സിനിമ ഡൗണ്‍ലോഡ് ചെയ്ത് കണ്ടതില്‍ പിന്നെ തിയ്യേറ്ററില്‍ പോകാതിരുന്നതില്‍ ദുഃഖമുണ്ടോ? പ്രായശ്ചിത്തം ചെയ്യാന്‍ സംവിധായകന്‍ ചേരന്റെ വഴി
തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധായകനുമാണ് ചേരന്‍. 2004ല്‍ പുറത്തിറങ്ങിയ ചേരന്റെ ‘ഓട്ടോഗ്രാഫ്’ എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു. ചേരന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘തിരുമണം’.
പ്രേംനാഥ് ചിദംബരം നിര്‍മിച്ച് ചേരന്‍ തന്നെ തിരക്കഥ രചിച്ച ചിത്രത്തില്‍ പുതുമുഖങ്ങളായിരുന്നു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ചിത്രം മാര്‍ച്ച് ഒന്നിന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. എന്നാല്‍ സിനിമയുടെ പൈറേറ്റഡ് കോപ്പികള്‍ പ്രചരിക്കപ്പെട്ടതോടെ വ്യത്യസ്തമായ ഒരു ആശയവുമായെത്തിയിരിക്കകയാണ് സംവിധായകന്‍.
ചിത്രം തിയ്യേറ്ററില്‍ പോയി കാണാന്‍ കഴിയാതെ പൈറേറ്റഡ് കോപ്പികള്‍ കണ്ടവര്‍ക്ക് ടിക്കറ്റ് തുക അക്കൗണ്ടിലേക്ക് അയച്ചുതരാമെന്ന് ചേരന്‍ ട്വീ്റ്റ് ചെയ്തു. അതിനായി അക്കൗണ്ട് വിവരങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
നിങ്ങള്‍ ബാങ്കില്‍ പോകണ്ട, മൊബൈല്‍ ഫോണിലൂടെ പണം അയക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ചിത്രം നല്ല സിനിമയാണെന്ന പറയുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നാണിത്. ‘ഓട്ടോഗ്രാഫ്’ പുറത്തിറങ്ങിയ സമയത്ത് സമാനമായി ഞാന്‍ ഒരു പത്ര പരസ്യം നല്‍കിയിരുന്നു. ഇന്നത്തെ പോലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്ലാതിരുന്നിട്ടും ഒരു ലക്ഷത്തോളം പേര്‍ 100 രൂപ അയച്ചു തന്നിരുന്നു. ആളുകള്‍ ഇപ്പോള്‍ എങ്ങനെയാണ് പ്രതികരിക്കുക എന്നറിയാന്‍ എനിക്കാഗ്രഹമുണ്ട്.
ചേരന്‍
സിനിമ വളരെയധികം വിമര്‍ശനം നേരിട്ടതുകൊണ്ടും തിയ്യേറ്ററുകളില്‍ നിരാശപ്പെടുത്തിയതുകൊണ്ടും ചേരന്റെ കുറിപ്പിന് ട്രോളുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും തമിഴില്‍ 2016ല്‍ പുറത്തിറങ്ങിയ ‘ജോക്കര്‍’, 2017ല്‍ പുറത്തിറങ്ങിയ ‘അരുവി’ എന്നീ ചിത്രങ്ങളുടെ പൈറേറ്റഡ് കോപ്പികള്‍ കണ്ട ആളുകള്‍ ചിത്രം ഇഷ്ടപ്പെട്ടത് കൊണ്ട് പണം അയച്ചു നല്‍കിയിട്ടുണ്ടെന്ന് നിര്‍മാതാവ് എസ്ആര്‍ പ്രഭു പറഞ്ഞതായി ‘സില്‍വര്‍സ്‌ക്രീന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ജോക്കര്‍’ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച രണ്ട് ലക്ഷത്തോളം രൂപ ചിത്രത്തിന്റെ തിരുവിണ്ണാമലയില്‍ ടോയ്‌ലറ്റുകള്‍ പണിയാന്‍ ഉപയോഗിച്ചു. ആ ചിത്രത്തിന്റെ പ്രമേയം അതുമായി ബന്ധപ്പെട്ടതായിരുന്നു. സിനിമ അത്രത്തോളം മികച്ചതായത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.