ഹിറ്റ് കോംമ്പോ വീണ്ടുമെത്തുന്നു; നസ്‌ലെൻ-ഗിരീഷ് എ ഡി ചിത്രം 'ഐ ആം കാതലൻ' ഓഗസ്റ്റിൽ

ഹിറ്റ് കോംമ്പോ വീണ്ടുമെത്തുന്നു; നസ്‌ലെൻ-ഗിരീഷ് എ ഡി ചിത്രം 'ഐ ആം കാതലൻ' ഓഗസ്റ്റിൽ
Published on

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ നസ്ലെൻ നായകനായെത്തുന്ന ' ഐ ആം കാതലൻ' ഈ വർഷം ആ​ഗസ്റ്റിൽ റിലീസിനെത്തും. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. താൻ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ സിനിമയായിരിക്കും ഐ ആം കാതലൻ എന്നും ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ വർഷം ജനുവരിയിൽ അവസാനിച്ചു എന്നും ​മുമ്പ് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗിരീഷ് എഡി പറഞ്ഞിരുന്നു.

ഗിരീഷ് എഡി പറഞ്ഞത്:

ഐ ആം കാതലൻ എന്ന സിനിമ ഒരു വർഷം മുമ്പ് ഷൂട്ട് ചെയ്ത സിനിമയാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ സിനിമയുടെ ഷൂട്ട് കഴിഞ്ഞിരുന്നു. ആ സിനിമയ്ക്ക് കുറച്ച് പ്രശ്നങ്ങൾ വന്നത് കാരണമാണ് ഞാൻ പ്രേമലുവിലേക്ക് വന്നത്. ആ സിനിമയുടെ ബാക്കി പരിപാടികൾ തീർത്ത് ഇനി അത് ചെയ്യണം. ആ സിനിമ മറ്റൊരു സബ്ജക്ടാണ്. ചെറിയ പടമാണ്. ഞാൻ തുടർച്ചയായി ചെയ്തു വന്ന പാറ്റേണിൽ നിന്നു വ്യത്യസ്തമായ ഒരു സംഭവമായിരിക്കും. അത്രയും മാത്രമേ ഈ ഘട്ടത്തിൽ പറയാൻ സാധിക്കുകയുള്ളൂ.

ടിനു തോമസാണ് ചിത്രത്തിന്റെ സഹ നിർമാതാവ്. അനിഷ്‌മയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമിത ബെെജു,നസ്ലെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ പ്രേമലുവാണ് ​ഗിരീഷ് എഡിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുകയും 100 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, ഭാവന സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമ്മിച്ചത്. ഒരു റൊമാന്റിക്ക് കോമഡി ഴോണറിലെത്തിയ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in