പ്രതിഫലം ചോദിച്ചതിന്റെ പേരിൽ അവസരം നഷ്‌ടമായ അനുഭവം തനിക്കുണ്ടെന്ന് ഗായിക ഗൗരി ലക്ഷ്മി. സിനിമാ മേഖലയിൽ നിന്നുള്ള ആൾ എന്ന നിലയിൽ നേരിട്ട് അനുഭവമുള്ള കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത് എന്ന് ഗായിക പറഞ്ഞു. നടിമാർ മാത്രം നേരിടുന്ന പ്രശ്ങ്ങളല്ല ഇപ്പോൾ പരാമർശിക്കപ്പെട്ടിട്ടുള്ളത്. ആണുങ്ങൾ ഭരിക്കുന്ന ഒരു മേഖല തന്നെയാണ് സിനിമാ വ്യവസായം. തീരുമാനം എടുക്കാൻ അധികാരമുള്ളവരിലേക്ക് കുറേക്കൂടെ സ്ത്രീകൾ വരേണ്ടതുണ്ട്. ലഹരിയും സെക്‌സും നിർബന്ധമായ ഗ്യാങ്ങുകളിലേക്കാണ് പുതിയ ആളുകൾ വന്ന് പെട്ടുപോകുന്നതെന്ന് ഗൗരി ലക്ഷ്മി 24 ന്യൂസിനോട് പറഞ്ഞു. 'എന്റെ പേര് പെണ്ണ്' എന്ന ഗൗരി ലക്ഷ്മിയുടെ ഗാനം സമീപകാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സ്വന്തം ജീവിതത്തിലുണ്ടായ ദുരനുഭവത്തെക്കുറിച്ചാണ് ഗായിക പാട്ടിലൂടെ അവതരിപ്പിച്ചത്. എന്നാൽ വലിയ സൈബർ ആക്രമണമാണ് പാട്ടിന് ലഭിച്ചത്.
ഗൗരി ലക്ഷ്മി പറഞ്ഞത്:
നേരത്തെ അറിയാവുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. സിനിമാ വ്യവസായത്തിന്റെ ഉള്ളിലുള്ള ഒരാൾ എന്ന നിലയിൽ കേട്ടും കണ്ടും നേരിട്ടനുഭവിച്ചതുമായ കാര്യങ്ങൾ ഇപ്പോൾ ന്യൂസ് ചാനലിൽ വരുന്നു എന്നതേ ഒള്ളൂ. ഞാൻ നടിയല്ല, പാട്ടുകാരിയാണ്. നടിമാർ മാത്രം നേരിടുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. പൊതുവായി ടെക്‌നിക്കൽ മേഖലയിൽ ഉള്ളവരും നേരിടുന്ന പ്രശ്നങ്ങൾ ഇപ്പോൾ എല്ലാവരും എല്ലായിടത്തും പറഞ്ഞു നടക്കുന്നു എന്നേയുള്ളു. ആണുങ്ങൾ ഭരിക്കുന്ന ഒരു മേഖല തന്നെയാണ് സിനിമാ വ്യവസായം. കുറേക്കൂടെ ശക്തിയും അധികാരവുമുള്ള, തീരുമാനങ്ങൾ എടുക്കുന്നവരുടെ കൂട്ടത്തിൽ കൂടുതൽ സ്ത്രീകൾ വരേണ്ടതുണ്ട്. പുതിയ ആളുകൾക്ക് പോലും ഇടപെടാൻ സ്വാതന്ത്ര്യമുള്ള അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടുപോവുകയാണ് വേണ്ടത്.
സെക്‌സിന് വഴങ്ങിയാൽ മാത്രമേ അവസരം തരൂ എന്ന് പറയുന്നവർ ഇവിടെയുണ്ട്. പ്രതിഫലം ചോദിച്ചതിന്റെ പേരിൽ അവസരങ്ങൾ നഷ്‌ടമായ അനുഭവം എനിക്കുണ്ട്. ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ മാത്രമേ നിലനിൽപ്പുള്ളൂ. ഈ ഗ്യാങ്ങുകളുടെ ഭാഗമാവാൻ സെക്‌സിന് വഴങ്ങിക്കൊടുക്കേണ്ട അവസ്ഥയുണ്ട്. ഇവർ ചെയ്യുന്നതെല്ലാം ചെയ്യുക എന്നുള്ളത് ഈ കൂട്ടത്തിന്റെ ഭാഗമാവാൻ നിർബന്ധമാണ്. അതിലേക്കാണ് പുതിയ ആളുകൾ വന്ന് പെട്ട് പോകുന്നത്. ഇപ്പോൾ ഇത് ചർച്ച ചെയ്യുന്നു എന്നുള്ളത് നല്ല കാര്യമാണ്.