'ഞാന്‍ പെര്‍ഫക്ട് ഒന്നുമല്ല, പക്ഷെ എന്റെ വണ്ടി ഇടിച്ച് പൊളിക്കാന്‍ ആരാണ് അനുവാദം തന്നത്?'; വിശദീകരണവുമായി ഗായത്രി

'ഞാന്‍ പെര്‍ഫക്ട് ഒന്നുമല്ല, പക്ഷെ എന്റെ വണ്ടി ഇടിച്ച് പൊളിക്കാന്‍ ആരാണ് അനുവാദം തന്നത്?'; വിശദീകരണവുമായി ഗായത്രി
Published on

വാഹനാപകടത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്കും വിമര്‍ശനങ്ങള്‍ക്കും വിശദീകരണവുമായി നടി ഗായത്രി സുരേഷ്. നാട്ടുകാര്‍ തടഞ്ഞ് വെച്ച് പ്രശ്‌നമുണ്ടാക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ താരം ലൈവിലൂടെ വിശദീകരണം അറിയിച്ചിരുന്നു. അതിന് ശേഷം നടന്ന വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് ഗായത്രി മൂവി മാന്‍ എന്ന യൂട്യൂബ് ചാനിലില്‍ സംസാരിക്കവെ പ്രതികരിച്ചത്.

താന്‍ ഒരിക്കലും പെര്‍ഫക്ടായ സ്ത്രീയല്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെന്‍ഷന്റെ പുറത്താണ് ഇതെല്ലാം സംഭവിച്ചത്. പക്ഷെ ആളുകള്‍ക്ക് തന്റെ വണ്ടി തല്ലി പൊളിക്കാനും വീട്ടുകാരെ അസഭ്യം പറയാനും ആരാണ് അനുവാദം കൊടുത്തത്. താനൊരു സെലിബ്രിറ്റി ആയതിനാല്‍ മാത്രമാണ് ഈ സംഭവം ഇത്തരത്തില്‍ ചര്‍ച്ചയാവുന്നതെന്നും ഗായത്രി പറഞ്ഞു.

ഗായത്രിയുടെ വാക്കുകള്‍: 'കാക്കനാട് ഭാഗത്താണ് അപകടം നടക്കുന്നത്. മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു. റോഡില്‍ നല്ല തിരക്കായതുകൊണ്ട് നിര്‍ത്താന്‍ കഴിഞ്ഞില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകള്‍ ഞങ്ങളുടെ പുറകെ ഉണ്ടെന്ന് മനസിലായത്. അങ്ങനെ അവര്‍ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചു. കാര്‍ ഞങ്ങളുടെ മുന്നില്‍ നിര്‍ത്തി.

ഒരു പയ്യന്‍ പുറത്തിറങ്ങി, എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ച് വീട്ടുകാരെ അസഭ്യം പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ കാറില്‍ നിന്ന് ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്. ആ സംഭവം ഉണ്ടായതോടെ വണ്ടി അവിടെ നിന്നെടുത്തു. ഉടനെ അവരും പുറകെ. കുറച്ചുദൂരം ചെന്നശേഷം അവര്‍ ഞങ്ങളുടെ കാറിനു മുന്നില്‍ വട്ടംവച്ച് നിര്‍ത്തി. അതിനുശേഷം നടന്നതാണ് നിങ്ങള്‍ ആ വിഡിയോയില്‍ കണ്ടത്.

ഇത് ഇത്രയും വലിയ പ്രശ്‌നമാക്കിയത് ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണക്കാരായിരുന്നെങ്കില്‍ അവര്‍ ആരും വിഡിയോ എടുക്കാന്‍ പോകുന്നില്ല. ഞാന്‍ ഉള്‍പ്പെട്ടതുകൊണ്ട് ഇതൊരു വലിയ പ്രശ്‌നമായി മാറി. ആ വിഡിയോയില്‍ കണ്ടത് മാത്രമല്ല അവിടെ നടന്നത്. ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് ഞാന്‍ മാറിമാറി സോറി പറഞ്ഞിട്ടുണ്ട്. പിന്നെ അവര്‍ പൊലീസിനെ വിളിച്ചു. സത്യത്തില്‍ കേരള പൊലീസിനോട് വലിയ കടപ്പാടുണ്ട്. അവര്‍ എന്നോട് കാറിനുള്ളില്‍ കയറി ഇരുന്നോളാന്‍ പറഞ്ഞു. എന്നെ ആദ്യം തന്നെ സുരക്ഷിതയാക്കുകയാണ് അവര്‍ ചെയ്തത്.

വണ്ടി നിര്‍ത്താതെ പോയി എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. വണ്ടിയുടെ സൈഡ് മിററാണ് ഇടിച്ചത്. റോഡില്‍ ആ സമയത്ത് നല്ല തിരക്കായിരുന്നു. ഇവര്‍ പുറകെ വരുന്നുണ്ടെന്ന് വിചാരിക്കുന്നില്ല.

ഞാന്‍ പെര്‍ഫക്ട് ആയുള്ള സ്ത്രീ ഒന്നുമില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെന്‍ഷന്റെ പുറത്ത് സംഭവിച്ചതാണ്. ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനുശേഷം അവര്‍ ഉപയോഗിച്ച ഭാഷ കേള്‍ക്കണം. സത്യത്തില്‍ അപകടത്തില്‍ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. പിന്നീട് ആളുകള്‍ കാറിന്റെ ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചു പൊളിച്ചു. കാറില്‍ ചവിട്ടി.

ഇതൊന്നും ഞാന്‍ പൊലീസിനോടു പറയാന്‍ പോയില്ല. കാരണം ഇതൊരു വലിയ പ്രശ്‌നമാക്കേണ്ട എന്നുകരുതി. അവരാണ് ഞങ്ങളുടെ കാറിടിച്ച് പൊളിച്ചത്. ഇങ്ങനെയൊരു അപകടം നടന്നാല്‍ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയില്‍ ഉള്ളതെങ്കില്‍ ഇങ്ങനെ വിഡിയോ എടുക്കുമോ?

അതിനുപകരം ഒരു മനഃസാക്ഷിയുമില്ലാതെ വിഡിയോ എടുത്ത് അത് പാട്ടാക്കുക. നമ്മുടെ നാട്ടിലെ ആളുകള്‍ ഇങ്ങനെയാണോ? നമുക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. ആളുകളുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ അടക്കം മോശമായി പറഞ്ഞപ. പൊലീസുകാര്‍ വന്നിട്ട് നിങ്ങള്‍ പോയാല്‍ മതിയെന്ന് അവര്‍ ഞങ്ങളോട് മാന്യമായി പറയാമായിരുന്നു.

എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് അയാളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ ഞാന്‍ ഓര്‍ക്കുന്നത്.

കേരളത്തില്‍ മൂന്ന് കോടി ജനങ്ങളില്‍ ഒരുലക്ഷം ആളുകള്‍ മാത്രമാകും എനിക്കെതിരെ പറയുക. ബാക്കി കോടി ആളുകള്‍ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ട്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട. ഈ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടില്ല. ഞാനെന്റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകും. മലയാളത്തില്‍ എന്റെ അഞ്ച് സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. തെലുങ്കിലും രണ്ട് സിനിമകളും റിലീസ് ചെയ്യാനുണ്ട്.'

Related Stories

No stories found.
logo
The Cue
www.thecue.in