'കമ്പോടുകമ്പ് വളരുന്ന അഭിനയത്തിന്റെ അപൂർവ്വമായ ഒറ്റമരക്കാട്'; സ്വയം നവീകരിക്കുന്ന മമ്മൂട്ടിക്ക് ആശംസ നേർന്ന് ഫെഫ്ക

'കമ്പോടുകമ്പ് വളരുന്ന അഭിനയത്തിന്റെ അപൂർവ്വമായ ഒറ്റമരക്കാട്'; സ്വയം നവീകരിക്കുന്ന മമ്മൂട്ടിക്ക് ആശംസ നേർന്ന് ഫെഫ്ക
Published on

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിക്ക് ഉള്ളു തൊടുന്ന കുറിപ്പുമായി ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്ക. വിന്റേജ് മമ്മൂട്ടി എന്ന പ്രയോഗത്തിന്റെ സാധ്യത തന്നെ റദ്ദ് ചെയ്ത് സ്വയം നവീകരിക്കുന്ന നടനണ് മമ്മൂട്ടി എന്നും, മഴയെ ഇഷ്ടപ്പെടുന്നവർ പിന്നെയും പിന്നെയും മഴയിലിറങ്ങി കുളിരുന്നത് പോലെ , ഏറ്റവും പ്രിയങ്കരമായ പാട്ട് കൂടെ കൊണ്ടു നടന്ന് വീണ്ടും വീണ്ടും കേൾക്കുന്നത് പോലെ, ഒരിക്കലും കൊടിയിറങ്ങാത്ത ഉത്സവം പോലെ , ആവർത്തിക്കുമ്പോഴൊക്കെയും നമ്മുടെ ഹൃദയത്തിൽ കൂടുതൽ കൂടുതൽ ആനന്ദം നിറയ്ക്കുന്നൊരാൾ ജനിച്ച ദിവസമാണിന്ന് എന്നും ഫെഫ്കയുടെ കുറിപ്പിൽ പറയുന്നു. ഇത്രമേൽ പുതുമുഖ സംവിധായകരെ പരീക്ഷിച്ച മറ്റൊരു നായകനടൻ ലോക സിനിമയിലില്ല എന്ന സാക്ഷ്യത്തോടെയാണ് ഫെഫ്ക മമ്മൂട്ടിക്ക് പിറന്നാൾ ആശംസ അറിയിക്കുന്നത്.

ഫെഫ്കയുടെ പോസ്റ്റ്

കാൽ നൂറ്റാണ്ട് മുമ്പ് ,

കൃത്യമായി പറഞ്ഞാൽ 1996 ജൂലൈ മാസം പ്രശസ്‌ത ഫോട്ടോഗ്രാഫർ രാജൻ പോൾ പകർത്തിയ നിശ്ചല ചിത്രമാണ് താഴെ കാണുന്നത് . ഫോട്ടോഷോപ്പിന്റെ മായാജാലം ലവലേശം തൊട്ടുതീണ്ടാത്ത ഈ ചിത്രം

ആഗ്രഹ നടനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കലാകാരന്റെ പരീക്ഷണ മനസ്സാണ് . ഇപ്പോൾ ഒരു ബ്ലാക്ക് & വൈറ്റ് ചിത്രത്തിലാണ് ഇദ്ദേഹം ജോലി ചെയ്തുവരുന്നത്..!!

പറയുന്നത് മമ്മൂട്ടിയിസം മനഃപാഠമാക്കിയ മലയാളികളോടാണെന്ന ബോധ്യമുള്ളതുകൊണ്ടും , നാട്ടുകാർക്ക് അജ്ഞാതമായതൊന്നും പുതുതായി പരിചയപ്പെടുത്താനില്ല എന്ന തിരിച്ചറിവുള്ളതുകൊണ്ടും ഗിയർ മാറ്റാതെ ഒരേപോക്കിൽ മുന്നോട്ടാഞ്ഞാൽ മമ്മൂട്ടി സംബന്ധ കുറിപ്പുകൾ എളുപ്പം ആവർത്തനപ്പെടുമെന്ന തിരിച്ചറിവിൽ സ്വയം ജാഗ്രത പാലിക്കുന്നു . അല്ലെങ്കിൽ പതിനായിരം വട്ടം ആവർത്തിച്ച ,

ഈ പ്രായത്തിലെ സൗന്ദര്യവും , മെത്തേഡ് ആക്ടിങ്ങും , ജീവിത ശൈലിയും , ഭക്ഷണ ക്രമവും , ശബ്ദ ഗാംഭീര്യവും , ഫോട്ടോഗ്രാഫി കമ്പവും, ഡ്രൈവിംഗ് പ്രാന്തും തൊട്ട് "കുടുംബനാഥൻ മമ്മൂട്ടി" അപദാനങ്ങൾ വരെ തലപൊക്കി തുടങ്ങും .

എന്നാൽ ഏറ്റവും വലിയ ഐറണി ഇതൊന്നുമല്ല ; വിന്റേജ് മമ്മൂട്ടി എന്ന പ്രയോഗത്തിന്റെ സാധ്യത തന്നെ റദ്ദ് ചെയ്ത് അന്നും ഇന്നും എന്നും തന്നിലെ ഏറ്റവും മികച്ച മമ്മൂട്ടിയിസം പുറത്തെടുത്ത് , സ്വയം നവീകരിക്കുന്ന മമ്മൂട്ടിയോളം പോന്ന പുതുമ കേരളീയ ജീവിത പരിസരത്ത് ഈ നൂറ്റാണ്ടിനുള്ളിൽ മറ്റൊരു വ്യക്തിക്കും അവകാശപ്പെടാനില്ലാത്തതാണ് .

എന്നിട്ടും എന്നും , പരിചിത മമ്മൂട്ടിയിൽ വേരുകളിറക്കി പൂക്കൾ വിരിയിക്കാനാണ് മലയാളിക്കിഷ്ടം ..!!!

മഴയെ ഇഷ്ടപ്പെടുന്നവർ പിന്നെയും പിന്നെയും മഴയിലിറങ്ങി കുളിരുന്നത് പോലെ , ഏറ്റവും പ്രിയങ്കരമായ പാട്ട് കൂടെ കൊണ്ടു നടന്ന് വീണ്ടും വീണ്ടും കേൾക്കുന്നത് പോലെ, ഒരിക്കലും കൊടിയിറങ്ങാത്ത ഉത്സവം പോലെ ,

ആവർത്തിക്കുമ്പോഴൊക്കെയും നമ്മുടെ ഹൃദയത്തിൽ കൂടുതൽ കൂടുതൽ ആനന്ദം നിറയ്ക്കുന്നൊരാൾ ജനിച്ച ദിവസമാണിന്ന്..!!

ജീവിക്കുന്ന ദേശത്തെ കാലാവസ്ഥ ആ പ്രദേശവാസികളിൽ അലിഞ്ഞുചേരുന്നതു പോലെ പരിചിതമാണ് ,

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മമ്മൂട്ടി എന്ന വ്യക്തിയും അദ്ദേഹം സൃഷ്‌ടിച്ച ചലച്ചിത്ര അനുഭവങ്ങളും .

ആത്മാനുരാഗത്താൽ ആയുസ്സ് മുഴുവൻ കമ്പോടുകമ്പ് വളരുന്ന അഭിനയത്തിന്റെ അപൂർവ്വമായ ഒറ്റമരക്കാടാണ് മമ്മൂട്ടി . ഒരു കാടിന്റെ ധർമ്മമത്രയും തനിയെ നിർവ്വഹിക്കുന്ന, നവരസങ്ങളുടെ ഇല സമൃദ്ധിയാൽ തലയെടുപ്പുള്ള ഒറ്റ വൃക്ഷം .

ഇത്രമേൽ പുതുമുഖ സംവിധായകരെ പരീക്ഷിച്ച മറ്റൊരു നായകനടൻ ലോക സിനിമയിലില്ല എന്നതാണ് ചലച്ചിത്ര ഗവേഷകർ നമുക്ക് നൽകുന്ന മറ്റൊരു സാക്ഷ്യം .

മലയാളം ,

ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച അഭിനയത്തികവിന്റെ ഇതിഹാസമായ പത്മശ്രീ മമ്മൂട്ടിക്ക് ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട് മലയാള ചലച്ചിത്ര തൊഴിലാളികളുടെ ,

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ഹൃദ്യമായ പിറന്നാൾ ആശംസകൾ ..!!

Related Stories

No stories found.
logo
The Cue
www.thecue.in