വ്യാജകാസ്റ്റിങ് കോളുകൾ തിരിച്ചറിയാം; പ്രത്യേക രജിസ്റ്റ്രേഷൻ സംവിധാനവുമായി 'ഫെഫ്ക'

വ്യാജകാസ്റ്റിങ് കോളുകൾ തിരിച്ചറിയാം; പ്രത്യേക രജിസ്റ്റ്രേഷൻ സംവിധാനവുമായി 'ഫെഫ്ക'
Published on

വ്യാജ ഓ​‍ഡിഷൻ, കാസ്റ്റിങ് കോളുകൾ മുഖേനയുളള ചൂഷണങ്ങൾ ഒഴിവാക്കാൻ പ്രത്യേക രജിസ്റ്റ്രേഷൻ സംവിധാനം ഏർപ്പെടുത്തി സിനിമാ സംഘടന 'ഫെഫ്ക'. സിനിമയിൽ അവസരം നൽകാമെന്ന് വ്യാജവാഗ്ദാനം നൽകി ആളുകളെ ചൂഷണം ചെയ്യുന്ന തട്ടിപ്പ് സംഘങ്ങൾക്ക് എതിരെയാണ് നടപടി. 'ഫെഫ്ക'യിൽ രജിസ്റ്റർ ചെയ്യുന്ന കാസ്റ്റിങ് ഏജൻസികൾ, ഡയറക്ടേഴ്സ് എന്നിവരുടെ പൂർണ്ണവിവരങ്ങൾ പ്രൊഡ്യുസേർസ്സ്‌ അസ്സോസിയേഷൻ, അമ്മ, ഡയറക്റ്റേർസ്സ്‌ യൂണിയൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ്‌ യൂണിയൻ എന്നീ സംഘടനകൾക്ക്‌ കൈമാറും. വ്യാജ ഓ​‍ഡിഷൻ, കാസ്റ്റിങ് എന്നിവയുമായി ബന്ധപ്പെട്ട്‌ നടന്നുവരുന്ന ചൂഷണങ്ങൾക്ക്‌ വലിയ തോതിൽ തടയിടാൻ ഈ സംവിധാനം പ്രയോജനപ്പെടുമെന്നാണ് കരുതുന്നതെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ പറയുന്നു.

കാസ്റ്റിങുമായി ബന്ധപ്പെട്ടും അല്ലാതെയും പെൺകുട്ടികൾക്ക് ചലച്ചിത്ര മേഖലയിൽ നിന്ന് ഉണ്ടാകുന്ന ദുരനുഭവങ്ങൾ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഫെഫ്ക വിമൻസ് വിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്താം‌. +91 9846342226 എന്ന നമ്പരിൽ സ്ത്രീകൾക്കും ട്രാൻസ് വുമൺ കമ്മ്യുണിറ്റിയിൽപ്പെട്ടവർക്കും ബന്ധപ്പെടാം. +91 9645342226 എന്ന നമ്പറിൽ സിനിമ കാസ്റ്റിങ് കോളുകളുടെ ആധികാരികത അന്വേഷിക്കാവുന്നതാണെന്നും സംഘടന അറിയിച്ചു.

ഈ വിഷയത്തെ ആസ്പദമാക്കി ഒരു ബോധവൽക്കരണ ഹ്രസ്വചിത്രം കൂടി 'ഫെഫ്ക' നിർമ്മിക്കുന്നു. അന്ന ബെൻ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്നത് ജോമോൻ ടി ജോൺ ആണ്. 'ഫെഫ്ക'യുടെ യൂട്യൂബ് ചാനൽ വഴിയാണ് ചിത്രം എത്തുക.

Related Stories

No stories found.
logo
The Cue
www.thecue.in