സൈബർ ആക്രമണത്തിന് വിധേയരാകുന്നവരുടെ അവസ്ഥ താനും അനുഭവിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ രമേശ് നാരായണിന്റെ അവസ്ഥ തനിക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും നടൻ ആസിഫ് അലി. ദീലീപ് വിഷയത്തിൽ അമ്മ എക്സിക്യൂട്ടീവ് കമ്മറ്റി ചേർന്ന് എടുത്ത പ്രസ്സ് റിലീസ് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിന് പിന്നാലെ തനിക്ക് നേരെ നടന്ന സെെബർ ആക്രമണത്തിൽ കരിയറും ജീവിതത്തിലെ സമാധാനവും തീർന്നു എന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ആസിഫ് അലി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആസിഫ് അലി പറഞ്ഞത്:
എനിക്ക് അനുഭവപ്പെട്ട സത്യസന്ധമായ കാര്യമാണ് ഞാൻ പ്രസ്സ് മീറ്റിൽ പറഞ്ഞത്. എനിക്ക് അങ്ങനെയൊരു ഇൻസൾട്ട് അവിടെ ഫീൽ ചെയ്തിട്ടില്ല. സാധാരണയായി ഒരു അവാർഡ് കൊടുക്കുമ്പോൾ കിട്ടേണ്ട ഒരു ചിരിയോ പരിഗണനയോ കിട്ടിയില്ല എന്നത് അതിന്റെ ഫുട്ടേജ് കണ്ടപ്പോഴാണ് മനസ്സിലായത്. പക്ഷേ ആ നിമിഷത്തിൽ എനിക്ക് അത് അങ്ങനെ തോന്നിയിട്ടില്ല. പിറ്റേ ദിവസം ഉച്ഛയ്ക്ക് ഞാൻ ഉറങ്ങി എഴുന്നേൽക്കുമ്പോഴാണ് സോഷ്യൽ മീഡിയയിൽ ഇതിന് മറ്റൊരു വ്യഖ്യാനം വന്നു എന്നത് ഞാൻ അറിഞ്ഞതും അദ്ദേഹത്തിന് എതിരെ ഭീകരമായ രീതിയിൽ സെെബർ അറ്റാക്ക് നടക്കുന്നുണ്ട് എന്നും ഞാൻ മനസ്സിലാക്കിയത്.
ഞാൻ വളരെ അപൂർവ്വമായിട്ടേ പൊളിറ്റിക്കലായിട്ടുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഞാൻ പങ്കുവയ്ക്കാറുള്ളൂ. എനിക്ക് ശരി എന്ന് തോന്നുന്നത് മാത്രമേ ഞാൻ പറയാറുള്ളൂ. പലപ്പോഴും സോഷ്യൽ മീഡിയ വഴി ഒരു അഭിപ്രായം അറിയിച്ചത് കൊണ്ട് അത് പൂർണ്ണമായി എന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. അത് പറഞ്ഞിട്ടുണ്ടെങ്കിൽ അത് നൂറ് ശതമാനം ഉറച്ച് നിൽക്കണമെന്ന് വിശ്വസിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ. അങ്ങനെ പറഞ്ഞപ്പോഴാണെങ്കിലും ചില സിനിമകളുടെ റിവ്യു വരുമ്പോഴാണെങ്കിലും ഈ സെെബർ അറ്റാക്ക് നേരിട്ടിട്ടുള്ള ഒരാൾ തന്നെയാണ് ഞാൻ. ആ ഒരു രാത്രി അതിജീവിക്കാൻ എത്ര ബുദ്ധിമുട്ട് വരും എന്ന് എനിക്കും എന്റെ കൂടെയുള്ളവർക്കും അറിയാം. അദ്ദേഹത്തിന് ഒരുപക്ഷേ ഇത് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരിക്കാം.
ദിലീപേട്ടന്റെ വിഷയത്തിൽ അമ്മ എക്സിക്യൂട്ടീവ് കമ്മറ്റി ചേർന്ന് എടുത്ത പ്രസ്സ് റിലീസ് ഞാൻ പറഞ്ഞ ദിവസം രാത്രിയിൽ എനിക്കുണ്ടായ സോഷ്യൽ മീഡിയ അറ്റാക്കിൽ എന്റെ കരിയറും ജീവിതത്തിലെ സമാധാനവും തീർന്നു എന്ന് ഞാൻ വിചാരിച്ചിരുന്നു. നമ്മൾ അത് പറഞ്ഞത് എത്ര ഉദ്ദേശ ശുദ്ധിയോടെ ആണെന്ന് എത്ര പേരെ പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കും.
ഞാൻ വളരെ ജനുവിനായിട്ടും പറയാൻ ആഗ്രഹിച്ചിട്ടുള്ളതുമായ കാര്യങ്ങളാണ് ഞാൻ ആ പ്രസ്സ് മീറ്റിൽ പറഞ്ഞത്. അത് പറഞ്ഞ രീതിയെക്കുറിച്ച് ഒരുപാട് ആളുകൾ മുന്നോട്ട് വന്നു എന്നോട് പറഞ്ഞു. ഒരുപാട് പൊളിറ്റീഷ്യൻസ് എന്നെ വിളിച്ചിട്ട് പറഞ്ഞു ഞങ്ങൾക്ക് പോലും ഇങ്ങനെ സംസാരിക്കാൻ പറ്റില്ല. എനിക്ക് തോന്നുന്നു അദ്ദേഹത്തിനുണ്ടായ അതുപോലെ തന്നെയുള്ള അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളത് കൊണ്ട് അദ്ദേഹത്തിനുണ്ടായ അവസ്ഥ മനസ്സിലാക്കാൻ എനിക്ക് സാധിച്ചു എന്നാണ്. എനിക്ക് കൃത്യമായ ക്ലാരിറ്റിയിൽ അത് പറഞ്ഞു മനസ്സിലാക്കാൻ സാധിച്ചു. എല്ലാവരും അഭിനന്ദിച്ചു കൊണ്ടാണ് എന്നോട് ആ കാര്യത്തെക്കുറിച്ച് സംസാരിച്ചത്.