അമ്മയ്‌ക്കെതിരായ അശ്ലീല കമന്റ്, നിയമ നടപടിയുമായി ഗോപി സുന്ദർ

അമ്മയ്‌ക്കെതിരായ അശ്ലീല കമന്റ്, നിയമ നടപടിയുമായി ഗോപി സുന്ദർ
Published on

അമ്മയ്‌ക്കെതിരെ സാമൂഹ്യമാധ്യമത്തിൽ വന്ന അശ്ലീല കമന്റിനെതിരെ നിയമ നടപടിയുമായി ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദർ. രണ്ട് ദിവസം മുൻപ് ഗോപി സുന്ദർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ താഴെ വന്ന കമന്റുകളാണ് ഇപ്പോൾ നിയമനടപടി നേരിടുന്നത്. പ്രസ്തുത പോസ്റ്റിൽ അനാവശ്യമായി അമ്മയെക്കുറിച്ച് വന്ന അശ്ലീല കമന്റ് പിന്നീട് സംഗീത സംവിധായകൻ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ നിയമ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. തന്റെ നിഷ്കളങ്കയായ അമ്മ അപമാനിക്കപ്പെട്ടതിൽ സങ്കടമുണ്ടെന്ന് ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കമന്റ് എഴുതിയ വ്യക്തിക്കെതിരെ എഫ് ഐ ആർ ഫയൽ ചെയ്തതിന് ശേഷം കൊച്ചിയിലെ സൈബർഡോം അനെക്സ് ഓഫിസിനു മുൻപിൽ നിൽക്കുന്ന ചിത്രമാണ് ഏറ്റവും അവസാനമായി സംഗീത സംവിധായകൻ പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

കമന്റ് വായിച്ചപ്പോൾ നടുക്കവും അസ്വസ്ഥതയും ഉണ്ടായെന്ന് ഗോപി സുന്ദർ സൈബർ സെല്ലിന് സമർപ്പിച്ച പരാതിയിൽ പറയുന്നു. പത്ത് ലക്ഷത്തോളം പേർ പിന്തുടരുന്ന ഫേസ്ബുക്ക് പേജിലാണ് അപമാനകരമായ സംഭവമുണ്ടായത്. തന്റെ സൽപ്പേരിന് കളങ്കമുണ്ടാവുകയും തന്റെ നിഷ്കളങ്കയായ അമ്മ അപമാനിതയാവുകയും ചെയ്തു. ഈ കമന്റ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലും ട്രോൾ പേജുകളിലും വ്യാപിക്കുകയും സംഭവം കൊണ്ടുള്ള ബുദ്ധിമുട്ട് വലുതാവുകയും ചെയ്തു. കമന്റ് പ്രകോപനപരവും, എഴുതിയ ആളുടെ ധൈര്യം അസഹനീയവുമാണ്. ഇങ്ങനെയുള്ള ആളുകളുടെ നീക്കങ്ങൾ ചർച്ച ചെയ്യപ്പെട്ടില്ലെങ്കിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ആവർത്തിക്കുമെന്നും ഈ വിഷയത്തിന്റെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും പരാതിയിൽ ഗോപി സുന്ദർ പറയുന്നു. അമ്മയെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയ വ്യക്തിയുടെ പ്രൊഫൈലും സംഗീത സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഈ വിഷയം വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. അശ്ലീല കമന്റ് ശ്രദ്ധയിൽപെടുത്തിയ സംഗീത സംവിധായകനോട് കേസ് കൊടുക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു.

ആസിഫ് ആലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപത്രങ്ങളായി തിയറ്ററുകളിലെത്തിയ 'അഡിയോസ്‌ അമിഗോ' യാണ് ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തിൽ അവസാനം പുറത്തെത്തിയ മലയാളചിത്രം. ഡിസംബറിൽ റിലീസിനൊരുങ്ങുന്ന 'അമീർ' ആണ് സംഗീത സംവിധായകന്റെ ഏറ്റവും പുതിയ ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in