'പെണ്ണുകാണൽ സീനിൽ ഞാൻ ചാടി വരുന്നത് കണ്ട് സുരാജേട്ടൻ പൊട്ടിച്ചിരിച്ചു, സോഷ്യൽ മീഡിയ പോസ്റ്റുകളിൽ സന്തോഷം'; ​ഗ്രേസ് ആന്റണി

'പെണ്ണുകാണൽ സീനിൽ ഞാൻ ചാടി വരുന്നത് കണ്ട് സുരാജേട്ടൻ പൊട്ടിച്ചിരിച്ചു, സോഷ്യൽ മീഡിയ പോസ്റ്റുകളിൽ സന്തോഷം'; ​ഗ്രേസ് ആന്റണി
Published on

സുരാജിനെ പ്രധാന കഥാപാത്രമാക്കി നിതിൻ രഞ്ജി പണിക്കർ രചനയും, സംവിധാനവും നിർമാണവും നിർവഹിച്ച വെബ് സീരീസാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്. സീരീസ് സ്ട്രീം ചെയ്യപ്പെട്ടതിന് പിന്നാലെ ​സീരീസിലെ ​ഗ്രേസ് ആന്റണിയുടെ പ്രകടനവും കഥാപാത്രവും ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരിക്കുകയാണ്. ​സീരീസിൽ മാനസിക അസ്വാസ്ഥ്യമുള്ള ലില്ലിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ​ഗ്രേസ് ആന്റണി അവതരിപ്പിച്ചത്. ഗ്രേസിന്റെ അഭിനയത്തെ ഉർവശിയോടും കൽപനയോടും ബിന്ദു പണിക്കരോടുമൊക്കെ സാമ്യം ചേർത്തുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും പോസ്റ്ററുകളും വരെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. അത്തരത്തിലുള്ള പോസ്റ്റുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ടെങ്കിലും ഒരിക്കലും അവർ ചെയ്തു വച്ച കഥാപാത്രങ്ങളുടെ അടുത്ത് പോലും തനിക്ക് എത്താൻ സാധിക്കില്ലെന്ന് ​ഗ്രേസ് ആന്റണി പറയുന്നു. നാഗേന്ദ്രൻസ് ഹണിമൂൺസിലെ പെണ്ണുകാണാൽ സീനിൽ താൻ ചാടി വരുന്നത് കണ്ട് സുരാജേട്ടൻ പൊട്ടിച്ചിരിച്ചു എന്നും ആ സീനിൽ മുഴുവൻ അദ്ദേഹത്തിന് ചിരി വരുന്നുണ്ടായിരുന്നു എന്നും മനോരമ ഓൺലെെനിന് നൽകിയ അഭിമുഖത്തിൽ ​ഗ്രേസ് ആന്റണി പറഞ്ഞു.

ഗ്രേസ് ആന്റണി പറഞ്ഞത്:

നാഗേന്ദ്രൻസിലെ പെണ്ണുകാണൽ കുറച്ച് ബുദ്ധിമുട്ടി ചെയ്തതാണ് അതിൽ കാണിച്ചതൊക്കെ സ്പോട്ടിൽ മെച്ചപ്പെടുത്തി എടുത്തതാണ്. ആ ഷോട്ട് എടുക്കുന്ന സമയത്ത് ആയിരുന്നു സുരാജ് ഏട്ടൻ അങ്ങോട്ട് വന്നത്. എന്താണ് ചെയ്യാൻ പോകുന്നതെന്ന് സുരാജ് ചേട്ടന് അറിയില്ലായിരുന്നു. അപ്പോഴാണ് ഞാൻ ചാടി സുരാജ് ചേട്ടന്റെ അടുത്തേക്ക് ചെന്നത്. അത് കണ്ട് സുരാജ് ഏട്ടൻ പൊട്ടിചിരിച്ചു. അങ്ങനെ ആ പോർഷൻ മാറ്റി വീണ്ടും റീടേക്ക് എടുത്തു. സീനിൽ മുഴുവൻ സുരാജ് ചേട്ടന് ചിരി വരികയായിരുന്നു. എന്നാൽ ചിരിക്കുന്ന പോലെ അല്ലല്ലോ നിൽക്കേണ്ടത് പെണ്ണുകാണൽസീനിൽ സുരാജേട്ടൻ ആകെ പകച്ചു നിൽക്കുകയാണ്. ആ സീനൊക്കെ ഭയങ്കര രസമായിരുന്നു. ഞാനും കുറച്ചു കഴിഞ്ഞപ്പോൾ അങ്ങ് കൂളായി. അതുപോലെ ജാതിക്ക കടിച്ചിട്ട് സുരാജ് ചേട്ടന്റെ വായിൽ കുത്തി കയറ്റുന്ന ഒരു സീൻ ഉണ്ട്. ജാതിക്കയാണെങ്കിൽ നമുക്ക് മാങ്ങ കടിച്ചെടുക്കുന്നതുപോലെ കടിച്ചെടുക്കാനും പറ്റില്ല ചവച്ച് ഇറക്കാനും പറ്റില്ല. സ്ക്രിപ്റ്റിൽ എഴുതിയിരുന്നത് മാങ്ങാ എന്നായിരുന്നു പക്ഷേ ജാതിക്ക ആയതുകൊണ്ടാണ് കറക്റ്റ് എക്സ്പ്രഷൻ കിട്ടിയത്. അതുപോലെ തന്നെ അത് കഴിഞ്ഞിട്ടുള്ള സീനിൽ ജാതി തൈകളെ പോലെ നിറയെ കുട്ടികൾ വേണമെന്ന് പറഞ്ഞതും ഈ ജാതിക്ക കടിച്ചതും ഒക്കെ ഡയലോഗ് തമ്മിൽ കണക്ട് ആയി.

ഞാൻ അഭിനയിച്ച സിനിമകളുടെ ഡയലോഗും പാട്ടുകളും ഒക്കെ വച്ച് എന്നെ ആൾക്കാർ സംബോധന ചെയ്യാറുണ്ട്. ആദ്യമായി ചെയ്ത ഹാപ്പി വെഡിങ് എന്ന് സിനിമയിലെ ഡയലോഗ് ആൾക്കാർ എന്നെ കാണുമ്പോൾ പറയാറുണ്ട്. അതുപോലെതന്നെ കുമ്പളങ്ങി നൈറ്റ്സിലും. ഇപ്പോൾ എന്നെ കാണുമ്പോൾ ആൾക്കാർ പറയുന്നത് ലില്ലികുട്ടിയുടെ ഡയലോഗുകൾ ആണ്. ഒരു കലാകാരി എന്ന നിലയിൽ തന്റെ ഏറ്റവും വലിയ സന്തോഷമാണ് അത് എന്ന് ​ഗ്രേസ് ആന്റണി പറയുന്നു. ഉർവശി ചേച്ചി, കല്പന ചേച്ചി, ബിന്ദുപണിക്കർ ചേച്ചി ഇവരുമായിട്ടൊക്കെ താരതമ്യം ചെയ്ത് ചില പോസ്റ്റുകൾ കണ്ടു. ശരിക്കും പറഞ്ഞാൽ ഞാൻ ഒരുപാട് ആരാധിക്കുന്ന താരങ്ങളാണ് ഇവരൊക്കെ. അവർ ചെയ്തു വെച്ച കഥാപാത്രങ്ങളുടെ അടുത്തെത്താൻ പോലും എന്നെക്കൊണ്ട് സാധിക്കുമോ എന്ന് ചോദിച്ചാൽ പറ്റില്ല എന്നേ ഞാൻ പറയൂ. പക്ഷേ ഇങ്ങനെയൊക്കെ കേൾക്കുന്നത് സന്തോഷമാണ്. ​ഗ്രേസ് ആന്റണി കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in