ഒടിടി പ്ലാറ്റ്‌ഫോമുകളെ ലക്ഷ്യമാക്കി താരങ്ങള്‍ സിനിമ നിര്‍മ്മിക്കുന്നത് പ്രതിസന്ധിയിലാക്കുന്നത് നിര്‍മ്മാതാക്കളെയാണെന്ന് ചേമ്പര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍. ചെറിയ ബജറ്റില്‍ സിനിമ നിര്‍മ്മിച്ച് താരങ്ങള്‍ ഒടിടിയില്‍ നിന്ന് വന്‍ തുക വാങ്ങുന്നു. താരങ്ങള്‍ ഉണ്ടായത് തിയേറ്ററില്‍ നിന്നാണെന്ന് ആരും മറക്കരുതെന്നും സുരേഷ് കുമാര്‍.
മലയാള സിനിമയുടെ വലിയ താരമായ മോഹന്‍ലാല്‍ സിനിമകള്‍ ഒടിടിക്ക് നല്‍കുന്നതില്‍ കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. മോഹന്‍ലാലിന്റെ സിനിമ തിയേറ്ററിലെത്താന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. മരക്കാറിന് പുറമെ വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒടിടിയിലേക്ക് പോകുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടെന്നും സുരേഷ് കുമാര്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സുരേഷ് കുമാര്‍ പറഞ്ഞത്:
'ഒടിടി ലക്ഷ്യമാക്കി താരങ്ങള്‍ സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങിയതാണ് അടുത്തകാലത്ത് ഉണ്ടായ മാറ്റം. ചെറിയ ബജറ്റില്‍ സിനിമ നിര്‍മ്മിച്ചുകൊണ്ട് അവര്‍ വന്‍ തുകയ്ക്കാണ് ഒടിടിയില്‍ വില്‍ക്കുന്നത്. അത് നിര്‍മ്മാതാക്കള്‍ക്ക് പ്രശ്‌നമാണ്. അവരുടെ ജോലിയാണ് അതിലൂടെ ഇല്ലാതാവുന്നത്. ഇപ്പോഴത്തെ താരങ്ങളെല്ലാം വളര്‍ന്നത് തിയേറ്ററിലൂടെയാണ്. അത് ആരും മറക്കരുത്. ജനം തിയറ്ററില്‍ വന്നു കയ്യടിച്ചു പ്രോത്സാഹിപ്പിച്ചാലേ ഇവരുടെ താരപദവി നിലനില്‍ക്കൂ. വീട്ടിലിരുന്നു പടം കാണുന്നവര്‍ കയ്യടിക്കില്ല.
മോഹന്‍ലാലിന്റെ വരാനിരിക്കുന്ന പുതിയ സിനിമകള്‍ ഒടിടിയില്‍ നല്‍കുന്നതിനോട് എനിക്ക് യോജിപ്പില്ല. മലയാള സിനിമയുടെ ഏറ്റവും വലിയ താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ സിനിമ തിയറ്ററില്‍ കാണാനും കയ്യടിക്കാനും ജനം തയാറായി ഇരിക്കുകയാണ്. അപ്പോള്‍ മോഹന്‍ലാല്‍ സിനിമകള്‍ ഒടിടിയിലേക്ക് പോകുന്നത് തിയേറ്ററുകാര്‍ക്കും ആസ്വാദകര്‍ക്കും നഷ്ടമാണ്. വര്‍ഷത്തില്‍ മോഹന്‍ലാലിന്റെ ഒന്നോ രണ്ടോ സിനിമകള്‍ ഒടിടിയിലേക്ക് പോകുന്നത് പ്രശ്‌നമല്ല. പക്ഷെ എല്ലാ സിനിമകളും ഒടിടിക്ക് കൊടുക്കുന്നതില്‍ മോഹന്‍ലാലിനെ പോലെ ഒരാള്‍ കൂട്ടു നില്‍ക്കരുത്.'
സര്‍ക്കാരിന്റെയും ഫിലിം ചേമ്പറിന്റെയും ഇടപെടല്‍ കൊണ്ടാണ് മോഹന്‍ലാല്‍ ചിത്രമായ 'മരക്കാര്‍' ഡിസംബര്‍ 2ന് തിയേറ്ററിലെത്തുന്നത്. മരക്കാറിന് പുറമെ മോഹന്‍ലാല്‍ ചിത്രങ്ങളായ ബ്രോ ഡാഡി, എലോണ്‍, ട്വല്‍ത്ത് മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒടിടിയിലാണ് റിലീസിന് ഒരുങ്ങുന്നത്.