ഹ്വിഗിറ്റ എന്ന പേരിൽ സിനിമ വരുന്നതിൽ ദു:ഖമുണ്ടെന്ന് പ്രശസ്ത സാഹിത്യകാരൻ എൻ.എസ് മാധവൻ കഴിഞ്ഞ ദിവസം പറഞ്ഞത് ചർച്ചയായിരുന്നു. സുരാജ് വെഞ്ഞാറമ്മൂട് നായകനായി ഹ്വിഗിറ്റ എന്ന പേരിൽ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതിന് പിന്നാലെയായിരുന്നു എൻ.എസ് മാധവന്റെ ട്വീറ്റ്. ഹ്വിഗിറ്റ, എൻ.എസ് മാധവന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട കഥയുടെ ടൈറ്റിലാണ്.
എന്നാൽ സിനിമയാകുന്നത് ഈ പേരിലുള്ള കൃതിയല്ല. ഹ്വിഗിറ്റ എന്ന പേരിൽ സിനിമ വരുന്നതിൽ സങ്കടമുണ്ടെന്ന എൻ.എസ് മാധവന്റെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തുവന്നിരുന്നു. വിഷയത്തിൽ എൻ.എസിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി ജോസഫ്.
ഹിഗ്വിറ്റ എന്ന പേര് കേൾക്കുന്നത് എൻ.എസ് മാധവന്റെ പുസ്തകം പുറത്തുവന്നപ്പോഴാണെന്നും എൻ.എസ് മാധവന് സ്വന്തം കുട്ടിയെ മറ്റൊരാൾ അപഹരിക്കുമ്പോൾ വേദനയുണ്ടാകുമെന്നും കെ.സി ജോസഫ് ട്വീറ്റ് ചെയ്തു. ന്യായീകരണം പറയാതെ ഹേമന്തിനും സുരാജ് വെഞ്ഞാറമൂടിനും സിനിമയുടെ പേര് മാറ്റിക്കൂടെ ?
മലയാളം സിനിമ എല്ലായ്പ്പോഴും എഴുത്തുകാരോട് ആദരവ് പുലർത്താറുണ്ട്. എന്റെ കഥയെ മുൻനിർത്തി ഹിഗ്വിറ്റ എന്ന പേരിലൊരു സിനിമ ചെയ്യാനുള്ള എന്റെ അവകാശത്തെയാണ് ഈ സിനിമ ഇല്ലാതാക്കിയത്. പല തലമുറകൾ സ്കൂളിൽ പഠിച്ച എന്റെ കഥയുടെ ടൈറ്റിലിൽ എനിക്കുള്ള അവകാശം ഇല്ലാതാക്കിയാണ് ഈ സിനിമ ഇറങ്ങുന്നത്. മറ്റൊരു ഭാഷയിലും ഒരു എഴുത്തുകാരനും ഇത്തരമൊരു ദുരവസ്ഥ പൊറുക്കില്ല.
എൻ.എസ് മാധവൻ
ഹേമന്ത് ജി നായർ ആണ് സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി ഹ്വിഗിറ്റ സംവിധാനം ചെയ്യുന്നത്. ശശി തരൂരാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ചുവന്ന കൊടിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നേതാവായി സുരാജ് വെഞ്ഞാറമ്മൂട് നിൽക്കുന്നതാണ് ഹിഗ്വിറ്റയുടെ ഫസ്റ്റ് ലുക്ക്.
പ്രസിദ്ധനായ കൊളംബിയൻ ഫുട്ബോൾ ടീം ഗോൾകീപ്പർ, റെനെ ഹിഗ്വിറ്റയുടെ പേരിലുള്ള കഥയിലെ മുഖ്യകഥാപാത്രമായ പുരോഹിതൻ ഗീവർഗീസച്ചൻ, പഴയ ഫുട്ബോൾ കളിക്കാരനും ഫുട്ബോൾ പ്രേമിയുമാണ്. അദ്ദേഹം കഥയിൽ പെരുമാറുന്ന രീതിക്ക് ഹിഗ്വിറ്റയുടെ ഫുട്ബോൾ ശൈലിയോട് സാമ്യമുണ്ട്. ഫുട്ബോളുമായി ബന്ധപ്പെട്ട പദാവലിയും ബിംബങ്ങളും ഉപയോഗിക്കപ്പെട്ട, ഏറെ ചർച്ച ചെയ്യപ്പെട്ട കൃതിയുമാണ് ഹിഗ്വിറ്റ.