'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ
Published on

പുഷ്പ എന്ന സിനിമയ്ക്ക് കിട്ടിയ സ്വീകാര്യത വ്യക്തിപരമായും നടൻ എന്ന നിലക്കും വലിയ മാറ്റിമറിച്ചിൽ ഉണ്ടായെന്ന് വിശ്വസിക്കുന്നില്ലെന്ന് ഫഹദ് ഫാസിൽ. മലയാള സിനിമയിൽ തനിക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സിനിമകൾ മറ്റെവിടെയും ചെയ്യാൻ സാധിക്കില്ല എന്നും ഫഹദ് പറയുന്നു. ഈ പതിറ്റാണ്ടിന്റെ ഫൈനസ്റ്റ് ആക്ടർ വിക്കി കൗശൽ ആണെന്നും, ഇന്ത്യൻ സിനിമ നൽകിയ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ രാജ്‌കുമാർ റാവു ആണെന്നും, രാജ്യത്തെ ഏറ്റവും മികച്ച നടൻ രൺബീർ കപൂർ ആണെന്നും ഫഹദ് അഭിപ്രായപ്പെട്ടു. ഫിലിം കമ്പാനിയൻ എഡിറ്റർ അനുപമ ചോപ്രക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് സംസാരിച്ചത്.

ഫഹദ് ഫാസിൽ പറഞ്ഞത്;

പുഷ്പ എന്നിൽ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. ഞാൻ അത് സബ്ബു സാറിനോടും പറയാറുണ്ട്. നുണ പറയേണ്ട കാര്യമില്ലല്ലോ. പുഷ്പയിലെ എന്റെ കഥാപാത്രത്തിൽ നിന്ന് പ്രേക്ഷകർ മാജിക് പ്രതീക്ഷിക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. പുഷ്പ സബ്ബു സാറിനോടുള്ള സ്നേഹവും, അദ്ദേഹത്തോടൊപ്പമുള്ള കൊളാബറേഷനുമാണ്. എന്റെ ജോലി ഇവിടെയാണ്. ഞാനും, ഇവിടെയുള്ള എന്റെ സുഹൃത്തുക്കളും വിശ്വസിക്കുന്നത് വിക്കി കൗശൽ ആണ് ഈ പതിറ്റാണ്ടിന്റെ ഫൈനസ്റ്റ് എന്നാണ്. ഇന്ത്യ കൊടുത്ത ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് രാജ്‌കുമാർ റാവു. രൺബീർ രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാവാണ്. അതുകൊണ്ട് എനിക്കറിയില്ല ആളുകൾ എന്താണ് എന്നിൽ കാണുന്നത് എന്ന്. ഇവിടെ നിന്നുള്ള സിനിമകൾ കേരളത്തിന് പുറത്തു നിന്നുള്ള പ്രേക്ഷകർ ഫോളോ ചെയ്യാൻ തുടങ്ങിയപ്പോൾ അത്ഭുതമാണ് എനിക്ക് ആദ്യമുണ്ടായത്. അവർ കുമ്പളങ്ങി കാണുന്നു, ട്രാൻസ് കാണുന്നു. എന്താണ് അവരെ ഈ സിനിമകളിലേക്ക് കണക്റ്റ് ചെയ്യുന്നത് എന്ന് ഞാൻ ആലോചിച്ചിരുന്നു. അഭിനേതാക്കളെയും, പെർഫോമസുകളെയുമൊന്നുമല്ല, ഈ കലാരൂപത്തെയും, എങ്ങനെയാണ് കഥ പറയുന്നത് എന്നതിനെയുമൊക്കെയാണ് അവർ ഫോളോ ചെയ്യുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 2018-19 കാലത്താണ് ഇത് സംഭവിച്ചു തുടങ്ങുന്നത്. എന്നാൽ ഇന്ന് മലയാളികൾ അല്ലാത്ത കുടുംബങ്ങൾ മലയാളം സിനിമകൾ കാണുന്നത് ഒരു ശീലമാക്കി മാറ്റിയിട്ടുണ്ട്.

എങ്കിലും പുഷ്പ എന്നെ മാറ്റിമറിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഒരു പാൻ ഇന്ത്യൻ സ്റ്റാർ അല്ല. ഞാൻ ഒരു ആക്ടർ മാത്രമാണ്. എനിക്ക് പാൻ ഇന്ത്യയുമായി ഒന്നും ചെയ്യാനില്ല. ഞാൻ വിശ്വസിക്കുന്ന കാര്യങ്ങൾ ചെയ്തു പോകുന്നു. സിനിമകൾ ബിസിനസ് നടക്കുന്നുണ്ട്, പക്ഷെ അത് രണ്ടാമത് ആണ്. ഇവിടെ എനിക്ക് ചെയ്യാൻ സാധിക്കുന്ന സിനിമകൾ മറ്റെവിടെയും ചെയ്യാൻ കഴിയില്ല.

ജിതു മാധവൻ സംവിധാനം ചെയ്ത ആവേശമാണ് ഫഹദിൻറേതായി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം. 150 കോടി കടക്കുന്ന നാലാമത്തെ മലയാള ചിത്രമാണ് ആവേശം. ചിത്രം തുടർച്ചയായി 26-ആം ദിവസവും ഒരു കോടിയിൽ കൂടുതൽ കളക്ഷൻ നേടി മുന്നേറുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in