വാരിസിന്റെ ലെെഫ് ടൈം കളക്ഷനെയും മറികടന്ന് ​'ഗോട്ട്'?; 8 ദിവസം കൊണ്ട് വിജയ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത് എത്ര?

വാരിസിന്റെ ലെെഫ് ടൈം കളക്ഷനെയും മറികടന്ന് ​'ഗോട്ട്'?; 8 ദിവസം കൊണ്ട് വിജയ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത് എത്ര?
Published on

വാരിസിന്റെ ലെെഫ് ടൈം കളക്ഷനെ മറികടക്കാനൊരുങ്ങി വിജയുടെ '​ഗോട്ട്'. റിലീസിനെത്തി ഏട്ടാം ദിവസം 177.75 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. എന്നാൽ അതേസമയം ആദ്യ ദിനം 44 കോടി രൂപയോളം നേടിയ ചിത്രം ഏട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ 6.5 കോടിയായി ചുരുങ്ങുകയാണ് ചെയ്തിരിക്കുന്നത്. വിജയ് സിനിമകളുടെ സാധാരണ ബോക്സ് ഓഫീസ് പ്രകടനവുമായി തട്ടിച്ചു നോക്കുമ്പോൾ വലിയ വീഴ്ച തന്നെയാണ് ​ഗോട്ടിന് സംഭവിച്ചിരിക്കുന്നത്. എങ്കിലും ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് ​ഗോട്ട്.

2023 ൽ പുറത്തിറങ്ങിയ വിജയ് ചിത്രമായിരുന്നു വാരിസ്. ഇന്ത്യയിൽ നിന്നായി 178.14 കോടിയും ലോകമെമ്പാടുമായി 297.55 കോടിയുമാണ് വാരിസ് നേടിയത്. ഈ റെക്കോർഡാണ് ​ഗോട്ട് തകർക്കുന്നത്. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് ​ഗോട്ട്. ആദ്യ ദിനം മുതലേ തിയറ്റർ കളക്ഷനിൽ വലിയ പ്രതീക്ഷകളാണ് ചിത്രത്തിനുണ്ടായിരുന്നത്. GOAT ന്റെ പ്രീ സെയിൽ കണക്കുകളും ചിത്രത്തിന് നൽകിയിരുന്നത് വലിയ പ്രതീക്ഷയാണ്. ചിത്രത്തിന്റെ മൊത്തം പ്രീ സെയില്‍ വരുമാനമായി കണക്കാക്കുന്നത് 10.52കോടിക്കും മുകളിലാണ്. ഈ വര്‍ഷം ഒരു തമിഴ് സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രീ സെയില്‍ കണക്കാണിത്. ഇന്ത്യന്‍ 2ന്റെ നിലവിലെ റെക്കോര്‍ഡുകളെല്ലാം മറി കടന്നായിരുന്നു ഗോട്ടിന്റെ കുതിപ്പ്.

'മങ്കാത്ത' എന്ന അജിത്ത് ചിത്രത്തിലൂടെ വിസ്മയിപ്പിച്ച സംവിധായകൻ വെങ്കട്ട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് വിജയ് എത്തിയിരിക്കുന്നത്. പ്രശാന്ത്, സ്‌നേഹ, മോഹൻ, പ്രഭുദേവ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. ആക്ഷൻ മൂഡിലെത്തുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായിക. ചിത്രത്തിൽ അച്ഛനും മകനുമായാണ് വിജയ് എത്തുന്നത്. എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എ.ജി.എസ് എന്റർടൈൻമെന്റ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'

Related Stories

No stories found.
logo
The Cue
www.thecue.in