ഫയർ സോങിലൂടെ സൂര്യക്ക് പിറന്നാൾ ആശംസിച്ച് ടീം കങ്കുവാ; ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

ഫയർ സോങിലൂടെ സൂര്യക്ക് പിറന്നാൾ ആശംസിച്ച് ടീം കങ്കുവാ; ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്
Published on

സൂര്യയുടെ പിറന്നാളിന് കങ്കുവയിലെ ആദ്യ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഫയർ സോങ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ദേവി ശ്രീ പ്രസാദിന്റെ ഈണത്തിന് വരികളെഴുതിയിരിക്കുന്നത് വിവേകയാണ്. വി എം മഹാലിംഗം, സെന്തിൽ ഗണേഷ്, ഷെമ്പകരാജ്, ദീപ്തി സുരേഷ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഗ്രീൻ സ്റ്റുഡിയോസ് ആണ്. ചിത്രത്തിൽ ദിഷ പാട്നിയാണ് നായികയായി എത്തുന്നത്. കങ്കു എന്നാൽ പുരാതന തമിഴിൽ തീ എന്നാണ് അർത്ഥമെന്നും, കങ്കുവാ എന്നാൽ തീയിന്റെ ശക്തിയുള്ള മനുഷ്യൻ എന്നാണ് അർത്ഥമെന്നും ശിവ മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ പാട്ടിലെ വരികളും നെരിപ്പ്, അഥവാ തീ എന്ന വാക്കിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. ഫയർ സോങിലൂടെ കങ്കുവയുടെ പിറന്നാൾ ആഘോഷിക്കാം എന്ന് പറഞ്ഞു കൊണ്ടാണ് സ്റ്റുഡിയോ ഗ്രീൻ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഗാനം പങ്കുവച്ചത്.

സൂര്യയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് കങ്കുവാ. പീരിയോഡിക് 3D ചിത്രമായെത്തുന്ന കങ്കുവാ പത്ത് ഭാഷകളിലായാണ് റിലീസിനെത്തുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ മുൻപിറങ്ങിയ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന നിർവ്വഹിക്കുന്നത്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കിയാണ് സംഭാഷണമെഴുതുന്നത്. ദിഷ പാട്നി, ബോബി ഡിയോൾ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബർ 10-ന് തിയറ്ററുകളിലെത്തും.

രജനി ചിത്രം 'അണ്ണാത്തെ'യ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവാ. 2022-ൽ പുറത്തിറങ്ങിയ എതർക്കും തുനിന്തവൻ ആണ് സൂര്യയുടേതായി അവസാനമായി പുറത്തിറിങ്ങിയ ചിത്രം. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം സൂര്യ 44-ന്റെ അപ്‌ഡേറ്റും സൂര്യയുടെ പിറന്നാൾ ദിനത്തിൽ പുറത്തു വന്നിരുന്നു. ലോകേഷ് കനകരാജ് വിക്രത്തിലൂടെ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രത്തിന് മുകളിൽ നിൽക്കുന്നൊരു ​നെ​ഗറ്റീവ് ഷേയ്ഡ് നായകനായിരിക്കും ഈ ചിത്രത്തിലേതെന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in