'അതുവരെ നിശബ്ദമായിരുന്ന തിയറ്ററിൽ കയ്യടി മുഴങ്ങി, എനിക്ക് രോമാഞ്ചം വന്നു, കണ്ണ് നിറഞ്ഞു'; ​മഞ്ഞുമ്മൽ ബോയ്സിനെക്കുറിച്ച് സന്താന ഭാരതി

'അതുവരെ നിശബ്ദമായിരുന്ന തിയറ്ററിൽ കയ്യടി മുഴങ്ങി, എനിക്ക് രോമാഞ്ചം വന്നു, കണ്ണ് നിറഞ്ഞു'; ​മഞ്ഞുമ്മൽ ബോയ്സിനെക്കുറിച്ച് സന്താന ഭാരതി
Published on

തമിഴ്നാട്ടിലടക്കം മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം മ‍ഞ്ഞുമ്മൽ ബോയ്സിനെക്കുറിച്ച് ​'ഗുണ' സംവിധായകൻ സന്താനഭാരതി. തിയറ്ററിൽ 'മഞ്ഞുമ്മൽ ബോയ്സ്' കണ്ടപ്പോൾ ​ഗുണയിലെ 'മനിതർ ഉണർന്ത് കൊള്ള' എന്ന ​ഗാനം കേട്ട് രോമാ‍‍ഞ്ചമുണ്ടായെന്ന് സംവിധായകൻ സന്താന ഭാരതി പറയുന്നു. അത്ര നേരം നിശബ്ദമായിരുന്ന തിയറ്ററിൽ കയ്യടി വന്നു. എന്റെ കണ്ണ് നിറഞ്ഞ് രോമാഞ്ചം വന്നു. 34 വർഷത്തിന് ശേഷവും മറ്റൊരു സിനിമയിലൂടെ തന്റെ സിനിമയ്ക്ക് കയ്യടി കിട്ടുക എന്ന് പറ‍ഞ്ഞാൽ അതിന് എത്രമാത്രം മൂല്യമുണ്ടാകുമെന്ന് ആലോചിച്ചു നോക്കു എന്നും ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സന്താന ഭാരതി പറഞ്ഞു.

സന്താന ഭാരതി പറഞ്ഞത്:

എന്നോട് ചിലർ വന്നു പറഞ്ഞു സാർ ​ഗുണ കേവ് വച്ച് ഒരു പടം വന്നിട്ടുണ്ട്, അത് വലിയ സൂപ്പർ ഹിറ്റാണ് സാർ എന്ന്. അങ്ങനെയാണ് ഞാൻ രണ്ട് ദിവസം മുമ്പ് ആ പടം കണ്ടത്. സിനിമ കണ്ട് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും ആ ​ഗുഹ ഇത്രയധികം അപകടം പിടിച്ചതാണെന്ന് അത് കാണുമ്പോഴാണ് എനിക്ക് മനസ്സിലായത്. ഞങ്ങൾ ​ഗുണ ഷൂട്ട് ചെയ്യുന്ന സമയത്ത് ആർക്കും ഇതേക്കുറിച്ച് അറിയുമായിരുന്നില്ല എന്നാണ് കരുതുന്നത്. എന്നാൽ ഈ സിനിമയിൽ ഇത് കണ്ടതിന് ശേഷമാണ് ഇത് ഞങ്ങൾക്ക് ഇത് ഇത്രയും റിസ്ക്കായ കാര്യമായിരുന്നോ എന്ന് മനസ്സിലായത്. സാർ എങ്ങനെയാണ് അവിടെ പോയി ​ഗുണ ഷൂട്ട് ചെയ്തത് എന്ന്'' പലരും എന്നോട് ചോദിച്ചു. ആ സിനിമയിൽ ​ഗുണയിലെ മനിതർ ഉണർന്ത് കൊള്ള എന്ന ​ഗാനം എത്തിയപ്പോൾ തിയേറ്ററിൽ എല്ലാവരും കൈയടിക്കാൻ തുടങ്ങി. അതുവരെ എല്ലാവരും നിശബ്ദമായിരുന്നു. എനിക്ക് അപ്പോൾ രോമാഞ്ചമുണ്ടായി. കണ്ണ് നിറഞ്ഞു. 34 വർഷത്തിന് ശേഷം മറ്റൊരു ചിത്രത്തിലൂടെ റെഫറൻസിന് കെെയടി കിട്ടുമ്പോൾ ആ സിനിമയുടെ മൂല്യം ഒന്ന് ആലോചിച്ച് നോക്കൂ.

1991 ൽ സന്താനഭാരതിയുടെ സംവിധാനത്തിൽ കമൽ ഹാസൻ നായകനായെത്തിയ ചിത്രമായിരുന്നു ​ഗുണ. പണ്ടത്തെ ഡെവിൾസ് കിച്ചൺ എന്നറിയപ്പെട്ടിരുന്ന കൊടെെയ്ക്കനാലിലെ ​ഗുഹയിൽ വച്ചായിരുന്നു സിനിമയുടെ ഏറെക്കുറെ ചിത്രീകരണം നടന്നത്. അതിന് ശേഷമാണ് ഡെവിൾസ് കിച്ചൺ എന്നറിയപ്പെട്ടിരുന്ന ​ഗുഹ പിന്നീട് ​ഗുണ കേവ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്. 2006 ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മ‍ഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ പ്രമേയം. ​ഗുണ കേവിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ചിത്രത്തിൽ ​ഗുണ സിനിമയിലെ ​ഗാനവും അണിയറ പ്രവർത്തകർ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടൻ കമൽ ഹാസനും നേരിട്ടെത്തി മ‍ഞ്ഞുമ്മൽ ബോയ്സ് ടീമിനെ അഭിനന്ദിക്കുകയും സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in