സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളിലെ തിയേറ്ററുകളും പൂര്‍ണ്ണമായി അടച്ചിടും. ഈ വിഷയത്തില്‍ ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ ദ ക്യുവിനോട് പ്രതികരിച്ചു.
തിരുവന്തപുരത്തിന് പിന്നാലെ നാല് ജില്ലകളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് കേരളത്തിലെ എല്ലാ തിയേറ്ററുകളും അടച്ചിടേണ്ടി വരുമെന്നാണ് വിജയകുമാര്‍ പറഞ്ഞത്. ഇത്രയും പ്രാകൃതമായി കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാനം ലോകത്ത് എവിടെയും ഉണ്ടാകില്ല. സര്‍ക്കാരിന്റെ കഴിവ് കേട് മറയ്ക്കാന്‍ വേണ്ടി തിയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുകയാണെന്നും വിജയകുമാര്‍ പറയുന്നു.
വിജയകുമാറിന്റെ വാക്കുകള്‍:
ഈ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് കേരളത്തിലെ എല്ലാ തിയേറ്ററുകളും അടച്ചിടേണ്ടി വരും. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ സമൂഹത്തിന്റെ ദൃഷ്ടിയില്‍ എന്തൊക്കെയോ ചെയ്യുന്നു എന്ന് കാണിക്കുന്നതിന് വേണ്ടി തിയേറ്റര്‍ ഉടമകളോട് സര്‍ക്കാര്‍ ഈ പ്രഹസനം കാണിക്കുന്നത്. കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ നടക്കുന്നു എന്ന് കരുതപ്പെടുന്ന ബാറുകളിലും മാളുകളിലും പൊതു ഗതാഗതത്തിനൊന്നും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ട് വരുന്നില്ല. ഏറ്റവും അധികം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന സിനിമ തിയേറ്ററുകളില്‍ മാത്രം എന്തുകൊണ്ട് പിടിമുറുക്കുന്നു എന്നുള്ളത് ഒരു ദുരൂഹതയാണ്. ഇത്രയും പ്രാകൃതമായി കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാനം ലോകത്ത് എവിടെയും ഉണ്ടാകില്ല. ലോകാരോഗ്യ സംഘടനയും മറ്റ് രാജ്യങ്ങളും എങ്ങനെയാണ് കൊവിഡിനെ നേരിടുന്നത് എന്ന് വായിച്ച് നോക്കാനുള്ള വിവരവും അറിവും ഈ ഉത്തരവ് ഇടുന്നവര്‍ കാണിക്കണം. എന്ത് കൊണ്ടാണ് ബാറും ഷോപ്പിങ്ങ് മാളും അടച്ചിടാന്‍ പറയാത്തത്.
തിയേറ്ററുകള്‍ മാത്രം കൊവിഡ് മാനദണ്ഡത്തിന്റെ ഭാഗമായി അടക്കുന്നതിനെതിരെ ഫിയോക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമോ എന്ന ആശങ്കയിലാണെന്നും വിജയകുമാര്‍ വ്യക്തമാക്കി. ഹൈക്കോടതി വരെ സര്‍ക്കാരിനോട് ചോദിച്ചത് തിയേറ്റര്‍ മാത്രം അടക്കുന്നതിന്റെ മാനദണ്ഡമെന്താണെന്ന്. പക്ഷെ അവര്‍ക്ക് ഉത്തരം ഇല്ലായിരുന്നു എന്നാണ് ഫിയോക്ക് പ്രസിഡന്റ് പറഞ്ഞത്
അതേസമയം തിരുവന്തപുരം ജില്ലയില്‍ സിനിമ തിയേറ്ററുകള്‍ അടച്ചിട്ടതുകൊണ്ട് മാത്രം ജില്ലയിലെ കൊവിഡ് വ്യാപനം കുറഞ്ഞുവെന്ന് സര്‍ക്കാരിന് സ്ഥാപിക്കാന്‍ കഴിയുമോ എന്നും വിജയകുമാര്‍ ചോദിക്കുന്നു. അതിന് കഴിഞ്ഞിരുന്നെങ്കില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ ഒരു ഞ്യായീകരണം ഉണ്ടായേനെ. പക്ഷെ രോഗികളുടെ എണ്ണം കൂടുക മാത്രമാണ്ട ഉണ്ടായത്. സത്യത്തില്‍ സര്‍ക്കാരിന്റെ കഴിവ് കേട് മറക്കാനായി കേരളത്തിലെ സിനിമ വ്യവസായം തകര്‍ക്കാനാണ് അവരുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സാഹചര്യത്തില്‍ സിനിമ റിലീസ് ചെയ്യാന്‍ മുന്നോട്ട് വരാത്തവരെ നമുക്ക് കുറ്റം പറയാനും സാധിക്കില്ല. കാരണം സിനിമ ഏത് രീതിയില്‍ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിയുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും വിജയകുമാര്‍ പറയുന്നു. സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയാല്‍ തങ്ങളുടെ പ്രശ്‌നം കേള്‍ക്കാന്‍ ആരുമില്ലെന്നും വിജയകുമാര്‍. 'സിനിമ മന്ത്രിയുമായി സംസാരിച്ചാല്‍ അദ്ദേഹം പറയും 'എനിക്ക് അറിയില്ല' എന്ന്. ആരോഗ്യമന്ത്രിയോട് സംസാരിച്ചാലും അതേ അവസ്ഥയാണ്', എന്നാണ് അദ്ദേഹം പറയുന്നത്.
അതിനാലാണ് അവസാനത്തെ ശ്രമമെന്ന രീതിയില്‍ ഫിയോക്ക് കോടതിയെ സമീപിച്ചത്. പക്ഷെ കോടതിയില്‍ നിന്ന് അനുകൂലമായൊരു തീരുമാനം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കാരണം കോടതികള്‍ ദേശീയ ദുരന്തത്തിനും, ഒമിക്രോണിനും കൊവിഡിനുമെല്ലാം എതിരെ സത്യസന്ധമായൊരു തീരുമാനം എടുക്കുമോ എന്ന് വിശ്വസിക്കാന്‍ ആവില്ല. ആ ആശങ്ക നിലനില്‍ക്കുന്നുണ്ട്. എങ്കിലും ഒരു സമൂഹത്തെ മാത്രം പീഡിപ്പിക്കുന്നത് എന്തിനാണെന്ന് കോടതി വളരെ വ്യക്തമായി തന്നെ ചോദിച്ചിരുന്നു. കാരണം ഇത് കൊണ്ട് കഷ്ടത അനുഭവിക്കുന്നത് ഒരു വലിയ സമൂഹമാണെന്നും വിജയകുമാര്‍ പറഞ്ഞു.