അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബൊഗെയ്ന്‍വില്ല സിനിമയിലെ 'സ്തുതി' എന്ന ഗാനം ക്രൈസ്തവ ആചാരങ്ങളെ അപമാനിക്കുന്നു എന്ന ആരോപണവുമായി ഫാദര്‍ റോയ് കണ്ണന്‍ചിറ. അമല്‍ നീരദ് ആണെങ്കിലും ഫഹദ് ഫാസിലാണെങ്കിലും കുഞ്ചാക്കോ ബോബനാണെങ്കിലും ക്രിസ്തുവിന്റെ നാമം ഉച്ചരിച്ച് ആക്ഷേപിച്ച് അരി മേടിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ വിശപ്പ് മാറില്ല എന്ന് റോയ് കണ്ണന്‍ചിറ പറഞ്ഞു. ക്രൈസ്തവ പ്രതീകങ്ങളെ അപമാനിച്ച് പോക്കറ്റ് നിറയ്ക്കാം എന്ന് വിചാരിച്ച പലരുടെയും പോക്ക് അറ്റു പോയി. കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയുടെ നായകന് സംഭവിച്ചത് എന്താണെന്ന് നമുക്കറിയാം. ക്രിസ്തീയ ആചാരങ്ങളെ അവഹേളിച്ചാണ് ഡാന്‍സ് ചെയ്യുന്നതെങ്കില്‍ ആ ഡാന്‍സിന്റെ താളം പിഴക്കുമെന്ന് ഷെക്കീന ചാനലില്‍ റോയ് കണ്ണന്‍ചിറ പറഞ്ഞു. സെപ്റ്റംബര്‍ 26നാണ് സ്തുതി എന്ന ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ക്രൈസ്തവ വിശ്വാസങ്ങളെ ഹീനമായി പരിഹസിക്കുന്നു എന്ന് ആരോപണം ഉന്നയിച്ച് ഗാനത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 17 ന് ചിത്രം തിയറ്ററുകളിലെത്തും.
ഫാ. റോയ് കണ്ണന്‍ചിറ പറഞ്ഞത്:
അമല്‍ നീരദ് ആണെങ്കിലും ഫഹദ് ഫാസിലാണെങ്കിലും കുഞ്ചാക്കോ ബോബനാണെങ്കിലും ക്രിസ്തുവിന്റെ നാമം ഉച്ചരിച്ച് ആക്ഷേപിച്ച് അരി മേടിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ വിശപ്പ് മാറില്ല എന്ന് സ്‌നേഹത്തോടെ ഓര്‍മ്മിപ്പിക്കുകയാണ്. കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയുടെ നായകന് സംഭവിച്ചത് എന്താണെന്ന് നമുക്കറിയാം. കര്‍ത്താവിന്റെ നാമവും വിശുദ്ധമായ ക്രൈസ്തവ പ്രതീകങ്ങളും അപമാനിച്ച് പോക്കറ്റ് നിറയ്ക്കാം എന്ന് വിചാരിച്ച പലരുടെയും പോക്ക് അറ്റു പോയി. ഭൂലോകം സൃഷ്ടിച്ചത് കര്‍ത്താവ് തന്നെയാണ്. ആ കര്‍ത്താവിന് എന്നും സ്തുതി തന്നെയാണ്. പിശാചിന്റെ വസ്ത്രം ധരിച്ച് വികൃതമായി വിശുദ്ധ കുരിശിനെയും ക്രിസ്തീയമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടക്കുന്ന ഇടങ്ങളെയും അവഹേളിച്ചുകൊണ്ടാണ് നിങ്ങള്‍ ഡാന്‍സ് കളിക്കുന്നതെങ്കില്‍ സ്‌നേഹിതരെ, ആ ഡാന്‍സിന്റെ താളം പിഴയ്ക്കും. അവതാളത്തില്‍ അത് ഒടുങ്ങും.
അതേ സമയം ശ്രദ്ധിച്ച് കേട്ടാല്‍ മാത്രം മനസ്സിലാകുന്ന പ്രണയഗാനമാണ് സ്തുതി എന്ന് ഗാനരചയിതാവ് വിനായക് ശശികുമാര്‍ പറഞ്ഞു. സാധാരണ തരത്തിലെ പ്രണയ ഗാനങ്ങളുടെ അവതരണമല്ല സ്തുതി എന്ന ഗാനത്തിന് വേണ്ടി സ്വീകരിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ രചനയ്ക്ക് മുന്‍കാല മാതൃകകളൊന്നും ഉണ്ടായിരുന്നില്ല എന്നും ആ പുതുമ ഗാനത്തിനുണ്ടെന്നും വിനായക് ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.