‘ബോംബല്ല മലപ്പുറത്തുള്ളത്’; കെഎല്‍ ടെന്‍ പത്തിന്റെ നാല് വര്‍ഷങ്ങള്‍
സുഡാനി ഫ്രം നൈജീരിയയിലും, വൈറസിലും, തമാശയിലും മുസ്ലിം കഥാപാത്രങ്ങളുടെ സിനിമാറ്റിക് സ്റ്റീരിയോ ടൈപ്പുകളെ പലയിടങ്ങളിലായി പൊളിക്കുന്നുണ്ട്. പച്ച ബെല്‍റ്റും മുറിക്കയ്യന്‍ ബനിയനുമായി മുസ്ലിം പുരുഷ കഥാപാത്രങ്ങളും, അയല്‍വക്കത്ത് നിന്ന് ബിരിയാണിപ്പാത്രവുമായി പാസിംഗ് സീനുകളിലായി ഒതുങ്ങിപ്പോകാറുള്ള മുസ്ലീം സ്ത്രീ കഥാപാത്രങ്ങളും ആവര്‍ത്തിക്കുന്നിടത്താണ് ഈ സിനിമകള്‍ പൊതുധാരണങ്ങള്‍ക്ക് കുറുകെ നിന്ന് അപരത്വം അന്യരാക്കിയ കുറേ മനുഷ്യരുടെ ശബ്ദമായത്. വൈറസിനും തമാശക്കും സുഡാനിക്കും മുമ്പ് കെഎല്‍ടെന്‍ പത്ത് എന്ന ചിത്രമാണ് മുസ്ലിം സ്റ്റീരിയോടൈപ്പ് റോളുകളുടെ പൊളിച്ചെഴുത്തിന് പുതുതലമുറ സിനിമകളില്‍ തുടക്കമിട്ടത്.
ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ മന പൊളിക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണത്തിനിടെ നായകന്‍ ജഗന്നാഥന്‍ പറയുന്നുണ്ട്. മന ബോംബ് വച്ച് പൊളിക്കാമെന്നും അതാവുമ്പോള്‍ ചെലവ് കുറയുമെന്നും, സാധനം മലപ്പുറത്ത് കിട്ടുമെന്നാണ് ആ സംഭാഷണ തുടര്‍ച്ച. രാഷ്ട്രീയ-സാമൂഹ്യ-മാധ്യമ കേന്ദ്രീകൃത പൊതുബോധം മലപ്പുറത്തിന് നല്‍കിയ അപരത്വത്തിലാവും ഈ സംഭാഷണം പിറന്നിട്ടുണ്ടാവുക. മലപ്പുറം എന്ന ദേശത്തിന്റെ സ്വത്വത്തിന് മറയിടുന്ന ഇത്തരം പൊതുധാരണകളെ കൂടെയാണ് മുഹ്‌സിന്‍ പരാരി രചനയും സംവിധാനവും നിര്‍വഹിച്ച് 2015ല്‍ പുറത്തിറങ്ങിയ കെഎല്‍ ടെന്‍ പത്ത് പ്രതിരോധിച്ചത്.
പ്രാദേശിക ഭാഷാഭേദങ്ങളുടെ താളവും തനിമയും പ്രയോജനപ്പെടുത്തിയ സിനിമകളില്‍ തൃശൂര്‍-കോട്ടയം-ഫോര്‍ട്ട് കൊച്ചി സ്ലാങുകള്‍ക്കായിരുന്നു മലയാളത്തില്‍ പ്രിയം കൂടുതല്‍. മലപ്പുറം കണ്ണൂര്‍ വാമൊഴികള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നതിനേക്കാള്‍ കുഴക്കുന്ന വകഭേദങ്ങളായിട്ടാണ് സിനിമയിലെത്തിയിരുന്നത്. എന്നാല്‍ മഴ മയയായും പുഴ പുയയായും മാറുന്നതുള്‍പ്പെടെ ഭാഷാഭേദങ്ങളും അതിന്റെ ചാരുത മായാത്ത പാട്ടുകളും ചേര്‍ത്ത് കെഎല്‍ ടെന്‍ പത്ത് പുതിയൊരു മലപ്പുറത്തെ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചു.
രാഷ്ട്രീയപരമായി മലപ്പുറത്തെ കുറിച്ചുള്ള പൊതുധാരണകള്‍ തിരുത്തിയെഴുതിയപ്പോഴും അതിന് സംവിധായകന്‍ ഗൗരവകരമായ ഒരു കഥാ പശ്ചാത്തലമോ ദാര്‍ശനിക പ്രസ്താവനകളോ ഉപയോഗിച്ചിരുന്നില്ല. മറിച്ച് അറബിക് കോളേജില്‍ നിന്ന് ബിരുദം നേടിയ, ഫുട്ബോള്‍ കളിക്കാരനായ അഹമ്മദിന്റെ(ഉണ്ണി മുകുന്ദന്‍)പ്രണയത്തിലൂന്നിയായിരുന്നു കഥ മുന്നോട്ട് പോയത്.
അഹമ്മദ് പ്രണയിനി ഷാദിയക്കൊപ്പം(ചാന്ദ്നി ശ്രീധരന്‍) ജീവിക്കാനായി നാട് കടന്നോടുകയാണ്. അഹമ്മദിന്റെ ഒളിച്ചോട്ടത്തിന് പിന്നാലെ ഓടുന്ന ചേട്ടന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള സംഘം. ദൈവസൃഷ്ടിയെന്ന് വിശ്വസിക്കുന്ന ജിന്നുകളിലൊരുവനായിരുന്നു ചിത്രത്തില്‍ കഥ പറഞ്ഞത്. കൊച്ചിയിലെ ഫ്രീക്കനായി കണ്ടിരുന്ന ശ്രീനാഥ് ഭാസി ഈ കഥാപാത്രത്തെ മികവോടെ തന്നെ കാഴ്ചവെച്ചു. മലപ്പുറത്തെ കേന്ദ്രീകരിച്ചാണ് കഥ തുടങ്ങിയതെങ്കിലും അഹമ്മദിന്റെ പിന്നാലെയുള്ള യാത്രകളിലൂടെ മലബാറിനെ തന്നെ പൂര്‍ണ്ണമായും പ്രതിനിധീകരിച്ചിരുന്നു.
ഗ്രാമീണ തനിമ അല്ലെങ്കില്‍ നന്മ എന്നതിനേക്കാള്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം, അവരുടെ സ്വഭാവവ്യാഖ്യാനം,മലപ്പുറത്തിന്റെ ഫുട്ബോള്‍ ഭ്രമം,മലബാറിന്റെ രുചിപ്പെരുമ,ആ നാടിന്റെ സാംസ്‌കാരിക-സ്വഭാവ സവിശേഷതകള്‍ ഇങ്ങനെ വിശാലതയിലേക്ക് സഞ്ചരിക്കുകയായിരുന്നു കെ എല്‍ ടെന്‍ പത്ത്. നായകന്റെയും നായികയയുടെയും പ്രണയ സാക്ഷാത്ക്കാരത്തേക്കാള്‍ മലപ്പുറത്തിന്റെ സ്വഭാവവിശകലനത്തിനായിരുന്നു സംവിധായകന്‍ ശ്രമിച്ചത്.
മതനിര്‍ബന്ധങ്ങളെയും സാമ്പ്രദായിക ശീലങ്ങളെയും വിടാതെ ജീവിക്കുന്ന തലമുറയും സൗകര്യത്തിനൊത്ത് ഇവയെ പിന്‍പറ്റുന്ന പുതുതലമുറയും ചിത്രത്തിലുണ്ടായിരുന്നു. ചെറുതും വലുതുമായ തമാശകളിലൂടെ കനമുള്ള രാഷ്ട്രീയവും കെഎല്‍ ടെന്‍ പത്തിന്റെ അടരുകളിലുണ്ട്. കുടുംബത്തിന്റെ മാനം കാക്കാന്‍ ഭാര്യയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതും, ഇസ്തിരിയിട്ട ഷര്‍ട്ട് കിട്ടാതാവുമ്പോള്‍ ഭാര്യയുടെ പൊതുപ്രവര്‍ത്തനത്തിലെ അതൃപ്തി തമാശയായി പറഞ്ഞുപോകുന്നതും കാണാം.
മതരാഷ്ട്രീയത്തെയും സെക്യുലര്‍ ടാഗിലുള്ള പുരോഗമനരാഷ്ട്രീയത്തെയും പിന്താങ്ങാതെ രാഷ്ട്രീയാതീത സൗഹൃദത്തിലേക്ക് പോയ കെഎല്‍ ടെന്‍ പത്തും ഭാഷയുടെയോ ജാതിയുടെയോ മതത്തിന്റെയോ വേരുപിടിക്കാതെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് പടരുന്ന മനുഷ്യത്വവും സൗഹൃദവും പറഞ്ഞു വെച്ച സുഡാനിയും തമ്മില്‍ കൂട്ടി വായിക്കാന്‍ ഒരുപാടുണ്ട്. ചിത്രത്തിന്റെ സംവിധായകനായ സക്കരിയയുമായി രചന നിര്‍വഹിച്ചിരുന്നതും മുഹ്‌സിനായിരുന്നു.
മലപ്പുറത്തു നിന്നുണ്ടായ ഈ തുടക്കം പിന്നീട് സൗബിന്‍ സംവിധാനം ചെയ്ത പറവയിലൂടെ കൊച്ചിയിലേക്കും പടരുകയുണ്ടായി. ഗുണ്ടകളും കഞ്ചാവ് വില്‍പ്പനക്കാരും പോലീസിനെ വെട്ടിച്ചോടിയ പ്രതികളും പിടികിട്ടാപുള്ളികളും ചുറ്റിക്കറങ്ങിയിരുന്ന മലയാള സിനിമയിലെ മട്ടാഞ്ചേരിയില്‍ നിന്ന് പ്രാവു വളര്‍ത്തുന്ന സ്‌കൂള്‍ കുട്ടികളായ ഇച്ചാപ്പിയും ഹസീബും കൂടി മട്ടാഞ്ചേരിയിലെ യഥാര്‍ഥ മനുഷ്യരെ തുറന്നു കാട്ടി. ഏറ്റവും ഒടുവില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ വൈറസ് , തമാശ എന്നീ ചിത്രങ്ങളും കെഎല്‍ ടെന്‍ പത്ത് പൊളിച്ചെഴുതിയ പൊതുബോധത്തിന്റെ തുടര്‍ച്ച തന്നെ. ഇസ്ലാമോഫോബിയ, മുസ്ലിം അപരത്വങ്ങളെ പൊളിച്ചെഴുതുമ്പോള്‍ തന്നെ മാനവികത മതബോധത്തിന്റെ ഉല്‍പ്പന്നമാണെന്ന് പറയുന്നിടത്ത് കെഎല്‍ടെന്‍ പത്തും സുഡാനിയും പറവയും വിയോജിപ്പ് സൃഷ്ടിക്കുന്നുമുണ്ട്. മതം വിമര്‍ശനങ്ങള്‍ക്കോ തിരുത്തലുകള്‍ക്കോ വിധേയമാകേണ്ട ഒന്നല്ലെന്ന യാഥാസ്ഥിതിക വാദവും ഈ സിനിമകള്‍ക്കുണ്ട്.
കൗതുകം സൃഷ്ടിക്കാനും സംഭാഷണങ്ങളില്‍ രസം പെരുപ്പിക്കാനും മാത്രമായി ഉപയോഗിക്കുന്ന പ്രാദേശികതയൂന്നിയ കഥാപാത്രങ്ങള്‍, കാരിക്കേച്ചര്‍ കഥാപാത്രങ്ങളുണ്ടാക്കാനും കോമഡിക്കും വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന തൃശൂരിലെയും കണ്ണൂരിലെയും കോഴിക്കോട്ടെയും വാമൊഴികള്‍, നാല് കെട്ടിയോ എന്ന ചോദിക്കപ്പെടുന്ന മുസ്ലീം വാപ്പമാര്‍, വീടിനകത്ത് തളച്ചിട്ടിരിക്കുന്ന സാമൂഹിക ജീവിതമില്ലാത്ത, വിദ്യാഭ്യാസത്തിലും വിവാഹത്തിലുമൊന്നും തെരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യമില്ലാത്ത മുസ്ലീം പെണ്‍കുട്ടികള്‍, മലയാള സിനിമകളിലെ പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ഇത്തരം വാര്‍പ്പു മാതൃകകളുടെ പൊളിച്ചെഴുത്താണ് കുറച്ചു സിനിമകളിലൂടെയെങ്കിലും ഈ വര്‍ഷങ്ങളില്‍ നടന്നത്.