക്കറ്റെടുത്ത് ആളുകള്‍ നാടകം കാണുന്ന ഒരു കാലം എന്നെ പോലെയുള്ള എല്ലാ നാടകക്കാരും ഇപ്പോഴും സ്വപ്നം കാണുന്നുണ്ട്...അതിനായി ഏല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍തലത്തില്‍ നാടകശാലകള്‍ ഉണ്ടായേപറ്റു...540 പാലങ്ങള്‍ ഉണ്ടാക്കിയ ഒരു ജനകീയ സര്‍ക്കാറിന് 14 നാടകശാലകള്‍ നിഷ്പ്രയാസമായ ഒരു കാര്യമാണ്...ഒരു പാട് വികസിത രാജ്യങ്ങളില്‍ ഇപ്പോഴും നാടകത്തിനുള്ള ടിക്കറ്റുകള്‍ മാസങ്ങള്‍ക്കുമുമ്പേ വിറ്റു പോവുന്നുണ്ട്...ഇതൊക്കെ ഇവിടെയും നടക്കുന്ന കാര്യങ്ങളാണ് ...സിനിമക്കുള്ള ഇളവുകളില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു...പക്ഷെ ഞങ്ങളും കലാകാരന്‍മാരാണ്...മനുഷ്യരാണ്...ഏല്ലാ പാലങ്ങളും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയാനുള്ളതാണ്...'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Hareesh Peradi About The Struggles Of Drama Artists

Related Stories

No stories found.
logo
The Cue
www.thecue.in