'തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കരുത്' ; തടസ്സ ഹർജിയുമായി രഞ്ജിത്തും ചലച്ചിത്ര അക്കാദമിയും

'തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കരുത്' ; തടസ്സ ഹർജിയുമായി രഞ്ജിത്തും ചലച്ചിത്ര അക്കാദമിയും
Published on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ചലച്ചിത്ര അക്കാദമിയും, രഞ്ജിത്തും സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു. തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സഹർജി. 'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

അവാർഡ് നിർണയത്തില്‍ അക്കാ‌ഡമി ചെയർമാന്‍റെ ഭാഗത്ത് നിന്നും പരിധി വിട്ട ഇടപെടലുണ്ടായെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ലിജീഷ് മുല്ലേഴത്തിനായി അഭിഭാഷകരായ കെഎൻ പ്രഭു, പി സുരേഷൻ, റെബിൻ ഗ്രാലൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്. ഈ ഹർജി തിങ്കളാഴ്ച്ച ജസ്റ്റിസ്മാരായ എം. എം. സുന്ദരേഷ്, ജെ. ബി. പാർഡിവാല എന്നിവർ അടങ്ങിയ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് അക്കാദമിയും രഞ്ജിത്തും തടസ്സ ഹർജി ഫയൽ ചെയ്തത്. അഭിഭാഷക എം. കെ. അശ്വതിയാണ് തടസ്സ ഹർജി ഫയൽ ചെയ്തത്.

ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നുമാണ് ലിജീഷിന്റെ ഹർജിയിലെ ആവശ്യം. ജൂറി അംഗങ്ങൾ തന്നെ പുരസ്കാര നിർണയത്തിലെ ഇടപെടലുകൾ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും അവാർഡ് നിർണയത്തില്‍ അക്കാ‌ദമി ചെയർമാന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in