മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം 'കാതൽ ദ കോറി'ലെ ആദ്യ ലിറിക്കൽ ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. മാത്യൂസ് പുളിക്കൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ 'എന്നും എൻ കാവൽ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജി. വേണു ഗോപാലും കെ.എസ് ചിത്രയും ചേർന്നാണ്. അൻവർ അലിയാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡി എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം നവംബർ ഇരുപത്തി മൂന്നിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും.
കാതലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. കാതലിന്റെ തിരക്കഥ കേട്ടപ്പോള്‍ മമ്മൂട്ടി അത് കേട്ടിരുന്ന രീതി തങ്ങളെ എക്‌സൈറ്റ് ചെയ്യിച്ചിരുന്നവെന്ന് തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതൽ. മുപ്പത് ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്.