ബിഗ് ബഡ്ജറ്റിലെത്തുന്ന സിനിമയായിരിക്കും പ്രേമലു 2 എന്ന് സംവിധായകൻ ഗിരീഷ് എഡി. ഗിരീഷ് എഡി സംവിധാനം ചെയ്ത നസ്ലെൻ മമിത എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു പ്രേമലു. ഹൈദരബാദ് സിറ്റിയുടെ പശ്ചാത്തലത്തിൽ ഒരു റൊമാന്റിക് കോമഡി ഴോണറിലെത്തിയ പ്രേമലു പാൻ ഇന്ത്യൻ തലത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിൻറെ വിജയാഘോഷ പരിപാടിയിൽ പ്രേമലുവിന്റെ രണ്ടാം ഭാഗം സംവിധായകൻ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. അതിൽ ഏറ്റവും കൂടുതലായി ചർച്ച ചെയ്യപ്പെട്ടത് രണ്ടാം ഭാഗത്തിന്റെ കഥ നടക്കുന്നത് സച്ചിൻ ഉപരിപഠനത്തിന് തെരഞ്ഞെടുത്ത വിദേശ രാജ്യത്ത് വെച്ചായിരിക്കും എന്നതായിരുന്നു. എന്നാൽ പ്രേമലു 2 അത്തരത്തിൽ അല്ല പ്ലാൻ ചെയ്തിരിക്കുന്നതെന്നും ഒന്നാം ഭാഗത്തെക്കാൾ കൂടുതൽ തമാശകൾ രണ്ടാം ഭാഗത്തിൽ പ്രതീക്ഷിക്കാമെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗിരീഷ് എഡി പറഞ്ഞു.
ഗിരീഷ് എഡി പറഞ്ഞത്:
പ്രേമലു 2 വിന്റെ തിരക്കഥയുടെ പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെ ഇനി മറ്റു സിനിമകൾ ചെയ്യാനുള്ള സമയം ഇല്ല. പ്രേമലു 2 കുറച്ചു കൂടി വലിയ ബഡ്ജറ്റിൽ ചെയ്യുന്ന പടമായിരിക്കും. പ്രേമലുവിന്റെ ഒന്നാം ഭാഗത്തിൽ നിന്ന് ആളുകൾക്ക് ഉണ്ടായിട്ടുള്ള പ്രതീക്ഷികൾ പോലെ കുറച്ച് കൂടുതൽ തമാശയും സംഭവങ്ങളും ഒക്കെയുണ്ടാവുന്ന പടമായിരിക്കും. ആ സിനിമയെ മുഴുവനായി മറ്റൊരു നാട്ടിലേക്ക് പറിച്ചു നട്ടാൽ അതിന് പല പ്രശ്നങ്ങളും ഉണ്ടാവും. അതുകൊണ്ട് അങ്ങനെയല്ല പ്രേമലു 2 പ്ലാൻ ചെയ്തിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസിന്റെ ഏഴാമത്തെ പ്രൊഡക്ഷൻ ചിത്രമായാണ് പ്രേമലു 2 ഒരുങ്ങുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിലെ അതേ താരനിരയും അണിയറ പ്രവർത്തകരും തന്നെയായിരിക്കും രണ്ടാം ഭാഗത്തിലുമെത്തുക. പ്രേമലു എന്ന ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് സംവിധായകൻ രാജമൗലിയും തെലുങ്ക് താരം മഹേഷ് ബാബുവും മുൻപ് രംഗത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മലയാളത്തിനു പുറമെ തമിഴ്–തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്യുന്ന ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനാണ് സാധ്യത.
നസ്ലെനെ നായകനാക്കി ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന 'ഐ ആം കാതലൻ' ആണ് ഗിരീഷ് എഡിയുടേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. താൻ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ സിനിമയായിരിക്കും ഐ ആം കാതലൻ എന്ന് മുൻപ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗിരീഷ് എഡി പറഞ്ഞിരുന്നു.
ഗിരീഷ് എഡി പറഞ്ഞത്:
ഐ ആം കാതലൻ എന്ന സിനിമ ഒരു വർഷം മുമ്പ് ഷൂട്ട് ചെയ്ത സിനിമയാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ സിനിമയുടെ ഷൂട്ട് കഴിഞ്ഞിരുന്നു. ആ സിനിമയ്ക്ക് കുറച്ച് പ്രശ്നങ്ങൾ വന്നത് കാരണമാണ് ഞാൻ പ്രേമലുവിലേക്ക് വന്നത്. ആ സിനിമയുടെ ബാക്കി പരിപാടികൾ തീർത്ത് ഇനി അത് ചെയ്യണം. ആ സിനിമ മറ്റൊരു സബ്ജക്ടാണ്. ചെറിയ പടമാണ്. ഞാൻ തുടർച്ചയായി ചെയ്തു വന്ന പാറ്റേണിൽ നിന്നു വ്യത്യസ്തമായ ഒരു സംഭവമായിരിക്കും. അത്രയും മാത്രമേ ഈ ഘട്ടത്തിൽ പറയാൻ സാധിക്കുകയുള്ളൂ.