മിഠായിത്തെരുവിലെ പോരാട്ടത്തിന്‍റെ കഥ; തൊഴിലാളി ദിനത്തോടനുബന്ധിച്ച് അസംഘടിതര്‍ സോണി ലിവില്‍ സൗജന്യ പ്രദര്‍ശനം

മിഠായിത്തെരുവിലെ പോരാട്ടത്തിന്‍റെ കഥ; തൊഴിലാളി ദിനത്തോടനുബന്ധിച്ച് അസംഘടിതര്‍ സോണി ലിവില്‍ സൗജന്യ പ്രദര്‍ശനം
Published on

തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഫ്രീഡം ഫൈറ്റ് എന്ന മലയാളം ആന്തോളജിയിലെ അസംഘടിതര്‍ എന്ന സിനിമ സൗജന്യമായി പ്രദശിപ്പിക്കാന്‍ സോണി ലിവ്‌. കോഴിക്കോട് മിഠായി തെരുവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കായി നടത്തിയ സമരത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുഞ്ഞില മാസ്സിലാമണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കോഴിക്കോട് മിഠായി തെരുവിലെ തുണിക്കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാനുള്ള സംവിധാനം ഇല്ലാതിരുന്ന സമയത്ത് അതിനെതിരെ ഒരുകൂട്ടം സ്ത്രീകള്‍ നടത്തിയ സമരമാണ് ചിത്രത്തിന്‍റെ കഥയുടെ ആധാരം. ഒരു ഡോക്യു ഫിക്ഷന്‍ മോഡിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യഥാര്‍ഥ സംഭവത്തില്‍ സമരത്തിന് നേതൃത്വം നല്‍കിയ പെണ്‍കൂട്ട് സംഘടന പ്രവര്‍ത്തക വിജി പെണ്‍കൂട്ട് ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.

നീണ്ട ജോലി സമയത്തിനിടയില്‍ മൂത്രമൊഴിക്കണമെങ്കില്‍ ചായ കുടിക്കാന്‍ എന്ന പേരില്‍ അകലെയുള്ള ഹോട്ടലില്‍ പോകേണ്ട അവസ്ഥ. ശുചിമുറി എന്ന അടിസ്ഥാന ആവശ്യത്തിനു വേണ്ടി ആ സ്ത്രീകള്‍ ഒത്തുചേരുന്നതും തുടര്‍ന്നുള്ള കാര്യങ്ങളുമാണ് ചിത്രത്തില്‍ ഉള്ളത്. ശ്രിന്ദ, വിജി പെണ്‍കൂട്ട്, പൂജ മോഹന്‍രാജ്, കബനി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

അസംഘടിതര്‍ കൂടാതെ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ഗീതു അണ്‍ചെയിന്‍ഡ്, ജിയോ ബേബിയുടെ ഓള്‍ഡ് ഏജ് ഹോം, ജിതിന്‍ ഐസക് തോമസിന്‍റെ പ്ര.തൂ.മു, ഫ്രാന്‍സീസ് ലൂയിസിന്‍റെ റേഷന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഫ്രീഡം ഫൈറ്റ് ആന്തോളജിയിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in