ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ രണ്ട് പാൻ ഇന്ത്യൻ ചിത്രങ്ങൾ പ്രഖ്യാപിച്ച് എസ്.എസ്.രാജമൗലിയുടെ മകൻ എസ്.എസ്.കാർത്തികേയ. ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമായ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ', സിദ്ധാർത്ഥ നദെല്ല ഒരുക്കുന്ന ഇമോഷണൽ ഡ്രാമയായ 'ഓക്സിജൻ' എന്നിവയാണ് പ്രഖ്യാപിച്ച ചിത്രങ്ങൾ. രണ്ടു സിനിമകളും അവതരിപ്പിക്കുന്നത് എസ് എസ് രാജമൗലിയാണ്. ബാഹുബലിയുടെ നിർമാതാക്കളായ അർകാ മീഡിയ വർക്സും കാർത്തികേയയുടെ ഷോവിങ് ബിസിനസ് എന്ന ബാനറും ചേർന്നാണ് രണ്ട് സിനിമകളും നിർമിക്കുന്നത്.
തെലുങ്ക്, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് രണ്ട് ചിത്രങ്ങളും ഒരുങ്ങുന്നത്. ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ 2025 ൽ റിലീസ് ചെയ്യും. ഓക്സിജന്റെ ഷൂട്ടിങ്ങും ഈ വർഷം ആരംഭിക്കും. കാർത്തികേയയുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ പ്രോജക്ടുകൾ. ബഹുമുഖ പ്രതിഭയും മിടുക്കനുമായ ഫഹദ് ഫാസിലിനൊപ്പം രണ്ട് സിനിമകളിൽ പ്രവർത്തിക്കുന്നത് ഞങ്ങൾക്ക് വളരെ ആവേശകരമാണെന്നും നവാഗത സംവിധായകരായ ശശാങ്കിനെയും സിദ്ധാർത്ഥയെയും ഞങ്ങൾ ഈ പ്രോജെക്ടിലൂടെ പരിചയപ്പെടുത്തുന്നെന്നും നിർമ്മാതാക്കളിൽ ഒരാളായ ഷോബു യാർലഗദ്ദ എക്സിൽ കുറിച്ചു.
കാർത്തികേയ ആദ്യമായി തെലുങ്കിൽ വിതരണത്തിനെടുത്ത ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു. സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രം പുഷ്പ ടു ആണ് ഫഹദിന്റേതായി ഇനി പുറത്തിറങ്ങുന്ന തെലുങ്ക് ചിത്രം. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘ആവേശം ആണ് മലയാളത്തിൽ ഇനി പുറത്തിറങ്ങാനുള്ള ഫഹദ് ഫാസിൽ സിനിമ. ചിത്രം ഏപ്രിൽ 11 ന് തിയറ്ററുകളിൽ എത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ റോയ് സംവിധാനം ചെയ്യുന്ന കരാട്ടേ ചന്ദ്രൻ, അൽത്താഫ് സലിം ചിത്രം ഓടും കുതിര ചാടുംകുതിര, സുധീഷ് ശങ്കറിന്റെ തമിഴ് ചിത്രം മാരീശൻ, രജനികാന്തിനൊപ്പം വേട്ടയ്യൻ എന്നിവയാണ് ഫഹദിന്റെ വരാനിരിക്കുന്ന മറ്റ് സിനിമകൾ.