'മമ്മൂട്ടിക്കും മോഹൻലാലിനും ശേഷമുള്ള മലയാളത്തിലെ മികച്ച നടൻ ഫഹദാണ്, ബേസിൽ ജോസഫ് ശ്രീനിവാസന്റെ പിൻ​ഗാമി'; ഉർവശി

'മമ്മൂട്ടിക്കും മോഹൻലാലിനും ശേഷമുള്ള മലയാളത്തിലെ മികച്ച നടൻ ഫഹദാണ്, ബേസിൽ ജോസഫ് ശ്രീനിവാസന്റെ പിൻ​ഗാമി'; ഉർവശി
Published on

മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം മികച്ച നടന്മാരായി മലയാള സിനിമയില്‍ കാണുന്നതാരെയാണ് ചോദ്യത്തിന് മറുപടിയുമായി നടി ഉർവശി. ഇന്നത്തെ തലമുറയിൽ തനിക്ക് അതിന് ഉത്തരമായി എളുപ്പം പറയാവുന്ന പേര് ഫഹദ് ഫാസിൽ എന്നാണെന്ന് ഉർവശി പറയുന്നു. ഏത് കഥാപാത്രവും ചെയ്യാൻ സാധിക്കുന്നൊരു നടനാണ് ഫഹദ് എന്നും ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു നടനായി ഫഹദ് മാറും എന്നതിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും ഉർവശി പറഞ്ഞു. ഒപ്പം മലയാള സിനിമയിൽ ശ്രീനിവാസന്റെ പിൻ​ഗാമിയായി താൻ കാണുന്ന നടനാണ് ബേസിൽ ജോസഫ് എന്നും ഉർവശി കൂട്ടിച്ചേർത്തു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവശി.

ഉർവശി പറഞ്ഞത്:

ഇന്നത്തെ തലമുറയിയിൽ ഏറ്റവും എളുപ്പം പറയാവുന്ന പേര് ഫഹദ് ഫാസിൽ എന്നാണ്. ഫഹദ് ഫാസിൽ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു നടനായി മാറും എന്നുള്ളതിന് യാതൊരു സംശയവുമില്ല. ഏത് കഥാപാത്രവും അയാൾക്ക് ചെയ്യാൻ സാധിക്കും. അദ്ദേഹം കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് തന്നെ ഒന്നിനോട് ഒന്നിനെ ഉപമിക്കാൻ സാധിക്കാത്ത തരത്തിലാണ്. അതിൽ 22 ഫീമെയിൽ കോട്ടയം, ചാപ്പ കുരിശ് പോലുള്ള നെ​ഗറ്റീവ് കഥാപാത്രങ്ങളും അയാൾ ചെയ്തിട്ടുണ്ട്. തുടക്കകാലത്ത് തന്നെ ഞാൻ ഒരു ഹീറോയാണ് ആ സ്റ്റാർഡം നിലനിർത്തുന്ന കഥാപാത്രങ്ങൾ ചെയ്യണം എന്ന് പറഞ്ഞ് അയാൾ കാത്തിരുന്നില്ല, പകരം ഒരു മികച്ച അഭിനേതാവാണ് താൻ എന്ന് അയാൾ തെളിയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലെത്തിയ ആവേശത്തിൽ ഒരു ആക്ഷൻ പോർഷനും കൂടി ഫഹദ് ചെയ്ത് കഴിഞ്ഞു. അത്രയും പ്രതീക്ഷയുണ്ട്. പിന്നെ ഒരു ബ്രില്യന്റ് ആക്ടർ എന്ന് പറയാൻ ശ്രീനിയേട്ടന്‍റെ പിന്‍ഗാമി ആയി പറയാവുന്നത് ബേസില്‍ ജോസഫിനെയാണ്. ബാക്കി എല്ലാവരും ടാലന്‍റഡ് ആണ്. ആരേയും കുറച്ച് പറയുന്നില്ല, ഒരോരുത്തരും ഓരോ രീതിയാണ്. പിന്നെ പൃഥ്വിരാജ്, അയാളുടെ ഉള്ളില്‍ വളരെ നല്ല സംവിധായകന്‍ ഉണ്ടെന്നും തെളിയിച്ചു. അങ്ങനെ ലാലേട്ടനും മമ്മൂക്കയ്ക്കും ശേഷം വന്ന ഒരുപാട് നടന്മാർ ഓള്‍റൗണ്ടേഴ്​സായി ഇവിടെ വരുന്നു, എങ്കിലും ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്​ട്രിയില്‍ വളരെയധികം സ്വാധീനമുണ്ടാക്കാന്‍ പറ്റുന്ന നടനാണ് ഫഹദ്. കാരണം ഒരു കമൽ ഹാസൻ സിനിമയിൽ മറ്റൊരു ആക്ടർ ശ്രദ്ധിക്കപ്പെടുക എന്ന് പറയുന്നത് വളരെ അപൂർവ്വമായ ഒരു കാര്യമാണ്. വിക്രം എന്ന സിനിമ ഫഹദിന് വേണ്ടിക്കൂടിയാണ് ഓടിയത്. ചില സീനുകളിൽ ആളുകൾ ഫഹദിന് പ്രതീക്ഷിച്ച് വരെ ഇരിക്കുന്നുണ്ടായി. എനിക്ക് വലിയ ഇഷ്ടമുള്ള ഒരു ആക്ടറാണ് ഫഹദ്.

Related Stories

No stories found.
logo
The Cue
www.thecue.in