പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്' വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ പ്രേക്ഷകര്‍. അടുത്തിടെ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായ വിവരം മുരളി ഗോപി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ പൃഥ്വിരാജും 'എമ്പുരാനെ' കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ്.
തനിക്ക് ഒരു അവകാശവാദങ്ങളും പറയാനില്ല. 'എമ്പുരാന്‍' ഒരു എന്റര്‍ട്ടെയിനര്‍ ആണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ട്വിറ്റര്‍ സ്‌പേസില്‍ നടന്ന സംഭാഷണത്തിലായിരുന്നു പൃഥ്വിയുടെ പരാമര്‍ശം.
'എമ്പുരാന്റെ' തിരക്കഥ ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി ഞാനും മുരളിയും കൂടി ഒരുമിച്ച് ഇരുന്ന് എങ്ങനെയാണ് സിനിമ എടുക്കുന്നതെന്ന തീരുമാനത്തിലെത്തണം. പിന്നെ ഞാന്‍ എങ്ങനെയാണ് ഷൂട്ട് ചെയ്യാന്‍ പോകുന്നതെന്ന് ഡിസൈന്‍ ചെയ്യും. സിനിമയെ കുറിച്ച് എനിക്ക് അവകാശവാദങ്ങളൊന്നും ഇല്ല. 'എമ്പുരാന്‍' ഒരു എന്റര്‍ട്ടെയിനര്‍ ആണ്.
പൃഥ്വിരാജ്
മോഹന്‍ലാലിന്റെ 62-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് അടുത്ത വര്‍ഷം വീണ്ടും വരുമെന്ന് പറഞ്ഞിരുന്നു. 'എമ്പുരാന്റെ' ഷൂട്ടിംഗ് അടുത്ത വര്‍ഷമുണ്ടാകുമെന്ന് തന്നെയാണ് സൂചന. നേരത്തെ ചിത്രത്തിന്റെ ഓപ്പണിംഗ് ഷോട്ട് മുതല്‍ മനസിലുണ്ടെന്ന് പൃഥ്വി 'ദ ക്യു' അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മലയാളത്തില്‍ ആദ്യമായി 200 കോടി കളക്ഷന്‍ നേടിയ ചിത്രമാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'ലൂസിഫര്‍'. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു ലൂസിഫറില്‍ മോഹന്‍ലാല്‍ എത്തിയത്. വിവേക് ഒബ്റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായിരുന്നു.
ഖുറേഷി എബ്രഹം എന്ന് പേരുള്ള രാജ്യാന്തര സ്വാധീനമുള്ള ഡോണ്‍ ആണ് സ്റ്റീഫന്‍ എന്ന് പറഞ്ഞുവച്ചാണ് 'ലൂസിഫര്‍' അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ലൂസിഫറിന്റെ സീക്വലായ എമ്പുരാന്‍ പ്രഖ്യാപനം സമയം മുതലെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും മുഴുനീള കഥാപാത്രമായെത്തുന്ന ചിത്രവുമാണ് 'എമ്പുരാന്‍'.