ബോളിവുഡ് അരങ്ങേറ്റം എപ്പോള്‍?; ഫഹദ് ഫാസിലിന്റെ മറുപടി

ബോളിവുഡ് അരങ്ങേറ്റം എപ്പോള്‍?; ഫഹദ് ഫാസിലിന്റെ മറുപടി
Published on

ബോളിവുഡ് സിനിമകളിലേക്ക് എന്നാണെന്ന ചോദ്യത്തിന് ഫഹദ് ഫാസിലിന്റെ മറുപടി. വിശാൽ ഭരദ്വാജ് ചിത്രത്തിൽ സഹകരിക്കുമെന്ന സൂചനയാണ് ഫഹദ് ഫാസിൽ ഫിലിം കമ്പാനിയൻ അഭിമുഖത്തിൽ നൽകിയത്. ബോളിവുഡിൽ നിന്ന് അവസരങ്ങൾ വന്നിട്ടുണ്ട്. ചെയ്യാമെന്ന് ആത്മവിശ്വാസം തോന്നുന്ന ഒന്ന് തിരഞ്ഞെടുക്കണമെന്നാണ് കരുതുന്നതെന്നും ഫഹദ് അനുപമാ ചോപ്രയ്ക്കും ഭരദ്വാജ് രംഗനുമായി നൽകിയ അഭിമുഖത്തിൽ പറയുന്നു.

വിശാൽ ഭരദ്വാജ് അയച്ചുതന്ന തിരക്കഥയിൽ താല്പര്യം തോന്നിയിട്ടുണ്ട്, സിനിമ വൈകാതെ യാഥാർത്ഥ്യമാക്കൂ എന്നാണ് അദ്ദേഹത്തോട് അവസാനമായി സംസാരിച്ചപ്പോൾ പറഞ്ഞത്. ബോളിവുഡിൽ ഒരു ചിത്രം ഉടൻ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കാത്തിരുന്നു കാണാമെന്നും ഫഹദ് പറയുന്നു.

2015 ൽ ഇറങ്ങിയ 'പികു' എന്ന ചിത്രം മികച്ചതായി തോന്നി, കഴിഞ്ഞ 10 വർഷത്തിൽ ബോളിവുഡിൽ സംഭവിച്ച വലിയ നേട്ടങ്ങളിലൊന്നാണ് ഈ ചിത്രമെന്നും ഫഹദ് ഫാസിൽ പറഞ്ഞു. മേഘ്ന ഗുൽസാർ, സോയ അക്തർ തുടങ്ങിയ സംവിധായകരോടുളള തന്റെ ഇഷ്ടവും ഫഹദ് അഭിമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്.

ഫഹദ് ഫാസിൽ പറഞ്ഞത്:

ഹിന്ദി ചിത്രം ചെയ്യാൻ മടിയുണ്ടാക്കുന്ന ഒരു കാര്യം ഭാഷയാണ്. മലയാളത്തിൽ ഞാൻ ചെയ്ത സിനിമകൾ കണ്ട് മുംബൈയിൽ നിന്നും മറ്റ് ഭാഷാ സിനിമകളിൽ നിന്ന് ആളുകൾ വിളിക്കുന്നതാണ് ഞാൻ വലിയ കാര്യമായി കാണുന്നത്. 22 ഫിമെയിൽ കോട്ടയം മലയാളത്തിൽ അല്ലാതെ മറ്റൊരു ഭാഷയിൽ എനിക്ക് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നില്ല. തൊണ്ടിമുതൽ പോലൊരു മലയാളം സിനിമ മറ്റൊരു ഭാഷയിൽ നിന്ന് എനിക്ക് ലഭിക്കുമെന്ന് കരുതുന്നില്ല. എന്റെ സിനിമ ഇവിടെയാണ്, മലയാളത്തിൽ. മേഘ്‌നാ ഗുൽസാറിനെയും സോയാ അക്തറിനെയും ഇഷ്ടമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ പിറന്ന മികച്ച ഇന്ത്യൻ സിനിമകളിലൊന്നാണ് പികു. വിശാൽ ഭരദ്വാജ് സർ അയച്ചുതന്ന സ്‌ക്രിപ്റ്റ് അതിമനോഹരമാണ്. അത് ചെയ്യാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ഏപ്രിൽ റിലീസ് മാറ്റിവച്ച മഹേഷ് നാരായണൻ ചിത്രം മാലിക് ആണ് അടുത്തതായി പ്രേക്ഷകർ കാത്തിരിക്കുന്ന ഫഹദ് ചിത്രം. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് മാലിക്. മഹേഷ് നാരായണന്റെ സംവിധാനത്തിൽ സീ യു സൂൺ എന്ന സിനിമയിൽ അഭിനയിക്കുകയാണ് ഫഹദ് ഫാസിൽ. റോഷൻ മാത്യു, ദർശനാ രാജേന്ദ്രൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഐ ഫോണിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് സീ യു സൂൺ.

Related Stories

No stories found.
logo
The Cue
www.thecue.in