തിയേറ്ററുകള്‍ ദുല്‍ഖറിനെ വഞ്ചിച്ചോ?; ഫിയോക്കിന്റെ മറുപടി

തിയേറ്ററുകള്‍ ദുല്‍ഖറിനെ വഞ്ചിച്ചോ?; ഫിയോക്കിന്റെ മറുപടി

Published on

കുറുപ്പ് സിനിമയോടും ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയോടും തിയേറ്ററുകള്‍ വഞ്ചന കാണിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രദര്‍ശനം നടത്താനാണ് സര്‍ക്കാറിന്റെ അനുമതിയെങ്കിലും ഇതിന് വിരുദ്ധമായി പല തിയറ്ററുകളിലും കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തിയെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ പക്കല്‍ നിന്ന് പരാതി ലഭിച്ചതായി ഫിയോക് നേരത്തെ അറിയിച്ചിരുന്നു. ഇത്തരം കേസുകളില്‍ നിര്‍മ്മാണ കമ്പനിക്ക് നഷ്ടപരിഹാരം കൊടുക്കുകയും തിയേറ്ററിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ വിജയകുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

കെ വിജയകുമാര്‍ പറഞ്ഞത്:

'അന്‍പത് ശതമാനത്തിന് മുകളില്‍ ആളുകളെ കയറ്റി തിയേറ്ററുകള്‍ ഷോ നടത്തിയെന്നത് അറിഞ്ഞാല്‍ ഫിയോക്ക് കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്ന് ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ആദ്യത്തെ മൂന്ന് ദിവസങ്ങളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടായത്. നിലവില്‍ തിയേറ്ററുകള്‍ ടിക്കറ്റിന്റെ കാര്യത്തില്‍ ഒരു കള്ളത്തരവും കാണിക്കുന്നില്ലെന്നാണ് ഞങ്ങളുടെ നിഗമനം. പിന്നെ ചില ഒറ്റപ്പെട്ട കേസുകള്‍ ഉണ്ടാവാം. അതിനെതിരെ ഫിയോക്ക് കര്‍ശന നടപടി സ്വീകരിക്കും. ശ്രദ്ധയില്‍ പെട്ട കേസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഷ്ടപരിഹാരം നിര്‍മ്മാണ കമ്പനിക്ക് കൊടുക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. കാരണം തിയേറ്ററുകളെ വിശ്വസിച്ചുകൊണ്ടാണല്ലോ ഒരു സിനിമ റിലീസ് ചെയ്യുന്നത്. അതുകൊണ്ട് കുറുപ്പിന് വേണ്ട എല്ലാവിത പിന്തുണയും ഫിയോക്കിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും.'

പരാതി ലഭിച്ചാല്‍ നടപടി എന്ന നിലയില്‍ തിയറ്ററുകളോട് കളക്ഷന്‍ ഡീറ്റെയില്‍സ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കണം എന്നും, സിസിടിവി ഫൂട്ടേജ് ആവശ്യപ്പെടുമ്പോല്‍ നല്‍കണമെന്നും ഔദ്യോഗിക കുറിപ്പിലൂടെ തിയറ്റര്‍ ഉടമകളോട് സംഘടന നിര്‍ദേശിച്ചിരുന്നു. ഓരോ ഷോ ക്ലോസ് ചെയ്ത് കഴിയുമ്പോഴും നിര്‍മ്മാതാക്കള്‍ തരുന്ന നമ്പറിലേക്ക് കളക്ഷന്‍ വിവരങ്ങള്‍ അയച്ചു നല്‍കണമെന്നും നിര്‍ദേശമുണ്ട്. നിര്‍മ്മാതാക്കള്‍ക്ക് തിയറ്ററുകളില്‍ വിശ്വാസം ഉണ്ടാകേണ്ടതിനും സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിനും വേണ്ടി എല്ലാ തിയറ്ററുകളും ഇക്കാര്യത്തില്‍ സഹരിക്കണമെന്നും കുറിപ്പിലുണ്ട്.

1500 തിയറ്ററുകളിലായി നവംബര്‍ 12നായിരുന്നു കുറുപ്പിന്റെ റിലീസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം എത്തിയത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകള്‍ക്ക് മുകളില്‍ റിലീസുണ്ടായിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത്, ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നായിരുന്നു.

logo
The Cue
www.thecue.in