അധോലോക നായകനായ സീരിയല്‍ കില്ലര്‍; ചാള്‍സ് ശോഭരാജിന്റെ ജീവിതം പകര്‍ത്തിയ അഞ്ച് സിരീസുകള്‍

Right: Charles Sobhraj Pictured in Delhi, Left: Still from ''The Serpant''
Right: Charles Sobhraj Pictured in Delhi, Left: Still from ''The Serpant''
Published on

'ഇതിന് മുമ്പ് ഇത്രയും ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളു', 1986-ല്‍ റിലീസായ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ വലിയ ഫാന്‍ബേസുള്ള ഒരു ഡയലോഗാണിത്. ബോംബെയില്‍ നിന്നെത്തിയ ദാമോദര്‍ജിയുടെ ആത്മസുഹൃത്തായ ശോഭരാജ്. ദാമോദര്‍ജി ധീരതയുടെ പ്രതീകമായി കാണുന്ന ശോഭരാജ്.

എന്നാല്‍ അറുപതുകളുടെ ആദ്യ പകുതി മുതലാരംഭിച്ച കൊലപാതക പരമ്പരകളിലൂടെ ഇന്ത്യയടക്കം അഞ്ചോളം രാജ്യങ്ങളുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട സീരിയല്‍ കില്ലര്‍ ശോഭരാജിനെ ലോകമറിയുന്നത് മറ്റുചില അപരനാമങ്ങളിലാണ്. ബിക്കിനി കില്ലര്‍, സെര്‍പ്പന്റ്, സ്പ്ലിറ്റിംഗ് കില്ലര്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഏറെയുണ്ട് ആ കുപ്രസിദ്ധ കുറ്റവാളിക്ക്.

സീരിയല്‍ കൊലപാതകങ്ങളില്‍ നിന്ന് പിന്‍വാങ്ങിയ കാലത്ത്, കൊള്ളകളിലൂടെയും ചൂതാട്ടത്തിലൂടെയും തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തിയ ശോഭരാജ് 80 കളുടെ തുടക്കത്തോടെ ഒരു അധോലോക നായകനെന്ന വിശേഷണവും സ്വന്തമാക്കിയിരുന്നു. ആ ശോഭരാജിനെയാണ് ദാമോദര്‍ജി ആരാധനയോടെ ഓര്‍ത്തെടുക്കുന്നത്. ഒടുവില്‍ 2003-ല്‍ നേപ്പാളില്‍ അറസ്റ്റിലായ ചാള്‍സ് ശോഭരാജ് കഴിഞ്ഞ 20 വര്‍ഷത്തെ തടവിനുശേഷം 78-ാമത്തെ വയസില്‍ മോചിതനാകുന്നു.

ക്രൂര കൊലപാതകങ്ങള്‍, കൊള്ളകള്‍, കുപ്രസിദ്ധമായ ഒളിച്ചോട്ടങ്ങള്‍, ജയില്‍ ചാട്ടങ്ങള്‍ എന്നിങ്ങനെ ചാള്‍സ് ശോഭരാജിന്റെ സംഭവ ബഹുലമായ ശോഭരാജിന്റെ ജീവിതം സിനിമാ കഥയെ വെല്ലുന്നതാണ്. അതുകൊണ്ടുതന്നെ ബോളിവുഡില്‍ നിന്നെത്തിയ മേ ഓര്‍ ചാള്‍സ് അടക്കം ഒരുപിടി ദൃശ്യാവിഷ്‌കാരങ്ങള്‍ ചാള്‍സ് ശോഭരാജിന്റെ ജീവിതത്തെ സ്‌ക്രീനിലെത്തിച്ചിട്ടുമുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത് നോക്കാം.

ഷാഡോ ഓഫ് കോബ്ര - shadow of cobra (1989)

'ദ ലൈഫ് ആന്‍ഡ് ക്രൈംസ് ഓഫ് ചാള്‍സ് ശോഭരാജ്' എന്ന പുസ്‌കത്തെ ആസ്പദമാക്കി മാര്‍ക്ക് ജോഫ് സംവിധാനം ചെയ്ത ടെലിവിഷന്‍ സിനിമയാണ് ഷാഡോ ഓഫ് കോബ്ര. രണ്ട് മണിക്കൂറും നാല്‍പ്പത്തിയഞ്ച് മിനിറ്റും നീളുന്ന ചിത്രം രണ്ട് എപ്പിസോഡുകളായാണ് സ്ട്രീം ചെയ്യപ്പെട്ടത്. പാകിസ്താന്‍ വംശജനായ ഇംഗ്ലീഷ് നടന്‍ ആര്‍ട്ട് മാലിക് ചാള്‍സ് ശോഭരാജായി എത്തിയ സീരിസില്‍ റേച്ചല്‍ വാര്‍ഡ്, മൈക്കിള്‍ വുഡ്‌സ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ശോഭരാജ് ഓര്‍ ഹൗ ടു ബി ഫ്രണ്ട്‌സ് വിത്ത് എ സീരിയല്‍ കില്ലര്‍ - Sobhraj, or How to Be Friends with a Serial Killer (2004)

ഫിന്‍ലന്റ് ചലചിത്രകാരനായ ജാന്‍ വെല്‍മാനും, അനില്‍ ഗോയലും ചേര്‍ന്ന് തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് ശോഭരാജ്, ഓര്‍ ഹൗ ടു ബി ഫ്രണ്ട്‌സ് വിത്ത് എ സീരിയല്‍ കില്ലര്‍. ഇന്ത്യയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കടന്ന ശോഭരാജ് പാരീസില്‍ നയിച്ച ആഡംബര ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം. കൊലപാതക പരമ്പരങ്ങളെക്കുറിച്ചുള്ള പതിവ് വിവരണത്തിലുപരി ഇന്ത്യയില്‍ അടക്കം അതീവ സുരക്ഷാ ജയിലുകളില്‍ നിന്നുള്ള ശോഭരാജിന്റെ ജയില്‍ ചാട്ടങ്ങളുടെയും പുനരാവിഷ്‌കാരങ്ങളായിരുന്നു ഡോക്യുമെന്ററിയിലുണ്ടായിരുന്നത്. കൊടും കുറ്റവാളിയായ ശോഭരാജിന് ഹീറോയിക് പരിവേഷം നല്‍കുന്നതാണ് ഈ ചിത്രീകരണമെന്ന നിലയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

watch on youtube

മേ ഓര്‍ ചാള്‍സ് - main aur charles (2015)

രണ്‍ദീപ് ഹുഡ്ഡ ശോഭരാജായി എത്തിയ ബോളിവുഡ് ചിത്രമാണ് 'മേ ഓര്‍ ചാള്‍സ്'. ഇന്ത്യയില്‍ ചാള്‍സ് ശോഭരാജിന്റെ കേസന്വേഷിച്ച ആമോദ് കാന്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് കഥപറയുന്ന ചിത്രം, ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ആദില്‍ ഹുസൈന്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ റിച്ച ചദ്ദയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈനോഷര്‍ നെറ്റ് വര്‍ക്കസിന്റെ ബാനറില്‍ പ്രവാള്‍ രാമനാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

watch on dinsey + hotstar

ദ സെര്‍പെന്റ് - The serpent (2021)

ശോഭരാജിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെ മാത്രം അടയാളപ്പെടുത്തുന്ന 8 എപ്പിസോഡ് നെറ്റ്ഫ്‌ളിക്‌സ് സീരീസാണ് ദ സെര്‍പെന്റ്. ടെലിവിഷന്‍ സിനിമകളിലൂടെ പ്രശസ്തനായ ടോം ഷാങ്ക്‌ലാന്റും ഹാന്‍സ് ഹെര്‍ബോര്‍ട്ട്‌സുമാണ് സംവിധായകര്‍. മാമത്ത് സ്‌ക്രീനുമായി സഹകരിച്ച് ബിബിസി വണ്ണും നെറ്റ്ഫ്‌ളിക്‌സുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫ്രഞ്ച് - അള്‍ജീരിയന്‍ നടന്‍ താഹര്‍ റഹീമാണ് സീരീസില്‍ ചാള്‍സ് ശോഭരാജായി എത്തുന്നത്. 1970-കളിലെ ശോഭരാജിന്റെ കുറ്റകൃത്യ പരമ്പരകളാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

watch on netflix

ദ സ്‌നേക്ക് - The Snake (ഇന്‍-പ്രൊഡക്ഷന്‍)

'ദ ബിക്കിനി മര്‍ഡേര്‍സ്' (The Bikini Murders) എന്ന സ്വന്തം പുസ്തകത്തെ ആസ്പദമാക്കി ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ ഫാറൂക്ക് ധോണ്ടി ഒരുക്കുന്ന സീരീസാണ് 'ദ സ്‌നേക്ക്'. ചാള്‍സ് ശോഭരാജിന്റെ കുറ്റകൃത്യ പരമ്പരയെ അടിസ്ഥാനമാക്കിയുള്ള സീരീസ് ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി മൂന്ന് എപ്പിസോഡുകളായാണ് എത്തുന്നത്. ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായ ഇന്‍വാര്‍ സ്റ്റുഡിയോസ് ഗ്ലോബലാണ്. സീ5 ആണ് ഇന്ത്യയില്‍ ചിത്രമെത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in