മിന്നല്‍ മുരളിയുടെ റിലീസിന് ശേഷം മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്ന പേരാണ് ഗുരു സോമസുന്ദരം. സിനിമയിലെ സൂപ്പര്‍ ഹീറോയായ മിന്നല്‍ മുരളിയെക്കാള്‍ സ്വീകാര്യതയാണ് സൂപ്പര്‍ വില്ലനായി എത്തിയ ഗുരു സോമസുന്ദരത്തിന് ലഭിക്കുന്നത്. ഇനി മോഹന്‍ലാലിനൊപ്പമാണ് ഗുരു സോമസുന്ദരം അഭിനയിക്കാന്‍ പോകുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ താനും ഭാഗമാണെന്ന് ഗുരു സോമസുന്ദരം ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.
'ലാലേട്ടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരിയിലായിരിക്കും ഷൂട്ട്. മിന്നല്‍ മുരളി റിലീസ് ചെയ്യുന്നതിന് ഒരാഴ്ച്ച മുന്നെ ഞാന്‍ ലാലേട്ടനുമായി സംസാരിച്ചിരുന്നു. നിങ്ങള്‍ വരു നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാമെന്ന് പറഞ്ഞു.' - എന്നാണ് ഗുരു സോമസുന്ദരം പറഞ്ഞത്.
അതേസമയം ബറോസിന്റെ ചിത്രീകരണം ഇന്ന് (26 ഡിസംബർ) ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ബറോസിന്റെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നത്. ചിത്രത്തിന് വേണ്ടി ഇതുവരെ ഷൂട്ടി ചെയ്തതെല്ലാം വേണ്ടെന്ന് വെക്കുകയാണെന്ന് ദ ക്യുവിനോട് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
മോഹന്‍ലാല്‍ പറഞ്ഞത്:
'കേരളത്തില്‍ പത്ത് ദിവസം ഷൂട്ട് ചെയ്ത് ഗോവയില്‍ പോയപ്പോഴാണ് കൊവിഡ് രൂക്ഷമായത്. രണ്ട് വര്‍ഷം മുമ്പ് ഷൂട്ട് ചെയ്തത് മുഴുവന്‍ ഒഴിവാക്കേണ്ടിവരും. ആ സിനിമയെ അത്രയും സ്നേഹിക്കുന്നത് കൊണ്ടാണ് ഇതുവരെ ചിത്രീകരിച്ചത് ഒഴിവാക്കേണ്ടിവരുന്നത്. ബറോസില്‍ അഭിനയിച്ചിരുന്ന കുട്ടിക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടായി. നേരത്തെ അഭിനയിച്ച പലരും രണ്ട് വര്‍ഷം കൊണ്ട് വളര്‍ന്നു. വിദേശത്തുള്ള ചിലര്‍ക്ക് വരാന്‍ കഴിയാത്ത സാഹചര്യമുണ്ട്. നിലവില്‍ ചിത്രീകരിച്ചത് അത്രയും ഷെല്‍വ് ചെയ്യുകയാണ്.'
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.