'ദ ക്യാമറാസ് സ്റ്റാർട്ട് റോളിങ്ങ്'; ഖുറേഷി അബ്രാമിന്റെ എമ്പുരാൻ തുടങ്ങി

'ദ ക്യാമറാസ് സ്റ്റാർട്ട് റോളിങ്ങ്'; ഖുറേഷി അബ്രാമിന്റെ എമ്പുരാൻ തുടങ്ങി
Published on

പ്രഖ്യാപന ഘട്ടം മുതല്‍ മലയാളത്തില്‍ ഏറ്റവുമധികം പ്രതീക്ഷ തീര്‍ത്ത പ്രൊജക്ടായ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചു. ദില്ലിയിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരിക്കുന്നത്. ലൂസിഫറിന്റെ നിർമാതാക്കളായ ആശിർവാദ് സിനിമാസിനൊപ്പം പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ലെക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലെെക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ. ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണ് ദില്ലിയിലുള്ളത് എന്നാണ് വിവരം. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.

'എമ്പുരാന്‍' വലിയ കാന്‍വാസിലാണ് ചിത്രീകരിക്കാന്‍ പോകുന്നതെന്നും അതൊരു മലയാള സിനിമയായിട്ടേ കണക്കാക്കാന്‍ പറ്റില്ലെന്നുമാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. അതീവ ഗൗരവമുള്ളൊരു വിഷയമാണ് ലൂസിഫറില്‍ പറഞ്ഞത്. എമ്പുരാനും യൂണിവേഴ്സലായുള്ള പ്രശ്നം കൈകാര്യം ചെയ്യുന്ന അത്തരമൊരു ലോകത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാകും എന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോ​ഹൻലാൽ നായകനായെത്തിയ ചിത്രമാണ് ലൂസിഫർ. 2019 മാര്‍ച്ച് 19 നാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച 'ലൂസിഫര്‍' തിയറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ ലൂസിഫര്‍ മലയാളത്തില്‍ ആദ്യമായി 200 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന സിനിമയായി മാറി. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിൽ മഞ്ജു വാരിയർ, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, സായ് കുമാർ, കലാഭവൻ ഷാജോൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. കേരള രാഷ്ട്രീയത്തിലെ പ്രബലനായ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നേതാവ് രാജ്യാന്തര വേരുകളുള്ള ഖുറേഷി അബ്രാം എന്ന അധോലോക നായകനാണെന്ന് സൂചനകള്‍ നല്‍കുന്നിടത്താണ് 'ലൂസിഫര്‍' അവസാനിപ്പിച്ചത്. ഖുറേഷി അബ്രാമിനെ കേന്ദ്രീകരിച്ചാണ് 'എമ്പുരാന്‍' കഥ പറയുക.

Related Stories

No stories found.
logo
The Cue
www.thecue.in