'എന്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം സര്‍ക്കാര്‍ പൂഴ്ത്തിവെച്ചതെന്ന് മനസ്സിലാവുന്നില്ല': ഹരീഷ് പേരടി

'എന്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം സര്‍ക്കാര്‍ പൂഴ്ത്തിവെച്ചതെന്ന് മനസ്സിലാവുന്നില്ല': ഹരീഷ് പേരടി
Published on

സര്‍ക്കാര്‍ എന്തിനാണ് ഇത്രയും കാലം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതെന്ന് മനസ്സിലാവുന്നില്ലെന്ന് നടന്‍ ഹരീഷ് പേരടി. സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി എടുത്തു കാട്ടുന്ന റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ ഇനി എന്ത് നടപടിയെടുക്കും എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നട്ടെല്ലുള്ള കുറച്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് രൂപികരിച്ച WCC എന്ന കൂട്ടായ്മയുടെ വിജയമാണ് ഇപ്പോഴുണ്ടായതെന്ന് ഹരീഷ് പേരടി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹരീഷ് പേരടി പറഞ്ഞത്:

നമ്മള്‍ ഒരുപാടു കാലം കാത്തിരുന്ന ഒരു റിപ്പോര്‍ട്ടാണിത്. എന്തിനാണ് ഇത്രയും കാലം ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് എന്ന് മാത്രമേ മനസ്സിലാവാത്തതായുള്ളൂ. കാരണം എന്താണെന്ന് വെച്ചാല്‍ എത്രയോ നല്ല റിപ്പോര്‍ട്ടാണത്. സ്ത്രീകള്‍ അനുഭവിക്കുന്ന സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി എടുത്തു കാട്ടുന്ന റിപ്പോര്‍ട്ട് ആയിരുന്നു അത്. റിപ്പോര്‍ട്ട് പുറത്തുവന്ന ഈ സമയത്ത് നമ്മളതിനെ സ്വാഗതം ചെയ്യുകയാണ്. റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ ഇനി എന്ത് നടപടിയെടുക്കും എന്നാണ് പൊതുസമൂഹം നോക്കുന്നത്. നടപടികളിലേക്ക് സര്‍ക്കാരിന് കടന്നേ പറ്റൂ.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കുറച്ചു നട്ടെല്ലുള്ള പെണ്‍കുട്ടികള്‍ ചേര്‍ന്ന് ആ വിഷയത്തില്‍ രൂപീകരിച്ച കൂട്ടായ്മയുടെ പേരാണ് WCC. അവര്‍ പറഞ്ഞിരുന്നത് ശരിയാണെന്ന് ഇന്ന് വ്യക്തമായിരിക്കുകയാണ്. കാരണം അവരാണ് ഈ പരാതിയുമായി ആദ്യം മുഖ്യമന്ത്രിയുടെ അടുത്തെത്തിയത്. അതിനെ തുടര്‍ന്നാണ് നമുക്കിങ്ങനെ ഒരു കമ്മിറ്റി ഉണ്ടാകുന്നത്. അതിന്റെ ഒരു വലിയ വിജയം കൂടിയാണിത്. പക്ഷെ ഇതൊരു തുടക്കം മാത്രമാണ്. ഉന്നയിക്കപ്പെട്ട വിഷയത്തെ ശക്തമായി അഭിമുഖീകരിക്കേണ്ട പ്രധാന ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അതില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. പ്രശ്‌നങ്ങളില്‍ വ്യക്തത വരുത്തിയാലേ അത് ഇടതുപക്ഷ സര്‍ക്കാര്‍ ആകൂ.

ഹേമ കമ്മിറ്റി തിലകന്‍ ചേട്ടന്റെ ആത്മാവാണോ എന്ന് എനിക്ക് സംശയമുണ്ട്. അദ്ദേഹം തിരിച്ചുവന്നതുപോലെ തോന്നുന്നുണ്ട്. കാരണം അദ്ദേഹമിത് വിരല്‍ ചൂണ്ടി വളരെ മുന്നേ പറഞ്ഞതാണ്. ഇങ്ങനെയൊരു ഗ്രൂപ്പുണ്ടെന്നും അവര്‍ ഇത്ര പേരാണെന്നും എണ്ണം വരെ പറഞ്ഞതാണ്. ആ സംഭവം ശരിയാണെന്ന് ഇവിടെ തെളിഞ്ഞിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in