‘ആട് 2 ചെയ്യാൻ മറ്റൊരു സംവിധായകനെ വരെ ആലോചിച്ചു’, ഡിപ്രഷൻ അതിജീവനത്തെ കുറിച്ച് മിഥുൻ മാനുവൽ തോമസ്
'ഈ തുരങ്കത്തിനപ്പുറമുള്ള വെളിച്ചത്തിലേയ്ക്ക് ഞാൻ നടന്നെത്തുകതന്നെ ചെയ്യും'. വിഷാദരോഗത്തെ കീഴിപ്പെടുത്തിയ ഓർമ്മകളിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ്. നെഗറ്റിവ് ചിന്തകളും, അകാരണമായ ഭയങ്ങളും കൊണ്ട് ചിന്തകൾ കീഴ്പ്പെടുത്തിയിരുന്ന സമയം തനിക്കും ഉണ്ടായിരുന്നു. ഒരു ക്രോണിക്ക് ഡിപ്രെഷൻ സർവൈവറെന്ന നിലയ്ക്ക് താൻ കടന്നു വന്ന വഴികളെക്കുറിച്ച് മറ്റുള്ളവരോട് പങ്കുവെയ്ക്കുന്നത് അവർക്ക് ഉപകാരപ്രദമായിരിക്കുമെന്ന് താൻ കരുതുന്നു എന്ന് മിഥുൻ പറയുന്നു. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ തുടർന്നാണ് സ്വന്തം അനുഭവം പങ്കുവയ്ക്കാൻ തീരുമാനമെടുത്തത്. വിഷാദരോഗത്തെക്കുറിച്ചും ആങ്സൈറ്റി ഡിസോർഡറിനെക്കുറിച്ചുമാണ് വീഡിയോയിൽ പറയുന്നത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മിഥുന്റെ വാക്കുകൾ ഇങ്ങനെ,
ഇത് എന്റെ മാത്രം അനുഭവമാണ്. പലർക്കും പല രീതിയിലായിരിക്കും ഈ അവസ്ഥ അനുഭവപ്പെടുന്നത്. പത്തു ദിവസത്തിനുള്ളിൽ ആട് 2 ഷൂട്ട് തുടങ്ങേണ്ട സമയത്താണ് താൻ ഈ രോഗാവസ്ഥയിൽ എത്തിനിൽക്കുന്നത്. കടുത്ത മാനസിക വിഷമതകളെ തുടർന്ന് ചിത്രം മുടങ്ങുമെന്ന അവസ്ഥ വരെ ഉണ്ടായി. മരണഭയവും ഷൂട്ടിങ് മുടങ്ങുമോ എന്ന തോന്നലും എന്റെ ഉറക്കം കളഞ്ഞിരുന്നു. എന്റെ അവസ്ഥ താൻ സ്വയം തിരിച്ചറിയുകയും സുഹൃത്തുവഴി ഒരു കൗൺസിലറുമായി ബന്ധപ്പെടുകയും ചെയ്തു. രോഗാവസ്ഥയെ അംഗീകരിക്കുകയും അതിനൊരു വിദഗ്ധ സഹായം തേടുകയും ചെയ്യുക എന്നതാണ് ആദ്യപടി. അന്നെന്നോട് എന്റെ ഡോക്ടർ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്, ചിന്തകൾക്ക് നമ്മളെ ഭയപ്പെടുത്താനേ കഴിയു, ശാരീരികമായി ഒന്നും ചെയ്യാൻ കഴിയില്ല. നിങ്ങളുടെ ഭയം വെറും ചിന്തകൾ മാത്രമാണ്.
ഇങ്ങനൊരു അവസ്ഥയിൽ ഒരു തീരുമാനമെടുക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. മനസ്സിന്റെ ഒരു പകുതി നമ്മോട് മല്ലടിക്കുമ്പോൾ മറുപകുതികൊണ്ട് നേരിടുക. ഇത് ഇത്രയേ ഉള്ളു, നേരിട്ടിട്ടുതന്നെ ബാക്കി കാര്യം, ഈ തുരങ്കത്തിനപ്പുറമുള്ള വെളിച്ചത്തിലേയ്ക്ക് ഞാൻ നടന്നെത്തുകതന്നെ ചെയ്യും, ഈ പോരാട്ടത്തിൽ നമ്മൾ തോൽക്കില്ല എന്ന തീരുമാനം ഓരോദിവസവും പുതുക്കിക്കൊണ്ടിരിക്കണം.
താൻ കാരണം പടം മുടങ്ങുന്ന അവസ്ഥ വരുകയോ, സിനിമയുടെ ഷൂട്ട് പൂർത്തിയാക്കാൻ കഴിയാതെ വരുകയോ ചെയ്താൽ ചിത്രീകരണം പൂർത്തിയാക്കുന്നതിന് മറ്റൊരു സംവിധായകന്റെ സഹായം തേടിയിരുന്നതായും മിഥുൻ സമൂഹമാധ്യമത്തിൽ പങ്കു വച്ച വിഡിയോയിൽ പറയുന്നു.