'എൻജോയ് എഞ്ചാമി' തേയിലത്തോട്ടത്തില്‍ അടിമകളായിരുന്ന തന്റെ പൂര്‍വികരുടെ ചരിത്രമല്ലാതാകുന്നില്ലെന്ന് ഗായകന്‍ അറിവ്. ആ പാട്ടെഴുതുന്നതിന് തന്നെ ആരും ഒരു തരത്തിലും സഹായിച്ചിട്ടില്ല. എന്‍ജോയി എഞ്ചാമി പോലെ തന്നെ താന്‍ ഇനി എഴുതുന്ന പാട്ടുകളിലും തന്റെ പൂര്‍വികര്‍ അടിച്ചമര്‍ത്തപ്പെട്ടതിന്റെ അടയാളം ഉണ്ടായിരിക്കുമെന്നും അറിവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'എന്‌ജോയ് എഞ്ചാമി' എന്ന ഗാനം ഗായകരായ ധീയും മാരിയമ്മാളും തമിഴ്‌നാട്ടില്‍ നടന്ന ചെസ്സ് ഒളിംപ്യാഡില്‍ അവതരിപ്പിച്ചിരുന്നു. ഗാനരചയ്താവായ അറിവിനെ പരിപാടിയില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. അറിവിന്റെ പങ്ക് ഗാനത്തിന്റെ വിജയത്തില്‍ നിര്‍ണായകമായതുകൊണ്ടും വേദിയിലെ അറിവിന്റെ അഭാവം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അറിവ് എഞ്ചോയി എഞ്ചാമിയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചത്.
'അറിവില്ലാതെ FIDE ചെസ്സ് ഒളിമ്പ്യാഡ് 2022 ഉദ്ഘാടന പ്രകടനം കണ്ടപ്പോള്‍ ഞാനും ആശ്ചര്യപ്പെട്ടു!', 'ഇത് നിങ്ങളുടെ പാട്ടാണ്, നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ്വികരുടെയും രക്തവും വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്', എന്നിങ്ങനെ പലരും കമ്മന്റ് ചെയ്തിരുന്നു. അറിവിനെ പിന്തുണച്ച് മുഹ്സിന്‍ പരാരി, സൂരജ് സന്തോഷ് എന്നിവരും കമന്റ് ചെയ്തിട്ടുണ്ട്.
ഇന്‍സ്റ്റാഗ്രാം കുറിപ്പിന്റെ പൂര്‍ണരൂപം
"ഞാന്‍ കംപോസ് ചെയ്ത, ഞാന്‍ തന്നെ എഴുതി, പാടി, അവതരിപ്പിച്ച 'എന്‌ജോയ് എഞ്ചാമി'. ഈ പാട്ടെഴുതാന്‍ എനിക്ക് ആരും ട്യൂണോ, മെലോഡിയോ, ഒരു വാക്കോ പറഞ്ഞ് തന്നിട്ടില്ല. ഈ പാട്ടിന് വേണ്ടി ഏകദേശം 6 മാസത്തോളം ഞാന്‍ ഉറക്കമില്ലാതെ സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ രാത്രിയും പകലും ചിലവഴിച്ചിരുന്നു.
'എൻജോയ് എഞ്ചാമി'യ്ക്ക് വേണ്ടി നടന്നത് മികച്ച ടീം വര്‍ക്കാണെന്നതില്‍ സംശയമില്ല. അത് എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരുമെന്നതിലും സംശയമില്ല. പക്ഷേ അതിനര്‍ത്ഥം ഇത് വള്ളിയമ്മാളിന്റെയോ എന്റെ തേയിലത്തോട്ടത്തിലെ അടിമകളായിരുന്ന പൂര്‍വികരുടെയോ ചരിത്രമല്ലെന്നല്ല. ഈ പാട്ട് പോലെ തന്നെ എന്റെ ഓരോ പാട്ടിനും എന്റെ പൂര്‍വികര്‍ അടിച്ചമര്‍ത്തപ്പെട്ടതിന്റെ അടയാളം ഉണ്ടായിരിക്കും.
10,000 കണക്കിന് നാടന്‍ പാട്ടുകളുണ്ട് ഈ നാട്ടില്‍. എന്റെ പൂര്‍വ്വികരുടെ ശ്വാസം, അവരുടെ വേദന, ജീവിതം, സ്‌നേഹം, അവരുടെ ചെറുത്തുനില്‍പ്പ്, അവരുടെ അസ്തിത്വത്തെ കുറിച്ചുള്ള എല്ലാം ഉള്‍ക്കൊള്ളുന്ന ഗാനങ്ങള്‍. എല്ലാം മനോഹരമായ ഗാനങ്ങളിലൂടെ നിങ്ങളോട് സംസാരിക്കുന്നു. രക്തവും വിയര്‍പ്പും കലര്‍ന്ന വിമോചന കലകളുടെ ഈണങ്ങളായി മാറിയ ഒരു തലമുറയാണ് നമ്മുടേത്. പാട്ടുകളിലൂടെ നാം പൈതൃകം കൊണ്ടുപോകുന്നു. നിങ്ങള്‍ ഉറങ്ങുമ്പോള്‍ ആര്‍ക്കും നിങ്ങളുടെ നിധി അപഹരിക്കാം. നിങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഒരിക്കലും അതിന് അവര്‍ക്ക് സാധിക്കില്ല. ജയ്ഭീം. അവസാനം എപ്പോഴും സത്യം ജയിക്കും."
നേരത്തെ, പ്രശസ്ത സംഗീത മാസികയായ 'റോളിംഗ് സ്റ്റോണ്‍ ഇന്ത്യ'യില്‍ ഈ ഗാനത്തെ പ്രശംസിച്ചുകൊണ്ടുള്ള ഒരു റെക്കോര്‍ഡ് പരാമര്‍ശിച്ചപ്പോള്‍ അറിവിന്റെ പേരുണ്ടായിരുന്നില്ല. ഇത് വിവാദവുമായിരുന്നു.
സന്തോഷ് നാരയണൻ നിർമിച്ച് 'എന്ജോയ് എഞ്ചാമി' 2021 മാർച്ചിലാണ് റിലീസ് ചെയ്തത്. റിലീസിന് ശേഷം ഗാനം വ്യാപകമായി പ്രശംസ നേടിയിരുന്നു.