ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'ലിയോ'യുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. 16 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 5 പ്രധാന വിതരണക്കാരാണ് ചിത്രം കേരളത്തിലെത്തിക്കാന്‍ മത്സരത്തിലുണ്ടായിരുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് കേരളത്തില്‍ വിതരണത്തിന് എത്തുന്ന ഇതരഭാഷ ചിത്രമായി മാറിയിരിക്കുകയാണ് 'ലിയോ'. ഒപ്പം കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ഇതരഭാഷ ചിത്രവുമാകും ലിയോ. ചിത്രം 2023 പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബര്‍ 19ന് റിലീസിനെത്തും.
നേരത്തെ കേരളത്തിലെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ചിത്രം കേരളത്തില്‍ വിതരണത്തിനെടുക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഫിയോക് എക്‌സിക്യൂട്ടിവ് അംഗവും ഷേണോയ്സ് ഗ്രൂപ്പ് തിയറ്ററുകളുടെ ഉടമയുമായ സുരേഷ് ഷേണായ് ഈ വാര്‍ത്ത തെറ്റാണെന്നു ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചിരുന്നു.
കമല്‍ഹാസന്‍ ചിത്രം വിക്രമിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ലളിത് കുമാറിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ജഗദീഷ് പളനിസ്വാമിയുടെ ദ റൂട്സും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, മിഷ്‌കിന്‍, ഗൗതം മേനോന്‍, ബാബു ആന്റണി, മാത്യൂ തോമസ് എന്നിവരാണ് ലിയോയിലെ മറ്റു താരങ്ങള്‍. 'മാസ്റ്റര്‍' എന്ന സിനിമക്ക് ശേഷം ലോകേഷും വിജയ്യും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ലിയോക്കുണ്ട്.
കൈദി, വിക്രം എന്നി സിനിമകളെപോലെ ലിയോയും ലോകേഷ് കനകരാജ് യുണിവേഴ്സില്‍ ഉള്‍പ്പെടുമോ ഇല്ലയോ എന്ന് പിന്നീട് അറിയിക്കുമെന്നും സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ അടുത്ത അപ്‌ഡേറ്റ് വിജയ്യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ ഇരുപത്തി രണ്ടിന് പുറത്തുവിടുമെന്ന് സിനിമയുടെ നിര്‍മ്മാതാവായ ലളിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്.
മണിരത്നം സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' ഒന്നും രണ്ടും ഭാഗങ്ങള്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചതും ശ്രീകോകുലം മൂവീസ് തന്നെയായിരുന്നു