46മത് മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് നിവിൻ പോളി ചിത്രമായ ഏഴ് കടൽ ഏഴ് മലൈ. 'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്' എന്ന കാറ്റഗറിയിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിൽ 19 മുതൽ 26 വരെയാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തങ്ങളുടെ ചിത്രം പ്രദർശിപ്പിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നിവിൻ പോളി സോഷ്യൽ മീഡിയയിൽ കുറിച്ചു. പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
നേരത്തെ റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏഴ് കടൽ ഏഴ് മലൈ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് ചിത്രം മത്സരിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരച്ച ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. നിവിൻ പോളിയ്‌ക്കൊപ്പം സൂരിയും അഞ്ജലിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രണയത്തിന് വേണ്ടി കാലങ്ങളും നാടുകളും താണ്ടി സഞ്ചരിക്കുന്ന നായകന്റെ കഥയായിരിക്കും ചിത്രം എന്നാണ് ടീസർ നൽകിയ സൂചന.
വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം: എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.