ബിഗില്‍ റിലീസില്‍ ലിസ്റ്റിന്റെ വിലക്ക് പൃഥ്വിരാജിനെയും ബാധിക്കും; കടുവയും ഡ്രൈവിംഗ് ലൈസന്‍സും പ്രതിസന്ധിയിലാകും

ബിഗില്‍ റിലീസില്‍ ലിസ്റ്റിന്റെ വിലക്ക് പൃഥ്വിരാജിനെയും ബാധിക്കും; കടുവയും ഡ്രൈവിംഗ് ലൈസന്‍സും പ്രതിസന്ധിയിലാകും

Published on

വിജയ് ചിത്രം ബിഗില്‍ വൈഡ് റിലീസ് ചെയ്തതില്‍ ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മ്മാണ വിതരണ കമ്പനിയെ വിലക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് തിയ്യേറ്റര്‍ ഉടമകളുടെ സംഘടന. ഇതരഭാഷാ സിനിമകള്‍ 125

സ്‌ക്രീനുകളിലേക്ക് പരിമിതപ്പെടുത്തണമെന്ന സംഘടനാ തീരുമാനം മറികടന്ന് ബിഗില്‍ 200ന് അടുത്ത് സ്‌ക്രീനുകളില്‍ റിലീസ് ചെയ്തതിലാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍(feuok) ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മ്മാണ വിതരണ കമ്പനിയായ മാജിക് ഫ്രെയിംസിനെ വിലക്കിയത്. സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നീ സംഘടനകള്‍ സംയുക്തമായി ജനുവരി 18ന് ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് മാജിക് ഫ്രെയിംസിനോട് സഹകരിക്കേണ്ടെന്നാണ് തിയറ്റര്‍ ഉടമകള്‍ക്ക് ഫിയോക്ക് അയച്ച സര്‍ക്കുലര്‍. ആശിര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍ ആണ് സംഘടനയുടെ പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി എംസി ബോബി ഒപ്പിട്ട സര്‍ക്കുലറാണ് സംഘടനയ്ക്ക് കീഴിലുള്ള കേരളത്തിലെ എല്ലാ പ്രധാന തിയറ്ററുകള്‍ക്കും അയച്ചിരിക്കുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫനെതിരായ വിലക്ക് പൃഥ്വിരാജിന്റെ വരാനിരിക്കുന്ന സിനിമകളായ ഡ്രൈവിങ്ങ് ലൈസന്‍സ്, കടുവ എന്നിവയെ ബാധിക്കും

മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഈ സിനിമകള്‍ നിര്‍മ്മിക്കുന്നത്. പൃഥ്വിരാജിന്റെ ക്രിസ്മസ് റിലീസ് ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. മാജിക് ഫ്രെയിംസാണ് ഈ രണ്ട് സിനിമകളും തിയറ്ററുകളിലെത്തിക്കുന്നത്. പൃഥ്വിരാജിന്റെ കമ്പനി വിതരണത്തിന്റെ ഭാഗമായിരുന്നില്ലെന്നും, മാജിക് ഫ്രെയിംസ് റിലീസ് ചെയ്തതിനാലാണ് നടപടി ലിസ്റ്റിനെതിരെ മാത്രമാക്കിയതെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള ജനറല്‍ സെക്രട്ടറി എം സി ബോബി ദ ‘ക്യു’വിനോട് പ്രതികരിച്ചു.

ഇതരഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ 125 തിയ്യേറ്ററുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നീ സംഘടനകള്‍ സംയുക്തമായിട്ടായിരുന്നു ജനുവരി 18ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ചെറിയ ബജറ്റില്‍ പുറത്തിറങ്ങുന്ന മലയാള ചിത്രങ്ങള്‍ക്ക് തിയ്യേറ്റര്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് കാരണം കാണിച്ചാണ് സ്‌ക്രീനുകള്‍ പരിമിതപ്പെടുത്തിയുള്ള തീരുമാനം. പിന്നീട് റിലീസ് ചെയ്ത രജനികാന്ത് ചിത്രം പേട്ട അടക്കം ഈ തീരുമാനം പിന്തുടര്‍ന്നിരുന്നു. മലയാളത്തിലെ പ്രധാന ചിത്രങ്ങള്‍ 200 ലധികം തിയറ്ററുകളിലാണ് റിലീസ് ചെയ്യാറുള്ളത്. മലയാള സിനിമകളുടെ വൈഡ് റിലീസിനെ ചൊല്ലി നീണ്ട കാലം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും നിര്‍മ്മാണ-വിതരണ സംഘടനകളും തര്‍ക്കത്തിലായിരുന്നു. ഫിലിം എക്‌സിബിറ്റേഴ്‌സ് സംഘടന പിളര്‍ന്ന് പുതിയ തിയറ്റര്‍ സംഘടനയുടെ പിറവിയിലെത്തിച്ച കാരണങ്ങളിലൊന്നും വൈഡ് റിലീസ് തര്‍ക്കം ആയിരുന്നു.

ഇതരഭാഷാ ചിത്രങ്ങള്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ പരമാവധി 55 ശതമാനാക്കിയും മുന്‍പ് നിശ്ചയിച്ചിരുന്നു. ബിഗിലിന് കര്‍ശനമായും ഇതിലധികം കൊടുക്കുവാന്‍ പാടില്ലെന്നും തിയറ്ററുടമകളുടെ സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ അക്കൗണ്ട് സെറ്റില്‍ ചെയ്യുമ്പോള്‍ ഫിയോക്കിന്റെ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും സര്‍ക്കുലറില്‍ പറയുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

വിജയ്‌യുടെ ദീപാവലി റിലീസായെത്തിയ ബിഗിലിന് തിയ്യേറ്ററുകള്‍ കുറവാണെന്ന് കാണിച്ച് നേരത്തെ തന്നെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആന്റണി പെരുമ്പാവൂരിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. വൈഡ് റിലീസിങ്ങ് അനുവദിക്കണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. വിജയ്‌യും ആറ്റ്‌ലിയും ഒന്നിച്ച സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in