ഏഴ് വര്‍ഷത്തെ ബ്രേക്കിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ട്രാൻസ്'. അമല്‍ നീരദ് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രം കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. 'ട്രാൻസി'ൽ ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് അന്‍വര്‍ റഷീദ് പറയുന്നു. തന്റെ ഓർമ്മയിലെ ഏറ്റവും പ്രിയങ്കരമായ ഷൂട്ടിംഗ് അനുഭവമായിരുന്നു 'ട്രാൻസ്', ഫഹദിനും അമലിനും അതുപോലെ തന്നെയായിരിക്കുമെന്നും സംവിധായകൻ ഓൺമനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2013-ൽ പുറത്തിറങ്ങിയ ‘അഞ്ചു സുന്ദരികള്‍’ എന്ന ആന്തോളജിയിലെ ‘ആമി’ ആയിരുന്നു ട്രാൻസിന് മുമ്പ് മൂവരും ഒന്നിച്ച ചിത്രം. അതായിരുന്നു ഏറ്റവും ആസ്വദിച്ചും സമ്മർദ്ദങ്ങളില്ലാതെയും ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമെന്നും അൻവർ റഷീദ് പറയുന്നു. 'പിന്നീടും ഒരുമിച്ച് വർക്ക് ചെയ്യാനും ഞങ്ങളുടേതായ അനുഭവങ്ങൾ സിനിമകളിൽ കൊണ്ടുവരാനും നമ്മുടേതായ ഇടത്തിൽ നിന്നുകൊണ്ട് സിനിമ പിടിക്കാനും ഒക്കെ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് 'ട്രാൻസ്' സംഭവിക്കുന്നത്. ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രവും അതുതന്നെയാണ്. ഞങ്ങൾ മൂന്നു പേരെയും സംബന്ധിച്ച് 'ട്രാൻസ്' എന്ന സിനിമയിൽ നിന്ന് എന്ത് പ്രതിഫലം നേടുന്നു എന്നതിനേക്കാൾ പ്രധാനമായിരുന്നു സിനിമയ്ക്കുള്ളിലെ പ്രൊസസ്. ഫഹദും അമലും ഒരു രൂപ പോലും ട്രാൻസിന് പ്രതിഫലമായി ഈടാക്കിയിട്ടില്ല. അവരെന്നെ വിശ്വാസിച്ചതിനും തന്ന സൗഹൃദത്തിനും ആത്മവിശ്വാസത്തിനും എപ്പോഴും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു. മറ്റെല്ലാം നിസ്സാരമായിരുന്നു. അതായിരുന്നു ഞങ്ങൾക്ക് ട്രാൻസ്.' അൻവർ റഷീദ് പറയുന്നു
2012ല്‍ പുറത്തിറങ്ങിയ 'ഉസ്താദ് ഹോട്ടലി'ന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത മുഴുനീള ചിത്രമായിരുന്നു ‘ട്രാന്‍സ്’. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിച്ച ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി. വ്യത്യസ്ത ഗെറ്റപ്പുകളിലെത്തിയ വിജു പ്രസാദ് എന്ന കഥാപാത്രം ഫഹദിന്റെ കരിയർ ബെസ്റ്റ് കാരക്ടറുകളിൽ ഒന്നായിരുന്നു.