'സിനിമകളിൽ മതം ഉപയോ​ഗിക്കുന്നതിൽ എനിക്ക് പരിമിതിയുണ്ട്'; പരുക്കൻ യാഥാർത്ഥ്യങ്ങൾ കേൾക്കാൻ പ്രേക്ഷകർ തയ്യാറാണെന്ന് കരുതുന്നില്ലെന്ന് ഫഹദ്

'സിനിമകളിൽ മതം ഉപയോ​ഗിക്കുന്നതിൽ എനിക്ക് പരിമിതിയുണ്ട്'; പരുക്കൻ യാഥാർത്ഥ്യങ്ങൾ കേൾക്കാൻ പ്രേക്ഷകർ തയ്യാറാണെന്ന് കരുതുന്നില്ലെന്ന് ഫഹദ്
Published on

തൻ്റെ സിനിമകളിൽ മതം കൈകാര്യം ചെയ്യുന്നതിൽ തനിക്ക് പരിമിതികളുണ്ട് എന്ന് നടൻ ഫഹദ് ഫാസിൽ. പ്രേക്ഷകർ വിനോദത്തിന് വേണ്ടിയാണ് സിനിമ കാണുന്നത് എന്നും ഇത്രയും പരുക്കൻ യാഥാർത്ഥ്യങ്ങൾ അവർ കേൾക്കാൻ തയ്യാറാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഫഹദ് പറയുന്നു. ട്രാൻസ് എന്ന ചിത്രത്തിനുണ്ടായിരുന്നു പ്രശ്നം അതായിരുന്നുവെന്നും ചിത്രത്തിന്റെ രണ്ടാം പകുതിയിൽ സിനിമയുടെ എന്റർടെയ്ൻമെന്റ് ഫാക്ടർ നഷ്ടപ്പെട്ടു പോയി എന്നതാണ് പരാജയത്തിന് കാരണമെന്നും ​ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ഫഹദ് പറ‍ഞ്ഞു.

ഫഹദ് പറഞ്ഞത്:

കേരളത്തിലെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എനിക്ക് പരിമിതികളുണ്ട്. എനിക്ക് തോന്നുന്നില്ല ആളുകൾ ഇത്രയും ഹാർഷായിട്ടുള്ള റിയാലിറ്റി കേൾക്കാൻ തയ്യാറാണ് എന്ന്. അവർ എന്റർടെയ്ൻ ആവാനാണ് ആ​ഗ്രഹിക്കുന്നത്. ട്രാൻസിന് ആ എന്റർടെയ്ൻമെന്റ് ഫാക്ടർ ഉണ്ടായിരുന്നില്ല. ബോധവൽക്കരണവും അതുപോലുള്ള കാര്യങ്ങളും ധാരാളം ഉണ്ടായിരുന്നു, ഏതോ ഒരു ഘട്ടത്തിൽ അതിലെ എന്റർടെയ്ൻമെന്റ് ഫാക്ടർ എടുത്തു കളയപ്പെട്ടു. അവിടെയാണ് ഞങ്ങൾ പരാജയപ്പെട്ടത്. ട്രാൻസിൻ്റെ രണ്ടാം പകുതിയിൽ തിരുത്തൽ വരുത്തിയാൽ ഒരുപാട് വ്യത്യാസം ഉണ്ടാകും. പക്ഷേ കേരളത്തിൽ ഞാൻ കുറച്ചു കാലത്തേക്ക് മതത്തെ തൊടില്ല.

അന്‍വര്‍ റഷീദിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ട്രാൻസ്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിച്ച ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി. വ്യത്യസ്ത ഗെറ്റപ്പുകളിലെത്തിയ വിജു പ്രസാദ് എന്ന കഥാപാത്രം ഫഹദിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in